ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ തിരിച്ചുവരവ്, മന്ത്രിപദത്തിലിരിക്കുന്ന ഉദയനിധി സ്റ്റാലിന്റെ അവസാനസിനിമ, റിലീസിന് മുൻപ് മാമന്നൻ വാർത്തകളിൽ നിറഞ്ഞത് ഇങ്ങനെയായിരുന്നെങ്കിൽ ചിത്രത്തിന്റെ പ്രമേയവും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവുമാണ് ഇപ്പോഴത്തെ ചർച്ച. പ്രമേയത്തിന്റെ കരുത്തും പ്രകടന മികവും ചർച്ചയാകുമ്പോൾ ബോക്സ് ഓഫീസിലും പതുക്കെ നേട്ടമുണ്ടാക്കി തുടങ്ങുകയാണ് മാരി സെൽവരാജ് ചിത്രം
കഴിഞ്ഞ വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം രണ്ടു ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ 10 കോടി കളക്ഷനുമായി കൂടുതൽ തീയേറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിക്കുകയാണ്. ഗ്രാൻഡ് ഓപ്പണിങ് ഒന്നുമില്ലാതെ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ഗുണകരമാകുന്നത്.
ഇതുവരെ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച വടിവേലു തിരിച്ചുവരവിൽ ചിന്തിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്നു. പുഷ്പയ്ക്ക് പിന്നാലെ മറ്റൊരു വില്ലൻ വേഷത്തിലൂടെ ഫഹദ് ഫാസിൽ പാൻ ഇന്ത്യൻ താരമായി ഉയരുകയാണ്. സിനിമാ ജീവിതം അവസാനിച്ച ഉദയനിധി സ്റ്റാലിന്റെ കരിയർ ബെസ്റ്റായി മാറുന്നു മാമന്നൻ.
കൂടുതൽ സ്ക്രീനുകളിലും തീയേറ്ററുകളിലും പ്രദർശനം തുടങ്ങിയതോടെ വാരാന്ത്യത്തിൽ മികച്ച കളക്ഷൻ ലഭിക്കുമെന്നാണ് വിലയിരുത്തൽ.