ENTERTAINMENT

കാലത്തിനൊപ്പം ചുവടുവെയ്ക്കുന്ന 'കില്‍', ഒരു അസ്സല്‍ ത്രില്ലര്‍

പ്രേക്ഷകന് മറ്റൊന്നും ചിന്തിക്കാന്‍ ഇടനല്‍കാതെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ പിടിച്ചിരുത്തും 'കില്‍'. ആദ്യാവസാനം വരെ സിനിമയുടെ ഴോണറിനോട് നീതി പുലര്‍ത്തിയ ചിത്രം

റിബിന്‍ കരീം

സിനിമയുടെ ദൃശ്യസാധ്യതകള്‍ അളന്നുമുറിച്ചും യഥേഷ്ടം ഉപയോഗിക്കാനും പരീക്ഷണങ്ങള്‍ നടത്താനുമൊക്കെ സംവിധായകന് സ്വാതന്ത്ര്യം കൊടുക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നവയാണ് 'ത്രില്ലറുകള്‍'. ഈ ഗണത്തിലേക്ക് തീര്‍ച്ചയായും ചേര്‍ത്തുവെയ്‌ക്കേണ്ട പേരാണ് നിഖില്‍ നാഗേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 'കില്‍'. പ്രേക്ഷകന് മറ്റൊന്നും ചിന്തിക്കാന്‍ ഇടനല്‍കാതെ ഒന്നേമുക്കാല്‍ മണിക്കൂര്‍ പിടിച്ചിരുത്തും കില്‍. ആദ്യാവസാനം വരെ സിനിമയുടെ ഴോണറിനോട് നീതി പുലര്‍ത്തിയ ചിത്രം.

അമൃത് എന്ന കമാന്‍ഡോയുടെ ട്രെയിന്‍ യാത്രയില്‍ നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ട്രെയിനിലാണ് സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത്. നായകന്‍ ട്രെയിനില്‍ കയറിക്കഴിഞ്ഞാല്‍, കില്‍ ഒരൊറ്റ ലൊക്കേഷന്‍ ത്രില്ലറായി മാറുന്നു, സംവിധായകന്‍ നിഖില്‍ ആ ലിമിറ്റഡ് സ്പേസിന്റെ പരിമിതികള്‍ക്കകത്തുനിന്ന് ഭംഗിയായി തന്റെ ജോലി നിര്‍വഹിച്ചിട്ടുണ്ട്. ജോണ്‍ വിക്, ദ റെയ്‌ഡ് റിഡംപ്ഷൻ 1 & 2, പോളാർ, ദ മാൻ ഫ്രം നൗവേർ തുടങ്ങിയ ജനപ്രിയ ആക്ഷന്‍ ചിത്രങ്ങളുടെ ചുവടുപിടിച്ചാണ് സംവിധായകന്‍ കിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന സിനിമയ്ക്കു പതിവ് ബോളിവുഡ് നടപ്പുരീതികള്‍ പിന്തുടര്‍ന്ന് നായകന് ഒരു ബാക്ക് സ്റ്റോറി കൊടുക്കുന്നുണ്ട് സംവിധായകന്‍. എന്നാല്‍ ആദ്യത്തെ പത്തിരുപത് മിനുട്ടിലെ പതിഞ്ഞ താളം വരാനിരിക്കുന്ന പേമാരിയുടെ സൂചന മാത്രമായിരുന്നുവെന്ന് ക്ലൈമാക്‌സ് എത്തുമ്പോഴേക്കും പ്രേക്ഷകര്‍ക്കു മനസിലാകും.

തോക്കുകളുടെയും മറ്റു നൂതന ഉപകരണങ്ങളുടെയും ഉപയോഗം പരമാവധി കുറച്ചുകൊണ്ട് എന്നാല്‍ പ്രേക്ഷകന് അഡ്രിനാലിന്‍ റഷ് നല്‍കുന്ന സംഘട്ടന രംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കില്ലിന്റെ ഫൈറ്റ് മാസ്റ്ററും അത് ക്യാമറയില്‍ പകര്‍ത്തുന്നതില്‍ സംവിധായകനും വിജയിച്ചിട്ടുണ്ട്. വലിയ സെറ്റുകളും മറ്റും നിര്‍മിച്ച് വലിയ ക്യാന്‍വാസില്‍ ചെയ്യുന്ന ആക്ഷന്‍ രംഗങ്ങളെക്കാള്‍ ചെറിയ സ്‌പേസില്‍ ലിമിറ്റഡ് പ്രോപ്പര്‍ട്ടീസ് ഉപയോഗിച്ച് കൊണ്ടൊരു ആക്ഷന്‍ ത്രില്ലര്‍ ഉണ്ടാക്കുകയെന്ന ശ്രമകരമായ ദൗത്യം മികച്ച രീതയിൽ ‍അണിയറ പ്രവര്‍ത്തകര്‍ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്.

