തെന്നിന്ത്യയിലെ ജാതി രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തവും ശക്തവുമായി ചർച്ച ചെയ്യുന്നതിലും അതിന്റെ പ്രത്യാഘാതങ്ങളെ വിമർശാനാത്മകമായി സമീപിക്കുന്നതിലും തമിഴ് സിനിമകളുടെ പങ്ക് വളരെ വലുതാണ്. ദ്രാവിഡനാണെന്ന് ഉറക്കെപ്പറയാൻ ശ്രമിക്കുന്നതിലൂടെ ഊരുകളിലെ ജാതി വിലക്കുകളെയും ജാതിക്കൊലകളെയും കുറിച്ച് പുറം ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട്, അംബേദ്കറിന്റെയും ഇവി രാമസ്വാമി നായ്കറുടെയും മാർക്സിന്റെയുമൊക്കെ രാഷ്ട്രീയം സംസാരിക്കാൻ തമിഴ് സിനിമകൾ നിരന്തരം ശ്രമിച്ചുവരികയാണ്. ഈ ഗണത്തിൽ തമിഴ്നാട്ടിലെ ഊരുകളിൽ ഇന്നും നിലനിൽക്കുന്ന ജാതി വിവേചനങ്ങളെ തന്റെ സിനിമയിലൂടെ നിരന്തരം അഡ്രസ് ചെയ്യാൻ ശ്രമിക്കുന്ന സംവിധായകനാണ് മാരി സെൽവരാജ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാരിയുടെ മാമന്നനും ജാതിവിവേചനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
മാരിയുടെ ആദ്യ രണ്ട് സിനിമകളായ 'പരിയേറും പെരുമാള്‍', 'കർണ്ണന്‍' എന്നിവ പറഞ്ഞ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് മാമന്നനും പറയുന്നത്. ജാതി രാഷ്ട്രീയത്തെക്കുറിച്ചുളള ചർച്ച മാമന്നനിൽ അവസാനിക്കുന്നതല്ലെന്നും മാരി പറഞ്ഞു കഴിഞ്ഞു
മാരി സെൽവരാജ് ജാതിരാഷ്ട്രീയത്തെക്കുറിച്ചാണ് സിനിമ ചെയ്യുന്നതെന്ന വിമർശനം നിലനിൽക്കവേ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ചെയ്യുന്നതിന് പിന്നിലുളള രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
"നാൻ പാടിക്കൊണ്ടിരുപ്പത് ഒരേ പാടലാകെയിരുക്കലാം… അത് യെൻ വാഴ്നാൾ മുഴുവതും പാടുവേൻ" എന്ന് ട്രെയിലറിൽ കേന്ദ്രകഥാപാത്രമായ വടിവേലു പറയുന്നത് മാരിയുടെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ മാരിയുടെ ആദ്യ രണ്ട് സിനിമകളായ 'പരിയേറും പെരുമാള്‍', 'കർണ്ണന്‍' എന്നിവ പറഞ്ഞ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് മാമന്നനും പറയുന്നത്. ജാതി രാഷ്ട്രീയത്തെക്കുറിച്ചുളള ചർച്ച മാമന്നനിൽ അവസാനിക്കുന്നതല്ലെന്നും മാരി പറഞ്ഞുകഴിഞ്ഞു.
ജാതീയമായ അടിച്ചമർത്തലിന് അധികാരം എങ്ങനെ ഉപയോഗിക്കുന്നു, ആ അധികാരത്തിന് പിന്നിൽ പ്രവർത്തിച്ചുവരുന്ന സാമ്പത്തിക അടിത്തറയെന്ത് എന്നതിന്റെ രാഷ്ട്രീയമാണ് മാമന്നൻ ചർച്ച ചെയ്യുന്നത്. അധികാരം മർദനോപകരണമായി മാറുമ്പോൾ ജാതിയിൽ പിന്നാക്കം നിൽക്കുന്നവരെ അടിമകളായി നിലനിർത്താൻ സാധിക്കുമെന്ന ചിന്തയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലുവിലൂടെ മാരി മാമന്നനിൽ കാണിച്ചുതരുന്നത്. എന്നാൽ, ഒരു സാധാരണ മനുഷ്യനായി ജീവിക്കുകയും രാഷ്ട്രീയത്തിൽ താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ച് കാശിപുരം മണ്ഡലത്തിന്റെ എംഎൽഎയുമായ മണ്ണ് എന്ന് വിളിക്കുന്ന മാമന്നന് (വടിവേലു) സ്വന്തം കക്ഷിക്കാരനായ രത്നവേലിന്റെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ കഴിയില്ലെന്ന് മകൻ അധിവീരൻ (ഉദയ് നിധി സ്റ്റാലിൻ) അറിയുന്നതോടെയാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്.
