ENTERTAINMENT

'ഇത്രേ ഒള്ളൂ', വെറും പത്ത് വരിയിൽ ആടുജീവിതം കഥയെഴുതി എൽപി സ്‌കൂൾ വിദ്യാർഥിനി; നോട്ട്ബുക്ക് പേജ് പങ്കുവെച്ച് ബെന്യാമിൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആടുജീവിതം നോവലും സിനിമയും സമാനതകളിലാത്ത രീതിയിലാണ് വായനക്കാരും പ്രേക്ഷകരും ഏറ്റെടുത്തത്. നജീബിന്റെയും ഹക്കീമിന്റെയും സൈനുവിന്റെയുമെല്ലാം ജീവിതം വെള്ളിത്തിരയിലെത്തിയപ്പോൾ പൃഥ്വിരാജായിരുന്നു നജീബ് ആയി എത്തിയത്.

നോവൽ സിനിമയായപ്പോൾ കൊച്ചുകുട്ടികളിലേക്കു പോലും ആടുജീവിതത്തിന് എത്താൻ സാധിച്ചിരുന്നു. ഇപ്പോൾ ആടുജീവിതത്തിന്റെ കഥ പത്ത് വരിയിൽ എഴുതിയ പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാണ്. കോഴിക്കോട് വടകര മന്തരത്തൂർ എം എൽ പി സ്‌കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനിയാണ് നോട്ടുബുക്കിൽ ആടുജീവിതം സിനിമയുടെ കഥ എഴുതിയത്.

നോട്ടുബുക്കിന്റെ പേജിന്റെ ചിത്രം എഴുത്തുകാരൻ ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'ഇത്രേ ഒള്ളൂ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം എഴുത്തുകാരൻ പങ്കുവെച്ചത്.

''ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്‌മാനെ... പെരിയോനേ റഹീം...''എന്നാണ് നന്മ തേജസ്വിനി നോട്ടുബുക്കിൽ എഴുതിയത്.

വെക്കേഷൻ സമയത്ത് കണ്ട സിനിമയെക്കുറിച്ച് മന്തരത്തൂർ എം എൽ പി സ്‌കൂൾ അധ്യാപകനായ ശ്രീജിത്ത് ചാലിൽ സ്കൂൾ തുറന്നശേഷം കുട്ടികളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് നന്മ ആടുജീവിതം 10 വരിയിൽ കുറിച്ചത്. കുറിപ്പ് ശ്രീജിത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതുകണ്ടാണ് ബെന്യാമിൻ സ്വന്തം പേജിൽ ഷെയർ ചെയ്തത്. ചെരണ്ടത്തൂരിലെ സുനിൽ- ആശാലത ദമ്പതികളുടെ മകളാണ് നന്മ തേജസ്വിനി.

കണ്ട സിനിമയെക്കുറിച്ച് കുറിപ്പെഴുതാനാണ് അധ്യാപകന്‍ നിര്‍ദേശിച്ചതെങ്കിലും 'മനസില്‍ കണ്ട' ആടുജീവിതമാണ് നന്മ പകര്‍ത്തിയത്. സംഘര്‍ഷഭരിതമായ സന്ദര്‍ഭങ്ങള്‍ കുട്ടിക്കു വിഷമുണ്ടാക്കുമെന്നതിനാല്‍ മാതാപിതാക്കള്‍ ആടുജീവിതം സിനിമ നന്മയെ കാണിച്ചിരുന്നില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ കണ്ട സിനിമയിലെ ചില രംഗങ്ങളും ചിത്രത്തിലെ ഗാനങ്ങളും നന്മയെ ആകര്‍ഷിച്ചു. അമ്മ ആശാലത കഥയിലെ ഓരോ ഭാഗങ്ങളും നന്മയ്ക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇവ ഉള്‍ക്കൊണ്ടാണ് നന്മ രസകരമായ കുറിപ്പ് തയ്യാറാക്കിയത്.

അമ്മ വിശദീകരിച്ച കഥയിലെ നജീബിന്റെ അവസ്ഥ തനിക്കു വിഷമമുണ്ടാക്കിയതായും കഥയുടെ അവസാനഭാഗത്തിലെ നജീബിന്റെ രക്ഷപ്പെടല്‍ സന്തോഷിപ്പിച്ചതായും നന്മ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. സിനിമകള്‍ കാണുന്ന ഏറെ ഇഷ്ടമുള്ള നന്മയുടെ പ്രിയ ചിത്രങ്ങള്‍ പ്രേമലു, ആവേശം എന്നിവയാണ്.'പ്രേമലു' ആറ് തവണ കണ്ട നന്മയ്ക്കു സിനിമയിലെ സംഭാഷണങ്ങള്‍ പോലും കാണാപ്പാഠമാണ്.

ചെറുപ്പം മുതല്‍ തന്നെ പാട്ടുപാടാനും കഥകള്‍ പറയാനും താല്പര്യമുള്ള കുട്ടിയാണ് നന്മയെന്ന് ആശാലത പറഞ്ഞു. നന്നേ ചെറുപ്പത്തില്‍ തന്നെ അറിയാവുന്ന വാക്കുകള്‍ കൊണ്ട് പാട്ടുകളുണ്ടാക്കി പാടാനും കണ്ടതും കേട്ടതുമായ സന്ദര്‍ഭങ്ങളില്‍നിന്നു കഥകളുണ്ടാക്കി പറയാനും നന്മയ്ക്കു പ്രത്യേക മിടുക്കുണ്ടായിരുന്നുവെന്നും ആശാലത പറഞ്ഞു.

മാർച്ച് 28 നാണ് ആടുജീവിതം സിനിമ തീയേറ്ററിൽ എത്തിയത്. റിലീസ് ചെയ്ത് 25 ദിവസം പിന്നിട്ടപ്പോള്‍ തന്നെ ചിത്രം 150 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മലയാള സിനിമയിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു ആടുജീവിതം.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തിയത്.

2018 മാർച്ചിൽ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് ജോർദാൻ, അൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയിൽ കോവിഡ് കാലത്ത് സംഘം ജോർദാനിൽ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിങ് അവസാനിച്ചത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്