ട്രെയിനിനകത്തെ സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റില്‍ കര്‍ട്ടനുകള്‍ പോലും ക്രിയേറ്റിവായി സീനുകള്‍ ഗംഭീരമാക്കാന്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ യഥാര്‍ഥ അനുഭവം പ്രേക്ഷകരില്‍ എത്തിക്കാന്‍ ഇത്തരം വ്യത്യസ്ത രംഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സംവിധായകര്‍ സ്വാതന്ത്ര്യത്തോടെ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സിനിമയെന്ന കല അതിന്റെ പൂര്‍ണതയില്‍ പ്രേക്ഷകരിലെത്തുമെന്നതിന് കില്‍ സമീപകാലത്തെ ഉദാഹരണമാണ്.

സിനിമയില്‍ നിന്നൊരു ദൃശ്യം

''ഒരാള്‍ക്ക് കുത്തേല്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ മുഖംതിരിക്കും, എന്നാല്‍ സിനിമയില്‍ ഞങ്ങള്‍ പശ്ചാത്തല സംഗീതവും മറ്റും ഉപയോഗിച്ച് രസകരമാക്കുമ്പോള്‍ എല്ലാവരും അത് അസ്വദിക്കുന്നു. കാരണം അത് യാഥാര്‍ത്ഥ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം,'' എന്ന് പറഞ്ഞത് ലോകേഷ് കനകരാജാണ്. ആ അര്‍ത്ഥത്തില്‍ കില്ലിലെ ആക്ഷന്‍ രംഗങ്ങള്‍ ആ ഴോണറിലുള്ള സിനിമ പ്രേമികളെ സംബന്ധിച്ച് മികച്ച അനുഭവമായിരിക്കും.

ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോര്‍, ശബ്ദവിന്യാസം എന്നിവ എടുത്തുപറയാതെ വയ്യ, അത്രമേല്‍ ഗംഭീരം. സംഗീതോപകരണങ്ങളുടേയോ ഹാര്‍ഡ് റോക്ക് ഗാനങ്ങളുടേയോ അതിപ്രസരമില്ലാതെ തന്നെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിപ്പിക്കാന്‍ ഇരുവിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട്. പുതിയ ആക്ഷന്‍ ചിത്രങ്ങളുടെ ക്യാമറ ശൈലിയും ഏറെ മാറിയിട്ടുണ്ട്.

നിരന്തരം മാറിമറിയുന്ന ക്യാമറ, റാപിഡായ കട്ടുകള്‍. ക്ലോസപ്പ് ഷോട്ടുകളും മീഡിയം ഷോട്ടുകളും കൊണ്ട് ഷൂട്ട് ചെയ്യുന്ന ആക്ഷന്‍. സ്‌ക്രീനില്‍ കഥാപാത്രത്തിനു കിട്ടുന്ന അടി പ്രേക്ഷകനു കിട്ടുന്നപോലെ അനുഭവഭേദ്യമാക്കാന്‍ കപ്പാസിറ്റിയുള്ള ചില സംവിധായരുടെ കൂട്ടത്തിലേക്ക് നിഖില്‍ നാഗേഷും കടന്നുചെല്ലുന്നു. മാര്‍ഷല്‍ ആര്‍ട്സില്‍ പരിശീലനം നേടിക്കൊണ്ടുള്ള നായകന്റെയും വില്ലന്റെയും ഇടപെടല്‍ സിനിമയെ സഹായിക്കുന്നുണ്ടെങ്കിലും സീനുകള്‍ ക്രാഫ്റ്റ് ചെയ്യുന്നതിലും ആക്ഷന്‍ കോറിയോഗ്രഫി ചെയ്യുന്നതിലുമുള്ള സംവിധായകന്റെ മികവാണ് ഇവിടെ ആവര്‍ത്തിച്ചുപറയേണ്ടത്.

