'ബൈക്ക് ഓടിക്കാൻ' ലൈസന്‍സ് സ്വന്തമാക്കി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. എറണാകുളം കാക്കനാട് ആർടി ഓഫീസിന് കീഴിലാണ് താരം ടെസ്റ്റിന് പങ്കെടുത്തത്. മഞ്ജുവിൻ്റെ ഏറ്റവും പുതിയ ചിത്രമായ തുനിവിന്റെ ചിത്രീകരണം നടക്കുമ്പോള്‍ തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന തനിക്കും 'ബൈക്ക് ഓടിക്കണമെന്ന' ആഗ്രഹം ഇതിന് ശേഷം മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. യാത്രകളിലേക്കുള്ള സ്വപ്നത്തിന്റെ ആദ്യപടിയായാണ് താരം ലൈസൻസ് സ്വന്തമാക്കിയത്. ബിഎംഡബ്ലൂ ബൈക്ക് സ്വന്തമാക്കണമെന്ന് പറഞ്ഞതും വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ, പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജുവിൻ്റെ ഈ സ്വപ്ന സാഫല്യം.
കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അജിത്തിനും സംഘത്തിനുമൊപ്പം താരം സന്ദര്‍ശനം നടത്തി. നാലു ചക്രമുള്ള വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്ക് യാത്രയുടെ അനുഭവം ആദ്യമായാണെന്ന് തന്നെ യാത്രയ്ക്ക് ക്ഷണിച്ച അഡ്വഞ്ചര്‍ റൈഡേഴ്‌സ് ഓഫ് ഇന്ത്യയ്ക്കും, അജിത്തിനും, ബിനീഷ് ചന്ദ്രയ്ക്കും നന്ദി പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു.