എങ്ങനെ? എങ്ങനെയെങ്ങനെയെങ്ങനെയെങ്ങനെ" എന്ന് സുജാത. "ധിംതാംകിടതരികിടകിട ധിംതാംകിടതരികിടകിട ധിംതാംകിടതരികിടകിട" എന്ന് എം ജി ശ്രീകുമാർ.
പ്രണയസുരഭിലമായ ഒരു കാലം മുഴുവനുണ്ട് ആ രണ്ടു വരികളിൽ. വികൃതിയും കുസൃതിയും നിറഞ്ഞ കാലം
"വന്ദന"ത്തിൽ എം ജി ശ്രീകുമാറും സുജാതയും പാടിയ "കവിളിണയിൽ കുങ്കുമമോ" എന്ന പാട്ടിനൊപ്പം ഓർമ്മയുടെ തിരശ്ശീലയിൽ തെളിയുന്ന ചിത്രങ്ങൾ എത്രയെത്ര. ഓടിച്ചാടിയും നൃത്തം വെച്ചും ഓടക്കുഴലൂതിയും സാക്സഫോൺ വായിച്ചും തലകുത്തി മറിഞ്ഞും ബസ്സിൽ തൂങ്ങിപ്പിടിച്ചും സൈക്കിൾ ചവിട്ടിയും കാമുകിയെ പിന്തുടരുന്ന കുസൃതിക്കാരൻ മോഹൻലാൽ; ഉള്ളിലെ പ്രണയം രോഷം കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്ന ഗിരിജ.
ഈ പാട്ടിൽ മാത്രമല്ല "വന്ദന" (1989) ത്തിലെ തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നു, അന്തിപ്പൊൻവെട്ടം എന്നീ ഗാനങ്ങളിലുമുണ്ട് ആരേയും കൊതിപ്പിക്കുന്ന മോഹൻലാലിലെ കാമുകന്റെ പെരുങ്കളിയാട്ടം. ലാലിലെ മാത്രമല്ല, പ്രിയദർശനിലെ, ഷിബു ചക്രവർത്തിയിലെ, ഔസേപ്പച്ചനിലെ, എം ജി ശ്രീകുമാറിലെ...
സുജാതയുടെ പ്രണയ യുഗ്മഗാനങ്ങൾക്കൊരു പ്രത്യേകതയുണ്ട്. കൂടെപ്പാടുന്നത് ആരായാലും ആ ശബ്ദങ്ങളിൽ സ്വാഭാവികമായി ഒഴുകിച്ചേരും ഗായികാശബ്ദം
എല്ലാ കാമുകന്മാർക്കും ഒരേയൊരു കാമുകി: സുജാത.
നീണ്ട ഇടവേളക്ക് ശേഷം "പാപ്പച്ചൻ ഒളിവിലാണ്" എന്ന ചിത്രത്തിന് വേണ്ടി എം ജി ശ്രീകുമാറും സുജാതയും ഒന്നിച്ച "മുത്തുക്കുട മാനം" എന്ന പാട്ട് കേട്ടപ്പോൾ ആ കാലം ഓർമ്മവന്നു. 1980 കളുടെയും 90 കളുടെയും കൗമാര -- യൗവന സ്മരണകളെ ഇന്നും ദീപ്തമാക്കുന്ന അനേകമനേകം പാട്ടുകളും. "മെയ്‌ഡ് ഫോർ ഈച്ച് അദർ" എന്ന് തോന്നിപ്പിക്കുന്നിടത്തോളം സ്വയം മറന്ന് ഇഴുകിച്ചേർരുന്ന രണ്ട് ശബ്ദങ്ങളുടെ, ആലാപനശൈലികളുടെ പുനഃസമാഗമം. ഹൃദയസംഗീതം കൊണ്ട് അവരെ വിളക്കിച്ചേർത്ത ഔസേപ്പച്ചൻ എന്ന സംഗീത സംവിധായകൻ കൂടി ചേരുമ്പോൾ ആ സമാഗമത്തിൽ ഗൃഹാതുരത്വത്തിന്റെ മധുരം കലരുന്നു. ബി കെ ഹരിനാരായണന്റേതാണ് രചന.