കീഴാളസ്വത്വബോധത്തെ അവരുടെ സംസ്കാരത്തിൽ ഊന്നി നിന്നുകൊണ്ട് വ്യക്തമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നതാണ് മാരിയുടെ സിനിമകളിലെ വിജയം. ഇതിനായി മാരി തിരഞ്ഞെടുക്കുന്നത് പക്ഷിമൃഗാദികളെയാണ്. പരിയേറും പെരുമാളിൽ കറുപ്പി എന്ന നായയെ ബിംബമാക്കിയെങ്കിൽ കർണ്ണനിൽ കഴുതയും പരുന്തും കുതിരയുമടക്കമുളളവയെ ആണ് തിരഞ്ഞെടുത്തത്. കർണനിൽ തുടക്കം മുതൽ കാലുകൾ കൂട്ടിക്കെട്ടിയ ഒരു കഴുതയെയാണ് കാണിക്കുന്നത്. എന്നാൽ, നായക കഥാപാത്രം അടിമയാകാൻ തയാറാകാതെ സ്വതന്ത്രനായി തലയുയർത്തി നിൽക്കാൻ തീരുമാനിക്കുന്നതോടെ കഴുതയുടെ കാലിലെ കെട്ടും പൊട്ടിച്ചെറിയുന്നു.
2022ൽ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷനിൽ പെരുമാൾ മുരുകന്റെ 'വരുഗരി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി തമിഴ് സംവിധാനം ചെയ്ത് സെത്തുമാൻ (seththumaan) എന്ന സിനിമയില്‍ മാമന്നൻ പറയുന്ന രാഷ്ട്രീയത്തിന്റെ വേറൊരു തലം അനുഭവിക്കാൻ കഴിയും. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ പൂച്ചിയപ്പ (മാണിക്കം), അദ്ദേഹത്തിന്റെ ചെറുമകൻ കുമരേശൻ (അശ്വിൻ ശിവ) എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മകനും മരുമകളും പശുവിറച്ചി കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെടുന്നതിനുശേഷം കുമരേഷന്റെ വിദ്യാഭ്യാസവും കാര്യങ്ങളും നോക്കുന്നത് പൂച്ചിയപ്പയാണ്. കൊട്ട നെയ്ത് വിറ്റാണ് പേരക്കുട്ടിയെ പൂച്ചിയപ്പ വളർത്തുന്നത്.
പൂച്ചിയപ്പ ജോലി ചെയ്യുന്ന വീടിന്റെ ഉടമസ്ഥനായ വെള്ളയ്യന് പന്നിയിറച്ചി കഴിക്കാൻ ആഗ്രഹം തോന്നുകയും വൃത്തിയുളള പന്നി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് സെത്തുമാന്റെ പ്രമേയം. എന്നാൽ, ചെളിയിൽ കിടക്കുന്ന പന്നിയിറച്ചി തിന്നിട്ട് എന്റെ അടുത്ത് കിടക്കാൻ വരണ്ടെന്ന് വെളളയ്യന്റെ ഭാര്യ പറയുന്നുണ്ട്. ബ്രാഹ്മണിക്കൽ രാഷ്ട്രീയത്തിന്റെ ആഴമാണ് വെളളയ്യന്റെ ഭാര്യയിലൂടെ പറഞ്ഞുവയ്ക്കുന്നത്. പ്രബല-ജാതിയിൽപ്പെട്ട രണ്ടുപേർ തമ്മിൽ സംഘർഷമുണ്ടായാലും അതിന്റെ ഭാരം പേറുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരാണെന്ന് സെത്തുമാൻ നമ്മെ ബോധ്യപ്പെടുത്തുന്നു. ഇത്തരത്തിൽ തമിഴ് സിനിമകൾ നിരന്തരം പറയുന്ന ജാതീയമായ അടിച്ചമർത്തലുകളുടെ രാഷ്ട്രീയം തന്നെയാണ് മാമന്നനിലൂടെ മാരി സെൽവരാജ് പറഞ്ഞു വയ്ക്കുന്നതും.
