മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കിം ഡുക്കിന്റെ അവസാന ചിത്രം 'കാള്‍ ഓഫ് ഗോഡ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. കാള്‍ ഓഫ് ഗോഡിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയാണിത് . 2020 ഡിസംബര്‍ 11നാണ് കോവിഡ് ബാധിതനായി കിം മരണമടഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപ്രതീക്ഷത മരണം സിനിമാ ലോകത്തെ, പ്രത്യേകിച്ചും ഡുക്ക് സിനിമാ ആരാധകരെ ഞെട്ടിച്ചു. പിന്നീട് കിമ്മിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
അബ്ലായ് മറാറ്റോവ്, ഷാനല്‍ സെര്‍ഗാസിന എന്നിവര്‍ നായികാ നായകന്മാരായ ചിത്രം ലാത്വിയ, എസ്റ്റോണിയ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയം. വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയിലെ ഓട്ടിയര്‍ ഓട്സ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരു കാലത്ത് ഒഴിച്ചുകൂടാനാകാത്തവയായിരുന്നു കിം കിം ഡുക്ക് ചിത്രങ്ങൾ. അതിവൈകാരികതയും വലൻസും തീവ്രപ്രണയവുമൊക്കെയായിരുന്നു ഡുക്ക് ചിത്രങ്ങളുടെ മുഖമുദ്രയെങ്കിലും കേരളത്തിലെ സിനിമാ പ്രേമികൾക്ക് അവ ഒരു ഹരമായിരുന്നു. 2003 മുതലാണ് കിം കി ഡുക്ക് ചിത്രങ്ങൾ മേളയുടെ ഭാഗമായി തുടങ്ങിയത്. ഓരോ വർഷവും ജനപിന്തുണ കൂടി. ഡുക്കിന്റെ ചിത്രങ്ങൾ കാണാൻ തിക്കുംതിരക്കും , ഒടുവിൽ 2013 കിം കി ഡുക്കിനെ നേരിട്ട് മേളയിലെത്തിച്ചാണ് ചലച്ചിത്ര അക്കാദമി കേരളത്തിന്റെ സ്നേഹം സംവിധായകനെ അറിയിച്ചത്.
മോബിയസ്' എന്ന ചിത്രവുമായി തലസ്ഥാനത്തെത്തിയ കിമ്മിന് അപ്രതീക്ഷിത വരവേല്‍പ്പായിരുന്നു മലയാളികള്‍ നല്‍കിയത്. തന്നെ കാണാന്‍ വേണ്ടി തിക്കിത്തിരക്കിയവരെ കണ്ട് അദ്ഭുത സ്തബ്ധനായി നിന്നു പോയിട്ടുണ്ട് കിം. ലോകത്തിന്റെ ഒരു മൂലയ്ക്ക് കിടക്കുന്ന ഒരു സംസ്ഥാനത്ത് തനിക്ക് ഇത്രയേറെ ആരാധകരോ എന്നത് കിമ്മിനെ അമ്പരപ്പിച്ചു. തിരുവനന്തപുരത്ത് അതിരാവിലെ നടക്കാനിറങ്ങിയപ്പോള്‍ വഴിയോരത്തു വച്ചുപോലും പലരും പറയുന്നു, 'ദേ നോക്കിയേ കിം കി ഡുക്ക്!' ഏതൊരു വിദേശ സംവിധായകനും സ്വാഭാവികമായും ഞെട്ടിപ്പോകും. ഇംഗ്ലിഷ് പോലും ദ്വിഭാഷിയുടെ സൗകര്യത്തോടെ കൈകാര്യം ചെയ്യുന്ന കിം മലയാളി മേളപ്രേമികളുടെ സ്‌നേഹത്തിന്റെ ഭാഷയ്ക്കു മുന്നില്‍ വിനീതനായിപ്പോയതും അതുകൊണ്ടാണ്.
ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളുടെ സിനിമകളില്‍ ഫോക്കസ് ചെയ്യുന്ന മേളയുടെ കാഴ്ച്ചക്കാര്‍ സമകാലിക കൊറിയന്‍ സിനിമയിലെ പ്രധാനികളില്‍ ഒരാളായ കിം കിം ഡുക്കില്‍ സ്വാഭാവികമായും ആകൃഷ്ടരായി. 'സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ്' എന്ന സിനിമയിലൂടെയാണ് മലയാളികള്‍ ആദ്യമായി കിം കിം ഡുക്ക് എന്ന കൊറിയന്‍ ചലച്ചിത്രകാരന്റെ ആരാധകരായത്. പിന്നീട് പിയാത്ത, ടൈം, ദി ബോ, ഡ്രീം, സമാരിറ്റന്‍ ഗേള്‍ എന്നീ സിനിമകളിലൂടെ കിം മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. 2005 ഐഎഫ്എഫ്‌കെയില്‍ അദ്ദേഹത്തിന്റെ അഞ്ചു ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്- സാമരിറ്റന്‍ ഗേളും ത്രീ അയേണും ബാഡ് ഗയും സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങും ദ ബോയും.
2010ല്‍ 'പ്രിയപ്പെട്ട കിം' എന്ന പേരില്‍ അദ്ദേഹത്തിനു വേണ്ടി മലയാളത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം പോലുമുണ്ടായി. അവിടുന്നങ്ങോട്ട് ഐഎഫ്എഫ്കെയില്‍ കിം കിം ഡുക്ക് ചിത്രങ്ങള്‍ സ്ഥിരസാന്നിധ്യമായി. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി പ്രേക്ഷകര്‍ വരിനിന്നു. 2004ല്‍ 'ത്രീ അയണും' , 2012 ലെ 'പിയാത്ത'യും 2013ലെ 'മോബിയാസും' ഉണ്ടാക്കിയ കിം തരംഗം 2014ലെ 'വണ്‍ ഓണ്‍ വണ്‍' സിനിമയിലെത്തിയപ്പോഴും അവസാനിച്ചില്ല. വീണ്ടുമൊരു ചലച്ചിത്ര മേള എത്തുമ്പോള്‍ കിമ്മിനെ മലയാളികള്‍ കുറച്ചൊന്നുമല്ല മിസ് ചെയ്യുന്നത്.
കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് കിമ്മിന്റെ ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത. ആദ്യകാലത്തെ ആ 'ശാന്തത' പിന്നീടങ്ങോട്ട് കിമ്മിന്റെ ചിത്രങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. 'അക്രമകാരിയായ ചലച്ചിത്രകാരന്‍' എന്നു വരെ ലോകമാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു തുടങ്ങി. ദക്ഷിണ കൊറിയയിലെ സിനിമാലോകത്തെ 'ബാഡ് ഗയ്' ആയും മാറുകയായിരുന്നു അദ്ദേഹം. എന്നാല്‍ അപ്പോഴും മണിക്കൂറുകളോളം കാത്തു നിന്നും തറയിലിരുന്നും നിന്നുമെല്ലാം കിമ്മിന്റെ ചിത്രങ്ങളെ ഏറ്റെടുക്കുകയായിരുന്നു മലയാളികള്‍.
ലോക സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ചലച്ചിത്രകാരന്മാരില്‍ ഒരാളായ കിം കിം ഡുക്കിന്റെ ചിത്രങ്ങള്‍ വിഖ്യാത മേളകളായ വെനീസ്, കാന്‍സ്, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ കൊറിയയില്‍ നിന്നുമുള്ള ഓസ്‌കാര്‍ നോമിനേഷനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. 2004ല്‍ കിം കിം ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ-അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവുമായിരുന്നു അവ.
ഓരോ വര്‍ഷവും മലയാളി മേളയ്ക്കായി കാത്തിരിക്കുന്നത് കിമ്മിന്റെ ചിത്രങ്ങള്‍ കാണാനും കൂടിയാണ്. ഭാഷയ്ക്ക് അപ്പുറത്തേക്ക് ദൃശ്യഭംഗി കൊണ്ടും സംവിധാന മികവുകൊണ്ടും സിനിമയെ നയിച്ച പ്രതിഭാധനനായ കിമ്മിനെ മലയാളികള്‍ക്ക് മറക്കാനാകില്ല. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ അവസാന ചിത്രം കാണാനായി പ്രേക്ഷകരുടെ തള്ളിക്കയറ്റം തന്നെ ഉണ്ടാകുമെന്നതില്‍ സംശയമില്ല.