ഒരു വർഷം നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. കൊത്ത ഗ്രാമത്തിലെ പ്രണയത്തിന്റെ, പകയുടെ, പ്രതികാരത്തിന്റെ കഥ പറയാൻ കിങ് ഓഫ് കൊത്ത നാളെ എത്തും. രാവിലെ 7 നാണ് ആദ്യ പ്രദർശനം.
മലയാള സിനിമ ഇന്നോളം കാണാത്ത സമാനതകളില്ലാത്ത പ്രമോഷൻ പരിപാടികളുമായി കൊത്ത
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി പ്രീ ബുക്കിങ് ആരംഭിച്ചത് മുതൽ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി നിൽക്കുന്ന ചിത്രമെന്ന റെക്കോർഡ്, ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ തൃപ്പൂണിത്തുറ അത്തച്ചമയം വരെ നീണ്ട പ്രൊമോഷൻ, ഹൈദരാബാദിലും, ദുബായിലെ ഓറിയോൺ മാളിലും കൊത്തയുടെ താരങ്ങൾ ഒരുമിച്ച വമ്പൻ പ്രീ റിലീസ് ഇവന്റ്, മലയാള സിനിമ ഇന്നോളം കാണാത്ത സമാനതകളില്ലാത്ത പ്രമോഷൻ പരിപാടികളാണ് കൊത്തയ്ക്കായി ഒരുക്കിയത്.
കേരളത്തിൽ മാത്രം നാനൂറിലേറെ സ്ക്രീനുകൾ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, പതിപ്പുകൾക്കായി ആഗോള തലത്തിൽ ആയിരത്തിലേറെ സ്ക്രീനുകളിലുമാണ് കൊത്തയുടെ പ്രദർശനം. ദുൽഖർ സൽമാന്റെ ആദ്യ കൾട്ട് ക്ലാസിക്ക് ആകാനിടയുള്ള കൊത്ത, മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയുടെ മകൻ അഭിലാഷ് ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ്.
ദുൽഖറിന്റെ വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. ഐശ്വര്യാ ലക്ഷ്മി, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ . നൈല ഉഷ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ സംഗീതമൊരുക്കുന്നു.