സുജാതയുടെ പ്രണയ യുഗ്മഗാനങ്ങൾക്കൊരു പ്രത്യേകതയുണ്ട്. കൂടെപ്പാടുന്നത് ആരായാലും ആ ശബ്ദങ്ങളിൽ സ്വാഭാവികമായി ഒഴുകിച്ചേരും ഗായികാശബ്ദം. കാമുകൻ യേശുദാസോ, ശ്രീകുമാറോ, വേണുഗോപാലോ, ഉണ്ണിമേനോനോ, ഉണ്ണികൃഷ്ണനോ പിൻതലമുറയിലെ വിനീത് ശ്രീനിവാസനോ നജീം ഇർഷാദോ ആരുമാകട്ടെ, അവർക്കിണങ്ങുന്ന മറ്റൊരു കാമുകിയുമില്ലെന്ന് നമ്മെ തോന്നിപ്പിക്കും സുജാത. ഹിന്ദിയിൽ ആശാ ഭോസ്‌ലെയെപ്പോലെ
ശ്രീകുമാറിനൊപ്പം പാടുമ്പോൾ ആലാപനത്തിൽ അൽപ്പം കുസൃതി കൂടി കലർത്തും സുജാത. മനോധർമ്മപ്രകടനങ്ങളുടെ തികച്ചും ആരോഗ്യകരമായ മത്സരമാണ് പിന്നെ. ഹൃദ്യമായ ഒരു കൊടുക്കൽ വാങ്ങൽ. "തീരം തേടും" എന്ന പാട്ടിന്റെ ചരണത്തിലെ "പൊൻതാഴം പൂങ്കാവുകളിൽ" എന്ന് തുടങ്ങുന്ന ഭാഗത്തിലുണ്ട് പരസ്പരമുള്ള ഈ ലയിച്ചുചേരൽ. പ്രിയന്റെ മനോഹര ചിത്രീകരണം കൊണ്ട് കൂടി മനസ്സിൽ തങ്ങിനിൽക്കുന്ന രംഗം. "ചിത്ര"ത്തിലെ ദൂരെ കിഴക്കുദിക്കിൽ എന്ന പാട്ടിലെ മോഹൻലാൽ -- രഞ്ജിനിമാരുടെ പ്രശംസനീയമായ അഭിനയമികവിന്റെ നല്ലൊരംശം എം ജി --സുജാതമാർക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറയും ഞാൻ. സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ ആദ്യമഭിനയിച്ചത് അവരാണല്ലോ. ശബ്ദങ്ങൾ കൊണ്ടുള്ള അഭിനയം ശരീരാഭിനയത്തോളം തന്നെ പ്രധാനം.
എം ജി ശ്രീകുമാർ -- സുജാത ടീമിന്റെ യുഗ്മഗാനങ്ങളിൽ ആദ്യം കേട്ടു മനസ്സിൽ പതിഞ്ഞത് "ഒരു മുത്തശ്ശിക്കഥ" (1988) യിലെ "കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ കണ്ടാലറിയുമോ കാട്ടുപൂവേ." ഷിബുവിന്റെ വരികൾ ചിട്ടപ്പെടുത്തിയത് ഔസേപ്പച്ചൻ. എന്നാൽ എം ജിയ്‌ക്കൊപ്പം ആദ്യം പാടി റെക്കോർഡ് ചെയ്തത് "കടത്തനാടൻ അമ്പാടി"യിലെ "നാളെ അന്തിമയങ്ങുമ്പോൾ" എന്ന പാട്ടാണെന്നു പറയുന്നു സുജാത. പടം പുറത്തിറങ്ങിയത് ഏറെ വൈകി 1990 ലാണെന്ന് മാത്രം. പി ഭാസ്കരൻ -- കെ രാഘവൻ ടീം ആയിരുന്നു ആ ഗാനത്തിന്റെ ശിൽപ്പികൾ.
പിന്നീടങ്ങോട്ട് എത്രയെത്ര സുന്ദരഗാനങ്ങൾ. ശ്രീകുമാർ - സുജാത ടീമിന്റെ യുഗ്മഗാനങ്ങൾ കൂടി ചേർന്നതാണ് മലയാളിയുടെ ആ പ്രണയദശകങ്ങൾ. പൊന്മുരളിയൂതും കാറ്റിൽ (ആര്യൻ), ദൂരെ കിഴക്കുദിക്കിൽ (ചിത്രം), ഒരിക്കൽ നീ ചിരിച്ചാൽ (അപ്പു), കനകം മണ്ണിൽ (ഡോക്ടർ പശുപതി), കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം), പൂമഞ്ഞിൻ കൂടാരത്തിൽ (മിഥുനം), മാലിനിയുടെ തീരങ്ങൾ (ഗാന്ധർവ്വം), എന്റെ മനസ്സിലൊരു നാണം (തേന്മാവിൻ കൊമ്പത്ത്), വാലിന്മേൽ പൂവും (പവിത്രം), ഒരു വല്ലം പൊന്നും പൂവും (മിന്നാരം), വിണ്ണിലെ പൊയ്കയിൽ (കൃഷ്ണഗുഡിയിയിൽ ഒരു പ്രണയകാലത്ത്), കുയിൽ പാടും (ആറാം തമ്പുരാൻ), കുപ്പിവള കിലുകിലെ (അയാൾ കഥയെഴുതുകയാണ്), നാടോടിപ്പൂത്തിങ്കൾ (ഉസ്താദ്)...
സിനിമയിലെ സംഗീതസങ്കല്പങ്ങൾ തന്നെ മാറിമറിയുന്ന ഈ കാലത്ത് ഇതുപോലുള്ള പ്രണയഗാനങ്ങൾ പഴയപോലെ സ്വീകരിക്കപ്പെടുമോ എന്നത് മറ്റൊരു ചോദ്യം. സ്വീകരിച്ചാലും ഇല്ലെങ്കിലും ആ കാലം ഓർമ്മയിൽ സൂക്ഷിക്കുന്നവർക്ക് ഗൃഹാതുരതയുടെ ഉത്സവമേളമാകും ആ പാട്ടുകളെല്ലാം.
1990 കളുടെ ഫ്ലേവർ അനുഭവിപ്പിക്കാൻ കഴിയുന്ന പാട്ട് -- "പാപ്പച്ചൻ ഒളിവിലാണ്" എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ഔസേപ്പച്ചന് വേണ്ടിയിരുന്നത് അതാണ്. മൂന്ന് പതിറ്റാണ്ടിനിപ്പുറം ആ പരീക്ഷണം ഏറ്റെടുത്ത എം ജിയ്ക്കും സുജാതക്കും ഒരു പൊൻതൂവൽ.