രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ മമ്മൂട്ടി ചിത്രങ്ങൾക്ക് ശേഷം ആദ്യമായി മറ്റൊരു താരത്തെ വച്ച് സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് സംവിധായകൻ അജയ് വാസുദേവ്. പകലും പാതിരാവും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. രജിഷ വിജയനാണ് നായിക.
മലയോരപ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ത്രില്ലർ ഴോണറിലാവും എത്തുക. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം മാര്‍ച്ച് മൂന്നിന് തീയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലാണ് ചിത്രം നിർമിക്കുന്നത്. പതിവ് നായകസങ്കൽപ്പങ്ങളിൽ നിന്ന് മാറിയുളള കഥാപാത്രമായിരിക്കും ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റേത് എന്നാണ് അണിയറക്കാർ നൽകുന്ന സൂചന.
തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ യു മോഹൻ, ദിവ്യ ദർശൻ, ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, വഞ്ചിയൂർ പ്രേംകുമാർ, എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നു. നിഷാദ് കോയയാണ് തിരക്കഥ. സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സിയുടേതാണ് സംഗീതം. ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് ബദർ ആണ്. കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ - ഐഷാ ഷഫീർ സേഠ്, പ്രൊഡക്ഷൻ - കൺട്രോളർ- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ.