വിജയ് ചിത്രം ലിയോയ്ക്ക് കേരളത്തിലും പുലർച്ചെ ഷോ ഉണ്ടാകില്ല. തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഷോകൾക്ക് അനുമതിയില്ലാത്തതിനാലാണ് കേരളത്തിലെ സമയവും മാറ്റേണ്ടി വരുന്നത്. ഒക്ടോബർ 19 ന് അർധരാത്രി മുതൽ മാരത്തൺ ഷോ നടത്താനുള്ള ആരാധകരുടെ തീരുമാനവും പിൻവലിച്ചു. തമിഴ്നാട്ടിൽ രാവിലെ 9 നാണ് ഷോ എങ്കിൽ കേരളത്തിലും ആ സമയത്ത് മാത്രമേ ഷോ തുടങ്ങാനാകൂ.
കേരളത്തിൽ നേരത്തെ ഷോ തുടങ്ങിയാൽ, ഇൻഡസ്ട്രി ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ സസ്പെൻസ് പോകുമെന്നതിനാലാണ് തീരുമാനം. മാത്രമല്ല കേരളത്തിൽ നേരത്തെ ഷോ ആരംഭിച്ചാൽ അതിർത്തി ജില്ലകളിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ രണ്ട് സംസ്ഥാനങ്ങളിലും ഒരേസമയം തന്നെ സിനിമ തുടങ്ങിയാൽ മതിയെന്നാണ് നിർമാതാക്കളുടെ തീരുമാനം. നിർമാതാക്കളുടെ അനുമതിയില്ലാതെ ചിത്രം നേരത്തെ തുടങ്ങാനാകില്ലെന്ന് തിരുവനന്തപുരത്ത് ഫാൻസ് ഷോ സംഘടിപ്പിക്കുന്ന ശ്രീപദ്മനാഭ തീയേറ്റർ ഉടമ ഗിരീഷ് ദ ഫോർത്തിനോട് പറഞ്ഞു. സമയം സംബന്ധിച്ച് നിലവിൽ ധാരണയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 9 മണിക്കാണ് ആരംഭിക്കുന്നതെങ്കിൽ ആദ്യ ദിവസം പരമാവധി 4 ഷോ മാത്രമേ നടത്താനാകൂ. ഇത് വിതരണക്കാർക്ക് വലിയ നഷ്ടമുണ്ടാക്കും. ഈ സാഹചര്യം നിർമാതാക്കളെയും വിജയ് മക്കൾ ഇയക്കം നേതൃത്വത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരളത്തിലെ വിതരണക്കാർ. രാവിലെ 6.30 ന് എങ്കിലും ഷോ ആരംഭിക്കാൻ അനുവദിക്കണമെന്ന് കേരളത്തിലെ ആരാധകരും വിജയ് മക്കൾ ഇയക്കം നേതൃത്വത്തോട് ആവശ്യപ്പെട്ടിടുണ്ട്.