ENTERTAINMENT

ചോരകൊണ്ട് എഴുതിയ കത്ത്, ദേഹമാസകലം ചിത്രയുടെ പേര് പച്ചകുത്തിയ തഞ്ചാവൂർക്കാരി; വാനമ്പാടിയുടെ ആരാധികമാര്‍

ഏറ്റവുമധികം ആരാധകരുള്ള ഗായകരിൽ ഒരാളാവണം കെ എസ് ചിത്ര; പ്രിയപ്പെട്ട ആരാധകരെ കുറിച്ച് വാനമ്പാടി

രവി മേനോന്‍

ആരായിരുന്നു ചിത്രയുടെ ആദ്യത്തെ ആരാധകൻ?

"ആരാധകനല്ല, ആരാധികയാണ്.''- ചിരിയോടെ ഗായികയുടെ മറുപടി. "മുപ്പത്തഞ്ച് വർഷം മുൻപാവണം. ഞാൻ തമിഴിൽ പാടിത്തുടങ്ങിയിട്ടേ ഉള്ളു. ആരാധനയെ കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല. ഇംഗ്ലണ്ടിൽ ഒരു തമിഴ് ഗാനമേള നടക്കുകയാണ്. ഇളയരാജ സാർ, എസ് പി ബി സാർ അങ്ങനെ പലരുമുണ്ട്. മമ്മിയാണ് എന്റെ കൂടെ പരിപാടിക്ക് വന്നിരിക്കുന്നത്. വേദിക്ക് മുന്നിലിരുന്ന് പാട്ടുകേട്ടിരുന്ന മമ്മിയെ കാണാൻ ഇടവേള സമയത്ത് പിൻനിരയിൽ നിന്ന് ഒരു തമിഴ് പെൺകുട്ടി എത്തി. ചിത്രയുടെ വലിയ ഫാൻ ആണ് എന്ന് സ്വയം പരിചയപ്പെടുത്തി അവൾ. എന്നെ ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ സഹായിക്കണം എന്നതായിരുന്നു ആ കുട്ടിയുടെ ആവശ്യം. അലിവ് തോന്നിയിരിക്കണം മമ്മിക്ക്. പരിപാടി കഴിഞ്ഞ് സ്റ്റേജിൽ അവളെ കൂട്ടിക്കൊണ്ടുവന്ന് എന്നെ പരിചയപ്പെടുത്തി മമ്മി. വിടർന്ന കണ്ണുകളോടെ എന്നെ നോക്കി നിന്ന ആ കുട്ടിയായിരുന്നു വളർമതി. എന്റെ ജീവിതത്തിലെ ആദ്യ ഫാൻ.''-- ചിത്ര ചിരിക്കുന്നു.

വളർമതിയുടെ ജീവിതത്തിലെ എല്ലാ ആഹ്ലാദ ദുഃഖങ്ങളിലും ചിത്രയുടെ സാന്നിധ്യമുണ്ടായിരുന്നു

ദേഹമാസകലം തന്റെ പേര് പച്ചകുത്തിവന്ന ആ തഞ്ചാവൂർക്കാരി ചിത്രക്ക് ഒരത്ഭുതമായിരുന്നു. വലിയൊരു സൗഹൃദത്തിന്റെ തുടക്കമായി ആ കൂടിക്കാഴ്ച. ''ദിനംപ്രതിയെന്നോണം വീട്ടിലേക്ക് അവളെന്നെ ഫോണിൽ വിളിക്കും. നിരന്തരം കത്തുകളെഴുതും. ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും എന്റെ ജന്മദിനത്തിൽ വളർമതിയുടെ വിളി വന്നിരിക്കും. ഞാൻ പോലും മറന്നുപോയ ജന്മദിനങ്ങൾ അങ്ങനെ അവളെന്നെ ഓർമിപ്പിച്ചിട്ടുണ്ട്.'' വളർമതിയുടെ ജീവിതത്തിലെ എല്ലാ ആഹ്ലാദദുഃഖങ്ങളിലും -- പ്രതിസന്ധിഘട്ടങ്ങളിൽ വരെ -- ചിത്രയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നുകൂടി അറിയുക.

