വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ യുകെയില്‍ കട്ടുകള്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ എന്താണോ ഉദ്ദേശിച്ചത്, അതുപോലെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് യുകെയിലെ വിതരണക്കാര്‍ പറയുന്നത്. എക്‌സിലൂടെയാണ് ഇക്കാര്യം സിനിമാ വിതരണ കമ്പനിയായ അഹിംസ എന്റര്‍ടെയ്ന്‍മെന്റ് പ്രേക്ഷകരുമായി പങ്കുവച്ചത്.
'ലോകേഷ് കനകരാജിന്റെ ലക്ഷ്യത്തോട് ബഹുമാന പൂര്‍വം, യുകെ റിലീസില്‍ ലിയോയില്‍ കട്ടുകള്‍ ഉണ്ടായിരിക്കുകയില്ല. എല്ലാ ഫ്രെയ്മുകളും പ്രധാനപ്പെട്ടവയാണ്, പ്രേക്ഷകര്‍ക്ക് സിനിമയുടെ യഥാര്‍ഥ രൂപത്തില്‍ അത് കാണാനുള്ള അര്‍ഹതയുണ്ട്. സിനിമ പ്രേക്ഷകരിലേക്ക് എത്തിയെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് വന്നാല്‍, 12എ വേര്‍ഷനിലേയ്ക്ക് മാറ്റുന്നതായിരിക്കും,' എന്നായിരുന്നു അഹിംസ എന്റര്‍ടെയ്ന്‍മെന്റിന്റെ പോസ്റ്റ്.
12എ എന്നത് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കുള്ള റേറ്റിംഗാണ്. 12എ റേറ്റ് ചെയ്യുന്ന സിനിമകള്‍ 12 വയസ്സിനും അതില്‍ കൂടുതലുള്ള കുട്ടികള്‍ക്കും കാണാവുന്നതാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ക്കൊപ്പം സിനിമ കാണാവുന്നതാണ്.
യുകെയില്‍ സെപ്റ്റംബര്‍ 7 മുതല്‍ ലിയോയുടെ ബുക്കിങ് ആരംഭിച്ചിരുന്നു. റിലീസിന് നാല്‍പത് ദിവസം മുമ്പ് ബുക്കിങ് ആരംഭിക്കുന്ന ആദ്യ തമിഴ് ചിത്രവും ലിയോയാണ്. ഇതുവരെ 18,000 ടിക്കറ്റുകളുടെ വില്‍പ്പനയിലൂടെ രണ്ട് കോടിയിലധികമാണ് ചിത്രം പ്രീ-സെയില്‍ കളക്ഷനായി നേടിയത്. ബിബിഎഫ്‌സിയില്‍ നിന്നുള്ള അംഗീകാരത്തിന് കാത്തിരിക്കുന്നതിനാല്‍ വിതരണക്കാര്‍ യുകെയില്‍ ഇതുവരെ ലിയോയ്ക്ക് ഫാമിലി ടിക്കറ്റുകളോ കുട്ടികള്‍ക്കുള്ള ടിക്കറ്റുകളോ വിറ്റ് തുടങ്ങിയിട്ടില്ല.
സിനിമയിലെ 'നാ റെഡി' എന്ന ഗാനത്തിലെ ചില രംഗങ്ങളും വരികളും നീക്കം ചെയ്യണമെന്ന് നിര്‍മ്മാതാക്കളോട് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഗാനത്തിലെ വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. മദ്യത്തെ പുകഴ്ത്തുന്ന വരികളും ഗാനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗാനത്തിലെ ഏതൊക്കെ വരികളാണ് മാറ്റേണ്ടതെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
'നാ റെഡി' ഗാനത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. ഗാനം പുറത്തുവന്നതിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാട്ടിലെ പുകവലിക്കുന്ന രംഗങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങങ്ങളുയര്‍ന്നിരുന്നു. അതേസമയം, ചിത്രത്തിന് ഈ രംഗങ്ങള്‍ ആവശ്യമാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം. എന്നാല്‍ സിബിഎഫ്‌സി ഉത്തരവ് വന്നതോടെ രംഗങ്ങളും വരികളും മാറ്റേണ്ടി വരുമെന്നാണ് കരുതുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ലിയോ. ഗ്യാങ്സ്റ്റർ വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാൻഡി, മിഷ്‌കിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായിരിക്കും ചിത്രം. ഒക്ടോബർ 19നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.