സൂപ്പര്‍ ഹിറ്റായ കന്നഡ സിനിമ കാന്താരയിലെ 'വരാഹരൂപം' ഗാനത്തിന് തല്‍ക്കാലം വിലക്കില്ല. ഗാനം വിലക്കിയ നടപടി കോഴിക്കോട് ജില്ലാ കോടതി തല്‍ക്കാലം റദ്ദാക്കി. തൈക്കുടം ബ്രിഡ്ജിന് സാമ്പത്തിക കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയെ സമീപിക്കാമെന്നും കോഴിക്കോട് ജില്ലാ കോടതി വ്യക്തമാക്കി. സിനിമ നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സിനിമയിലെ 'വരാഹരൂപം' ഗാനം കോപ്പിയടിയാണെന്ന് വ്യക്തമാക്കി മാതൃഭൂമിയും, സംഗീത ട്രൂപ്പായ തൈക്കുടം ബ്രിഡ്ജുമാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഈ ഗാനം സിനിമയിലും ഒടിടി പ്‌ളാറ്റ്‌ഫോമുകളിലും മ്യൂസിക് ആപ്പുകളിലും തിയറ്ററുകളിലും ഉപയോഗിക്കുന്നത് കോടതി വിലക്കുകയായിരുന്നു.
സിനിമ നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട് ജില്ലാകോടതിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തെങ്കിലും ഈ ഹര്‍ജി ഹൈക്കോടതി തള്ളി. കീഴ്ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നിരിക്കെ എന്തിനാണ് ഹൈക്കോടതിയിലേക്ക് നേരിട്ടെത്തിയത് എന്നു മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് സിഎസ് ഡയസ് ഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് സിനിമാ നിര്‍മ്മാണ കമ്പനി കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചത്.
മാതൃഭൂമിയെയും തൈക്കുടം ബ്രിഡ്ജിനെയും എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജി ഫയല്‍ചെയ്തത്. മാതൃഭൂമി മ്യൂസിക്കിന് വേണ്ടിയാണ് തൈക്കുടം ബ്രിഡ്ജ് പാട്ടൊരുക്കിയത്. മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് ഫയല്‍ചെയ്ത സ്യൂട്ടിലായിരുന്നു കോഴിക്കോട് ജില്ലാ കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനുശേഷം മാതൃഭൂമി മ്യൂസിക് പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലും കേസ് ഫയല്‍ചെയ്തിരുന്നു. ഇതില്‍ 'വരാഹരൂപം' എന്ന ഗാനം ഉള്‍പ്പെടുത്തി കാന്താര സിനിമ ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്നത് വിലക്കിയിരുന്നു.
കോപ്പിറൈറ്റ് ആക്ടിന്റെ പരിധിയില്‍വരുന്നതിനാല്‍ കോഴിക്കോട് ജില്ലാ കോടതിക്ക് ഹര്‍ജി പരിഗണിക്കാനാകില്ലെന്നതടക്കമുള്ള വാദങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. തൈക്കുടം ബ്രിഡ്ജിന് കേസ് ഫയല്‍ചെയ്യാനാകില്ലെന്ന വാദവും ഉന്നയിച്ചു. തുടര്‍ന്നാണ് വരാഹരൂപം ഗാനം ഉപയോഗിക്കുന്നതിനെതിരെ പാസാക്കിയ ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കിയത്. സിനിമാ നിര്‍മ്മാണ കമ്പനിക്ക് വേണ്ടി അഡ്വ. സന്തോഷ് മാത്യു ഹാജരായി. അതേ സമയം ഗാനത്തിന് എതിരെ പാലക്കാട് ജില്ലാ കോടതിയിലെ കേസ് ഇപ്പോഴും നില നില്‍ക്കുന്നുണ്ട്.