ആരാധകരുടെ അനന്തമായ ഘോഷയാത്ര തുടങ്ങിയിരുന്നതേയുള്ളൂ ചിത്രയുടെ ജീവിതത്തിൽ. ഭാഷയുടെയും ദേശത്തിന്റെയും ഒക്കെ അതിരുകൾ ഭേദിച്ച സ്നേഹപ്രവാഹം. "മധുരക്കാരി ഷർമിളയെ ഒരിക്കലും മറക്കാനാവില്ല. കടും ചുവപ്പ് അക്ഷരങ്ങളിൽ എഴുതിയ ഒരു കത്തിലൂടെയായിരുന്നു അവളുടെ വരവ്. ആദ്യം കൗതുകമാണ് തോന്നിയത്. പക്ഷേ, ഇതെന്റെ സ്വന്തം രക്തം കൊണ്ട് എഴുതിയ കത്താണ് എന്ന വരി വായിച്ചപ്പോൾ കൗതുകം ഞെട്ടലിന് വഴിമാറി. വിശ്വസിക്കാനായില്ല എനിക്ക്. ഇങ്ങനെയൊക്കെ എഴുതുമോ ആളുകൾ?''

കായംകുളംകാരി റാണി ദിവസവും ഇഷ്ടഗായികക്ക് കത്തെഴുതും അവൾ. വളരെ പൊസസീവ് ആണ്. മറ്റാരുമായും ചിത്ര സംസാരിക്കുന്നതുപോലും ഉൾക്കൊള്ളാനാവില്ല.

പക്ഷേ ഷർമിള നുണ പറയുകയായിരുന്നില്ല. സ്വന്തം ചോരയിൽ തൂലിക മുക്കിക്കൊണ്ടുതന്നെ ആരാധനാപാത്രത്തിന് കത്തുകൾ എഴുതിക്കൊണ്ടിരുന്നു അവർ. കായംകുളംകാരി റാണിയാണ് പിന്നെ വന്നത്. ദിവസവും ഇഷ്ടഗായികക്ക് കത്തെഴുതും അവൾ. വളരെ പൊസസീവ് ആണ്. മറ്റാരുമായും ചിത്ര സംസാരിക്കുന്നതുപോലും ഉൾക്കൊള്ളാനാവില്ല. ഇടയ്ക്കിടെ കുറെ പൊട്ട് അയച്ചുതരും. അവയിലേതെങ്കിലും അണിഞ്ഞുവേണം ചിത്ര സ്റ്റേജിൽ പ്രത്യക്ഷപ്പെടാൻ.

മറ്റൊരു കടുത്ത ആരാധിക ഓരോ വർഷവും സ്വന്തം പിറന്നാളിന് മുൻപ് ഇഷ്ടപ്പെട്ട നിറം ചിത്രയെ അറിയിക്കും. ആ നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസും പിറന്നാൾ സമ്മാനമായി ചിത്ര അവൾക്ക് അയച്ചുകൊടുക്കണം. അതാണാവശ്യം. ചിലർക്ക് വേണ്ടത് ഇഷ്ടപ്പെട്ട ചോക്ലേറ്റാണ്. വൈവിധ്യമാർന്ന മോഹങ്ങൾ അങ്ങനെ എത്രയെത്ര.

"എന്നെക്കുറിച്ച് കവിതകൾ എഴുതി അയയ്ക്കുന്നവരുണ്ട്; എന്റെ ഗാനങ്ങളുടെ പൂർണശേഖരം ഉണ്ടെന്ന് അവകാശപ്പെടുന്നവരുണ്ട്. ചിത്രങ്ങൾ വരച്ച് അയയ്ക്കുന്നവരും നിരവധി. ആരെയും പിണക്കാറില്ല ഞാൻ. കഴിയുന്നതും പ്രതികരിക്കും. ചിലരുടെയൊക്കെ സൃഷ്ടികൾ ഫേസ്ബുക് പേജിൽ പങ്കുവയ്ക്കും.'' എങ്കിലും അപൂർവമായി ചില ആരാധനകൾ പ്രതീക്ഷിക്കാത്ത അപകടങ്ങളിലേക്ക് വഴിതുറന്നിട്ടുമുണ്ട് ചിത്രയുടെ ജീവിതത്തിൽ. നിഷ്കളങ്കതമനസ്സോടെ എല്ലാ സൗഹൃദങ്ങളെയും സ്വാഗതം ചെയ്യുന്നതുകൊണ്ടുള്ള ദുരനുഭവം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