നിരവധി വയലന്‍സ് രംഗങ്ങളും രക്തച്ചൊരിച്ചിലും കില്ലില്‍ നമുക്ക് കാണാനാകും. എന്നാല്‍ സിനിമകളിലെ വയലന്‍സ് ഉള്ളടക്കത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുള്ള ഒരു സമൂഹമാണ് നമ്മുടേത്. ബുന്വേലിന്റെ 'ദി അന്താലൂഷ്യന്‍ ഡോഗ്' എന്ന സിനിമയില്‍ ക്ഷൗരക്കത്തികൊണ്ട് കണ്ണ് കീറുന്ന ഒരു രംഗമുണ്ട്. ഇതിലൂടെ നമുക്കുവേണ്ട ഒരു പുതിയ സിനിമാക്കാഴ്ചയെക്കുറിച്ചാണ് ബുന്വേല്‍ പറയുന്നതെന്നാണ് ചില സിനിമ നിരീക്ഷകരുടെ വാദം. മറ്റൊരു വിഭാഗം വയലന്‍സ് രംഗങ്ങള്‍ കുട്ടികളിലും മറ്റും ഉണ്ടാക്കുന്ന തെറ്റായ ഇംപാക്റ്റിനെക്കുറിച്ചും മറ്റും ചൂണ്ടി കാണിച്ച് കൊണ്ട് അത്തരം ചിത്രങ്ങളെ വിമര്‍ശിക്കാറുമുണ്ട്. എന്തായാലും പോപ്പുലര്‍ കൊമേഷ്യല്‍ സിനിമകളുടെ കൂട്ടത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിഭാഗമായി ഇത്തരം ഹൈ വോള്‍ട്ടേജ് വയലന്റ് മൂവികള്‍ മാറിയിട്ടുണ്ട്.

സിനിമയില്‍ നിന്നൊരു ദൃശ്യം

തൊണ്ണൂറുകള്‍ക്കുശേഷം വിരലിലെണ്ണാവുന്ന കലാമൂല്യ ചിത്രങ്ങള്‍ മാത്രമേ ഓരോ വര്‍ഷവും ബോളിവുഡില്‍നിന്ന് പുറത്തിങ്ങാറുള്ളൂ, എങ്കിലും പോപ്പുലര്‍ കൊമേഷ്യല്‍ സിനിമകള്‍ വിവിധ ഴോണറുകളില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ ബജറ്റില്‍ നിര്‍മിച്ച്, കോടികള്‍ മുടക്കി പി ആര്‍ ചെയ്തു ബോക്സ് ഓഫീസില്‍ ദയനീയമായി പരാജയപ്പെടുന്ന ചിത്രങ്ങളുടെ ക്രമാതീതമായി വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഒരുപക്ഷേ നാഗേഷിനെ പോലെയുള്ള സംവിധായകരും കില്‍ പോലെയുള്ള സിനിമകളും കാലത്തിനൊപ്പം ചുവടുവെയ്ക്കാന്‍ പെടാപ്പാട് പെടുന്ന ഹിന്ദി സിനിമ ലോകത്തിനു ഒരു പ്രതീക്ഷയാണ്. പ്രമോഷനെന്നത് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്ന വര്‍ത്തമാനകാലത്ത് കുറച്ചുകൂടി വൈഡായിട്ടുള്ള പ്രചാരണം ചിത്രത്തിനു കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമായേക്കും. കില്‍ ഇറങ്ങി ഏതാണ്ട് അഞ്ചു ദിവസം പിന്നിടുമ്പോള്‍ (ഈ കുറിപ്പ് എഴുതുന്ന സമയം) പുറത്ത് വന്ന ഒരു വാര്‍ത്ത 'കില്‍ എന്ന സിനിമയ്ക്കു കേരളത്തില്‍ കൂടുതല്‍ റിലീസ് സെന്ററുകള്‍' എന്നാണ്. തീര്‍ച്ചയായും ഹൈലി വയലന്റായ ആക്ഷന്‍ സിനിമ പ്രേമികള്‍ക്ക് ഒരു വിരുന്ന് തന്നെ ആയിരിക്കും കില്‍.

കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത എന്നിവരുടെ ധര്‍മ പ്രൊഡക്ഷന്‍സ്, ഗസിഖ്യ എന്റര്‍ടെയിന്‍മെന്റ്സുമായി ചേര്‍ന്നാണ് കില്‍ നിര്‍മിച്ചിരിക്കുന്നത്. നിഖില്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ അമൃത് എന്ന കേന്ദ്ര കഥാപാത്രത്തെ പുതുമുഖ താരം ലക്ഷ്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാഘവ് ജുയല്‍, താന്യ മാണിക്തല, അഭിഷേക് ചൗഹന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

എ റേറ്റഡ് ആക്ഷന്‍ ഫിലിമാണ് കില്‍. അടുത്തകാലത്ത് താന്‍ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷന്‍ സിനിമകളിലൊന്നാണ് 'കില്‍' എന്ന് അഭിപ്രായപ്പെട്ടതും ആ സിനിമയുടെ ഹോളിവുഡ് റീമേക് റൈറ്റ്സ് മേടിച്ചതും ജോണ്‍ വിക്ക് എന്ന വിഖ്യാത ചിത്രത്തിന്റെ സൃഷ്ടാക്കളാണ്. ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് കില്‍ ആദ്യം പ്രീമിയര്‍ ചെയ്തതെനതും ഇവിടെ ചേര്‍ത്തുവായിക്കാം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം