പ്രണയവും സംഗീതവും ഇഴചേർന്ന ദൃശ്യകാവ്യമായി "ദേവരാഗം" മനസ്സിൽ രൂപപ്പെടുമ്പോൾ, പാട്ടുകളൊരുക്കേണ്ടത് ആരെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല ഭരതന് -- പ്രിയ സുഹൃത്ത് ജോൺസൺ. എന്നാൽ കമ്പോസിംഗും റീ റെക്കോര്‍ഡിംഗും ഒക്കെയായി ആ സമയത്ത് ശ്വാസം മുട്ടിക്കുന്ന തിരക്കിലാണ് ജോണ്‍സണ്‍. ക്ഷമാപണപൂർവം ജോൺസൺ പിൻവാങ്ങിയതോടെ ഒരു മറുനാടന്‍ സംഗീത സംവിധായകന് വേണ്ടിയുള്ള അന്വേഷണം തുടങ്ങുന്നു ഭരതൻ. "അഴകനി"ലെ പ്രണയമധുരമായ മെലഡികള്‍ ഓര്‍മയില്‍ തങ്ങിനിന്നിരുന്നത് കൊണ്ട് ആ അന്വേഷണം എത്തിനിന്നത് കീരവാണിയില്‍. മുൻപ് രണ്ടു മലയാള പടങ്ങൾക്കേ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളൂ അദ്ദേഹം; നീലഗിരിയ്ക്കും സൂര്യമാനസത്തിനും. രണ്ടിലും ഉണ്ടായിരുന്നു മലയാളികൾ ഹൃദയത്തിൽ സ്വീകരിച്ച പാട്ടുകൾ.
മൗണ്ട് റോഡിലെ വി ജി പി സ്റ്റുഡിയോയിലായിരുന്നു "ദേവരാഗ"ത്തിലെ ശിശിരകാല മേഘമിഥുനത്തിന്റെ റെക്കോർഡിംഗ്. മറ്റു പാട്ടുകൾ പിറന്നത് എ വി എമ്മിലും. മലയാളികള്‍ ഒന്നടങ്കം ഏറ്റു പാടിയ ആ പാട്ടുകള്‍ പിറന്നു വീണ നിമിഷങ്ങള്‍ മറക്കാനാവില്ല ഗാനരചയിതാവ് എം ഡി രാജേന്ദ്രന്. "അപൂര്‍വമായേ ഭരതേട്ടന്‍ ഒരു സംഗീത സംവിധായകന് മുന്നില്‍ ആരാധന കലര്‍ന്ന ആദരവോടെ ഇരിക്കുന്നത് കണ്ടിട്ടുള്ളു. ഹാര്‍മോണിയത്തില്‍ ഒഴുകി നടക്കുന്ന കീരവാണിയുടെ വിരലുകള്‍ നോക്കി നിശബ്ദനായിരിക്കും അദ്ദേഹം. പ്രായത്തില്‍ ഇളപ്പമുള്ള ആളോട് എന്തിനിത്ര ബഹുമാനം എന്ന് ഞാന്‍ നേരിട്ട് ചോദിച്ചിട്ടുണ്ട്. ഈ മനുഷ്യന്‍റെ സംഗീതജ്ഞാനത്തിനു മുന്നില്‍ നമ്മള്‍ ആരുമല്ല എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ട് എന്നായിരുന്നു ഉത്തരം. അതേ ആദരവ് ഭരതേട്ടന് കീരവാണി തിരിച്ചു നല്‍കുന്നതും കണ്ടിട്ടുണ്ട്...''
മൃദുലമെങ്കിലും ശ്രുതിശുദ്ധമായ ശബ്ദത്തില്‍ കീരവാണി ഈണം മൂളിത്തരുന്നത് കേട്ടിരിക്കുക തന്നെ ഒരു സുഖമാണ് . നല്ല പാട്ടുകാരന്‍ കൂടി ആയതു കൊണ്ട് വരികളുടെ നീട്ടലും കുറുക്കലും ഒക്കെ കൃത്യമായി പറഞ്ഞു തരാന്‍ പറ്റും അദ്ദേഹത്തിന്. രചന എളുപ്പമാകാന്‍ വേണ്ടി ഇടക്ക് ചില വരികളുടെ "സാമ്പിള്‍'' പാടിത്തരുന്ന പതിവുണ്ട്. ഒരു പൊടിക്കൈ പ്രയോഗമാണത്. ഏതു ഭാഷയിലുമാകാം; പ്രത്യേകിച്ച് അര്‍ഥം ഒന്നും ഉണ്ടാവില്ല; ഗാനത്തിന്റെ ആശയവുമായി ബന്ധവും. പക്ഷെ രചയിതാവിന് പ്രചോദനമേകാന്‍ അത് ധാരാളം. രാജേന്ദ്രന്‍റെ ഓര്‍മയില്‍ രസകരമായ ഒരു അനുഭവമുണ്ട്. "ശിശിരകാല എന്ന പാട്ടിന്റെ പല്ലവി എഴുതി. ചരണത്തിന്റെ ട്യൂണ്‍ കേള്‍പ്പിച്ചു തന്ന ശേഷം അതേ സ്കെയിലില്‍ ഒരു വരി പാടി അദ്ദേഹം -- "കാമപാഠ പുസ്തകം കൊണ്ടുവന്ന ബാലിക.'' തമാശയായിട്ടായിരിക്കാം പാടിയത്. പക്ഷെ "ആദ്യ രോമഹര്‍ഷവും അംഗുലീയപുഷ്പവും അനുഭൂതി പകരുന്ന മധുരം എന്നെഴുതാന്‍ ആ പ്രചോദനം ധാരാളമായിരുന്നു എനിക്ക്. ''
വിചിത്രമായ വേഷവിതാനങ്ങളോടെയാണ് ചിലപ്പോള്‍ കീരവാണി പ്രത്യക്ഷപ്പെടുക. കാഷായ വസ്ത്രധാരിയായും അല്ലാതെയും കണ്ടിട്ടുണ്ട് അദ്ദേഹത്തെ. പക്ഷെ സംഗീതത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. നിരവധി ടെയ്ക്കുകള്‍ക്ക് ശേഷമാണ് ശിശിരകാല മേഘമിഥുന രതിപരാഗമോ എന്ന ഗാനത്തിലെ ജയചന്ദ്രന്റെ ആലാപനം അദ്ദേഹം ഓക്കേ ചെയ്തതെന്നോര്‍ക്കുന്നു രാജേന്ദ്രന്‍. തന്റെ ഭാഗം നേരത്തെ തന്നെ പാടിത്തീര്‍ത്തു സ്റ്റുഡിയോയുടെ ഒരു ഒഴിഞ്ഞ മൂലയില്‍ ഇരുന്നു കയ്യിലുള്ള ബിസ്കറ്റ് കഴിക്കുന്ന ചിത്രയുടെ ചിത്രവും മറക്കാനാവില്ല. ഗാനം പിറന്നു വീഴുന്നതിനു സാക്ഷ്യം വഹിക്കാന്‍ സ്റ്റുഡിയോയില്‍ എത്തിയവരില്‍ ചിത്രയുടെ സഹോദരിയും ഗായികയുമായ കെ എസ് ബീനയും ഉണ്ടായിരുന്നു.
ദേവരാഗം സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കിയില്ലെങ്കിലും പാട്ടുകള്‍ എളുപ്പം ജനത്തിന്റെ ചുണ്ടില്‍ ഇടം നേടി-- പ്രത്യേകിച്ച് ശിശിരകാല മേഘമിഥുന (ജയചന്ദ്രൻ, ചിത്ര), ശശികല ചാര്‍ത്തിയ (ചിത്ര, കീരവാണി), കരിവരി വണ്ടുകള്‍ (ജയചന്ദ്രന്‍), യ യ യാ യാദവാ ( ഉണ്ണികൃഷ്ണന്‍, ചിത്ര) താഴമ്പൂ മുടി മുടിച്ച് (ചിത്ര, സിന്ധു) എന്നിവ.
"ഓരോ പാട്ടും ശ്രോതാക്കളുടെ മനസ്സില്‍ അവശേഷിപ്പിക്കുക വ്യത്യസ്തമായ വൈകാരിക അനുഭൂതികളായിരിക്കും,'' -- കീരവാണിയുടെ വാക്കുകള്‍. "സ്രഷ്ടാക്കളുടെ കാര്യത്തിലുമുണ്ട് ഈ പ്രത്യേകത. ശിശിരകാല എന്ന ഗാനത്തിനൊപ്പം എന്‍റെ മനസ്സില്‍ തെളിയുക ഭരതന്‍റെ ശാന്തഗംഭീരമായ മുഖമാണ്. ഋഷിതുല്യനായ ചലച്ചിത്രകാരന്‍. സിനിമയില്‍ വന്നു പെട്ടില്ലായിരുന്നെങ്കില്‍ യോഗിയോ മറ്റോ ആയിപ്പോയേനെ അദ്ദേഹം. അല്ലെങ്കില്‍ കവിയോ ഗായകനോ. ദേവരാഗത്തിലെ പാട്ടുകള്‍ ഇന്നും നിങ്ങളൊക്കെ ഓര്‍ത്തിരിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ നന്മയുള്ള എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭരതന്റെ സംഗീത മനസ്സും ഉണ്ട്..''
ഐ വി ശശി സംവിധാനം ചെയ്ത "നീലഗിരി" (1991) യിലൂടെയാണ് മലയാളത്തിൽ കീരവാണിയുടെ അരങ്ങേറ്റം. "നിര്‍മാതാവ് കെ ആര്‍ ജി ആണ് നീലഗിരിയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ എന്നെ ക്ഷണിച്ചത്. അത്രയും വലിയൊരു പ്രോജക്റ്റുമായി തുടക്കത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതി ഞാന്‍; ഒപ്പം വെല്ലുവിളിയും. തീര്‍ത്തും അപരിചിതമായ ഭാഷ. എങ്കിലും കവിതയോടും അക്ഷരങ്ങളോടും എന്നും ഉള്ളില്‍ സ്നേഹമുണ്ടായിരുന്നത് കൊണ്ട് ആ അപരിചിതത്വം എളുപ്പം മാറി. നീലഗിരിക്ക് വേണ്ടി ആദ്യം ചെയ്ത തുമ്പീ നിന്‍ മോഹം എന്ന പാട്ടിനോട് ഇന്നുമുണ്ട് എനിക്കൊരു പ്രത്യേക വാത്സല്യം. പി കെ ഗോപിയുടെ വരികള്‍ക്ക് എന്തൊരു ലാളിത്യമാണ്...''
"നീലഗിരി"ക്ക് പാട്ടെഴുതാന്‍ ചെന്ന തന്നെ ചെന്നൈ വുഡ്‌ലാൻഡ്‌സ് ഹോട്ടലിലെ മുറിയില്‍ കാത്തിരുന്ന ശാന്തഗംഭീരനായ ചെറുപ്പക്കാരന്റെ ചിത്രം പി കെ ഗോപി മറന്നിട്ടില്ല. "സംഗീതമല്ലാതെ മറ്റൊരു ചിന്തയും മനസ്സില്‍ ഇല്ലാത്ത ആള്‍ എന്ന് ഒറ്റ നോട്ടത്തിലേ മനസ്സിലായി. ഒരു നിമിഷം പോലും പാഴാക്കാതെ ഹാര്‍മോണിയം മുന്നിലേക്ക് നീക്കിവെച്ച് ഈണം മൂളിത്തരുകയാണ് അദ്ദേഹം ചെയ്തത്. അനാവശ്യമായ സംസാരം ഇല്ല. നോക്കിലും വാക്കിലും എല്ലാം സംഗീതം മാത്രം. ആര്‍ദ്രഭാവമുള്ള ഒരു ഈണത്തിനൊത്തു വളരെ പെട്ടെന്ന് എഴുതിക്കൊടുത്തതാണ് തുമ്പീ നിന്‍ എന്ന ഗാനം. എ വി എം ജി തിയറ്ററില്‍ വച്ചായിരുന്നു ഗാനങ്ങളുടെ റെക്കോര്‍ഡിംഗ്.'' ചിത്ര പാടിയ ഈ പാട്ടിനു പുറമേ വേറെയും നല്ല ഗാനങ്ങള്‍ ഉണ്ടായിരുന്നു നീലഗിരിയില്‍-- കിളിപാടുമേതോ, മേലെ മാനത്തെ തേര്, മഞ്ഞു വീണ പൊന്‍ താരയില്‍ എന്നിവ ഓര്‍ക്കുക.
കൈതപ്രം - കീരവാണി ടീമിന്റെ ഗാനങ്ങളുമായി "സൂര്യമാനസം'' പുറത്തു വന്നത് തൊട്ടടുത്ത വർഷം. "എന്നെ വിസ്മയിപ്പിച്ച സംഗീത സംവിധായകനാണ് കീരവാണി.'' -- കൈതപ്രം പറയുന്നു. "താപസതുല്യമായ ശാന്തതയായിരിക്കും മിക്കപ്പോഴും ആ മുഖത്ത്. പക്ഷെ ഈണമിടാന്‍ ഇരിക്കുമ്പോള്‍ അദ്ദേഹം മറ്റൊരാളായി മാറും. ഒരു വികാരപ്രപഞ്ചം തന്നെ വന്നു നിറയും മുഖത്ത്. ഭാവമധുരമായി അദ്ദേഹം പാടിത്തരുമ്പോള്‍ എഴുതുന്നയാള്‍ക്കും അത് ഉള്‍ക്കൊള്ളാതിരിക്കാന്‍ കഴിയില്ല. അത്തരമൊരു മൂഡില്‍ എഴുതിയതാണ് "തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം '' എന്ന ഗാനം. കഥാപാത്രത്തിന്റെ സവിശേഷ വ്യക്തിത്വം മനസ്സില്‍ കണ്ടാണ് സൂര്യമാനസം എന്ന് പ്രയോഗിച്ചത്, അത് അദ്ദേഹത്തിന് വളരെ ഇഷ്ടമായി. പിന്നീട് സിനിമയ്ക്കും അതേ പേര് തന്നെ മതിയെന്ന് സംവിധായകന്‍ നിശ്ചയിക്കുകയും ചെയ്തു.''
മലയാളത്തില്‍ കീരവാണിയുടെ ഈണങ്ങളുമായി പുറത്തുവന്ന അവസാന സിനിമ ആയിരുന്നു ദേവരാഗം. "സ്വര്‍ണചാമരം" പോലുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി പിന്നെയും സംഗീതസൃഷ്ടി നടത്തിയെങ്കിലും വഴിയ്ക്കുവച്ചു മുടങ്ങിപ്പോയ ആ പടങ്ങള്‍ക്കൊപ്പം ഗാനങ്ങളും വിസ്മൃതിയില്‍ ഒടുങ്ങി. കെ ജയകുമാറിന്റെ വരികളില്‍ നിന്ന് "സ്വര്‍ണചാമര"ത്തിന് വേണ്ടി കീരവാണി സൃഷ്ടിച്ച ഈണങ്ങള്‍ എല്ലാം ഹൃദ്യമായിരുന്നു-- ചിത്ര പാടിയ "ഒരു പോക്കുവെയിലേറ്റ" എന്ന ഗാനം ഉദാഹരണം.
"ദേവരാഗ"ത്തിന് ശേഷം കീരവാണിയും ഗായകന്‍ ജയചന്ദ്രനും ഒരുമിച്ച പുന്നാരം കുയില്‍ (1999 ) എന്ന പടത്തിനും ഉണ്ടായില്ല പുറത്തിറങ്ങാനുള്ള യോഗം. "ആ സിനിമയ്ക്ക് വേണ്ടി ജയചന്ദ്രന്റെയും ചിത്രയുടെയും സ്വരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഇന്നലെ പെയ്ത മഴത്തുള്ളികള്‍ എന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഗാനങ്ങളില്‍ ഒന്നാണ്. എന്ത് ചെയ്യാം. പടം പുറത്തു വരാത്തതിനാല്‍ പാട്ടും ശ്രോതാക്കളില്‍ എത്തിയില്ല.'' -- പുന്നാരംകുയിലിലെ ഗാനങ്ങള്‍ എഴുതിയ ഷിബു ചക്രവര്‍ത്തി പറയുന്നു. കീരവാണി ശബ്ദം നല്‍കിയ രണ്ടു പാട്ടുകള്‍ ആയിരുന്നു ആ സിനിമയുടെ മറ്റൊരു ആകര്‍ഷണം: പവിഴമുന്തിരി തളിര്‍ത്തുവല്ലോ, അദ്വൈതാമൃത (യേശുദാസിന് ഒപ്പം). മലയാളത്തില്‍ സ്വന്തം ഈണത്തില്‍ അല്ലാതെ കീരവാണി ഒരൊറ്റ പാട്ടേ പാടിയിട്ടുള്ളു: മാണിക്യ ചെമ്പഴുക്ക (1995) എന്ന സിനിമയിലെ മാനത്തെങ്ങാണ്ടും എന്ന് തുടങ്ങുന്ന ആ ശീര്‍ഷക ഗാനം രചിച്ചത് ഷിബു ചക്രവര്‍ത്തി; ഈണമിട്ടത് കീരവാണിയുടെ ഗുരു രാജാമണിയും. പിന്നീട് കീരവാണിയുടെ ഈണങ്ങള്‍ മലയാളി കേട്ടത് ഡബ്ബിംഗ് പടങ്ങളിലാണ്.
"നിങ്ങളുടെ ഭാഷ എനിക്ക് ഇനിയും പിടി തന്നിട്ടില്ല. തമിഴും ഹിന്ദിയും കന്നഡയും ഒക്കെ എനിക്ക് വഴങ്ങും. പക്ഷെ മലയാളം സംസാരിക്കാന്‍ പ്രയാസമാണ്-- കേള്‍ക്കാന്‍ ഇഷ്ടമാണെങ്കിലും..സൂര്യമാനസത്തിലെയും ദേവരാഗത്തിലെയും പാട്ടുകളില്‍ കേരളീയാംശം ഉണ്ടെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഗാനങ്ങള്‍ എഴുതിയ കവികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് അതിനുള്ള ക്രെഡിറ്റ്.'' -- കീരവാണിയുടെ വാക്കുകൾ.