ഒരു സിനിമ വിജയിച്ചാൽ ഗുണം പ്രധാന നടനായ എനിക്കുതന്നെയാണ്. പ്രമോഷനുകളിൽ നിന്ന് മനപ്പൂർവ്വം ഒഴിവായി നിന്നുകൊണ്ട് ആ ഗുണം വേണ്ടെന്ന് വയ്ക്കാൻ മാത്രം കോമൺസെൻസില്ലാത്ത ആളല്ല ഞാൻ. കഴിഞ്ഞ 26 വർഷമായിട്ട് എനിക്കത് മനസിലായിട്ടില്ലെന്ന് വിചാരിക്കുന്നവരുണ്ടെങ്കിൽ അവരാണ് മണ്ടന്മാർ. പദ്മിനി സിനിമയുടെ പ്രമോഷനിൽ നിന്നും മനപ്പൂർവ്വം വിട്ടുനിന്നു എന്ന നിർമ്മാതാവിന്റെ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ. അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്തിൽ ഉടൻ
കുഞ്ചാക്കോ ബോബനെതിരേ പദ്മിനി ചിത്രത്തിന്റെ നിര്‍മാതാവ് ഉന്നയിച്ച ആരോപണങ്ങള്‍
പദ്മിനിയെ ഹൃദയത്തിലേറ്റിയതിനു നന്ദി, എല്ലാ സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന മികച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ മനസ് നിറയ്ക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ പ്രമോഷനിലെ പോരായ്മകള്‍ സംബന്ധിച്ച് ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതായുണ്ട്. അതേ കുറിച്ച് സംസാരിച്ച് തുടങ്ങുന്നതിന് മുന്‍പ് ഒരു കാര്യം, പദ്മിനി ഞങ്ങള്‍ക്കൊരു ലാഭകരമായ ചിത്രമാണ്. തീയേറ്ററുകളില്‍ നിന്ന് എന്ത് ഷെയര്‍ കിട്ടിയാലും, ഞങ്ങള്‍ക്ക് ലാഭം തന്നെയാണ്. ഞങ്ങളുടെ പ്രൊഡക്ഷന്‍ ടീമിനും, സെന്ന, ശ്രീരാജ് തുടങ്ങിയ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി. നിശ്ചയിച്ചുറപ്പിച്ച ഷൂട്ടിങ് ഷെഡ്യൂളില്‍ നിന്ന് ഏഴ് ദിവസം മുന്‍പ് ഞങ്ങള്‍ക്ക് ഷൂട്ട് തീര്‍ക്കാന്‍ സാധിച്ചിരുന്നു.
പക്ഷേ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ചിന്തിക്കുകയാണെങ്കില്‍ തീയേറ്ററില്‍ നിന്നുള്ള റെസ്‌പോണ്‍സുകള്‍ തന്നെയാണ് ഏറ്റവും വലുത്. സിനിമയില്‍ അഭിനയിക്കുന്ന നായകന്റെ സ്റ്റാര്‍ഡമിനേ തീയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ വലിയൊരു പങ്കുണ്ട്. പദ്മിനിയുടെ കാര്യമെടുത്താല്‍, 2.5 കോടി രൂപയാണ് നായക നടന്‍ പ്രതിഫലമായി കൈപ്പറ്റിയത്. എന്നിട്ട് പോലും ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവിന്റെയൊ പ്രൊമോഷന്‍ പ്രോഗ്രാമിന്റെയോ ഭാഗമായിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ നിര്‍ദേശിച്ച പ്രകാരം സിനിമയുടെ റോ ഫുട്ടേജ് (പൂര്‍ത്തിയാകാത്ത രൂപം) മാത്രം കണ്ട ഒരു പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് അഭിപ്രായപ്പെട്ടത് പ്രകാരം ചിത്രത്തിന് വേണ്ടി ഞങ്ങള്‍ സൃഷ്ടിച്ച പ്രൊമോഷന്‍ പ്ലാനുകളും ചാര്‍ട്ടുകളും നിഷ്‌കരുണം അവര്‍ തള്ളിക്കളഞ്ഞു. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് മൂന്ന് സിനിമകളുടെ കാര്യത്തിലും സംഭവിച്ചത്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യേണ്ടേ..?. അതു കൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചത്.
ഒരു നടന്‍ തന്നെ കോ പ്രൊഡ്യൂസര്‍ ആയ ഒരു സിനിമയിലും ഇത് സംഭവിക്കില്ല. അത്തരത്തിലുള്ള സിനിമയുടെ എല്ലാ ടിവി ഇന്റര്‍വ്യൂകളിലും അവര്‍ ഇരിക്കാറുമുണ്ട്. പുറത്ത് നിന്നൊരു പ്രൊഡ്യൂസര്‍ വരുമ്പോളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. പദ്മിനിയിലെ നായക നടനെ സംബന്ധിച്ച് 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയ ഒരു സിനിമയുടെ പ്രൊമോഷന് പങ്കെടുക്കുന്നതിലും വലുത് യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെന്ന് തോന്നുന്നു.
സിനിമകള്‍ക്ക് തീയേറ്റര്‍ റണ്‍ കുറയുന്നു എന്നതിന്റെ പേരില്‍ വിതരണക്കാരും നിര്‍മാതാക്കളും ശബ്ദമുയര്‍ത്തുന്ന ഈ കാലത്ത്, സിനിമകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നതുമൊരു വലിയ ചിന്തയാണ്. താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പ്രൊമോട്ട് ചെയ്യണമെന്നതൊരു കടമ തന്നെയാണ്. ഒരു വര്‍ഷം ഇരുന്നൂറിന് മുകളില്‍ സിനിമകള്‍ റീലീസ് ആകുന്നിടത്ത് അവര്‍ അഭിനയിക്കുന്ന സിനിമകളിലേക്ക് ജനങ്ങളെ എത്തിക്കേണ്ടതായുണ്ട്. ഇത് സിനിമയാണ് ജനങ്ങളുടെ വിധി തന്നെയാണ് നിങ്ങളുടെ നിലനില്‍പ്പ്. സിനിമയുടെ മാജിക്ക് എന്തെന്നാല്‍ 'കോണ്‍ടെന്റ് തന്നെയാണ് എല്ലായിപ്പോഴും വിജയിക്കുക ' എന്നതാണ്.