വർത്തമാനകാല ഇന്ത്യയിലെ ദലിത് ജീവിതങ്ങൾ രാജ്യത്ത് അനുഭവിക്കുന്ന പ്രശ്നങ്ങളെക്കൂടിയാണ് മാരി മാമന്നനിലൂടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. കോർപ്പറേറ്റുകളുടെയും ഫാഷിസ്റ്റ് സർക്കാരുകളുടെയും കീഴിൽ, രാജ്യത്ത് കീഴാള സമൂഹം അധികാരത്തിലെത്തിയാലും അടിമയായിത്തന്നെ തുടരുമെന്ന് മാമന്നനിലൂടെ മാരി പറഞ്ഞുവയ്ക്കുന്നു.
പരിയേറും പെരുമാളിൽ ''നീങ്കെ നീങ്കളാ ഇരുക്കിരെ വരേക്കും നാൻ നായാതാം ഇരുക്കനോംന്ന് എതിർപാർക്കെ വരേക്കും ഇങ്കെ എതുവുമേ മാറലേ, അപ്പടിതാ ഇരുക്കും'' എന്ന് പറഞ്ഞ മാരി മാമന്നനിൽ എത്തുമ്പോൾ ആ പ്രശ്നങ്ങൾക്ക് പരിഹാരം കൂടി കണ്ടെത്തുന്നുണ്ട്. ചെറുത്ത് നിൽപ്പിനായി തിരിച്ചടിക്കുന്ന അധിവീരൻ മുന്നോട്ട് ഓടുന്നതിനെ, രത്നവേൽ തന്റെ നായകളെ വെടിവയ്ക്കുന്ന സീനിലൂടെ പറയുന്നുണ്ട്. നായകൾ ഭയക്കാതെ തന്നെ മുന്നോട്ട് ഓടുകയാണ്. ആ മുന്നോട്ടുളള കുതിപ്പിനെ മാർക്സിസവുമായി മാരി ബന്ധിപ്പിച്ച് നിർത്തുന്നുണ്ട്.
നിങ്ങൾക്ക് മുകളിലുള്ളവനെ വണങ്ങുക, അല്ലെങ്കിൽ നിങ്ങളുടെ കൂടെയുള്ളവനെ വണങ്ങുക, എന്നാൽ നിങ്ങൾക്ക് താഴെയുള്ള ഒരാളെ വണങ്ങരുത്. താഴെ ഇരിക്കുന്നവനെ വണങ്ങിയാൽ മരണ തുല്യമാണെന്ന രത്നവേലിന്റെ അച്ഛനും രാഷ്ട്രീയ നേതാവുമായ സുന്ദരത്തിന്റെ വാക്കുകളാണ് രത്നവേലിനെ അധികാരത്തിന്റെയും ജാതിബോധത്തിന്റെയും വെറുപ്പിന്റെയും പ്രതിനിധിയാക്കി മാറ്റുന്നത്. അധികാരം അടുത്ത തലമുറയ്ക്ക് കൈമാറാൻ കൂടിയുളള ശ്രമത്തിന്റെ ഭാഗമായാണ് രത്നവേൽ കക്ഷി വിട്ട് മാമന്നനെതിരെ മത്സരിക്കാൻ തയാറാകുന്നത് പോലും.
രത്നവേൽ നായകളെ തന്റെ അടിമകളായി കണ്ടാണ് വളർത്തുന്നത്. കീഴാള സമൂഹത്തിന്റെ പ്രതിനിധികൾ തന്നെയാണ് നായകളും. അടിമകളായി കണ്ടിരുന്ന നായകൾ റേസിൽ തോറ്റാൽ അതിനെ അടിച്ചുകൊല്ലുന്നതാണ് രത്നവേലിന്റെ ശീലം. അതേസമയം ബലികൊടുക്കാൻ ക്ഷേത്രത്തിൽ കൊണ്ടുവരുന്ന പന്നിയെ രക്ഷിക്കുകയാണ് അധിവീരൻ ചെയ്യുന്നത്. രത്നവേലിന്റെ അച്ഛനിലൂടെ രാഷ്ട്രീയത്തിൽ എത്തിയ മാമന്നൻ എംഎൽഎ ആയിട്ടും കാലങ്ങളായി രത്നവേലിന്റെ മുന്നിൽ നിന്നാണ് ശീലം. എന്നാൽ മാമന്നൻ എന്ന വ്യക്തി അങ്ങനെയായിരുന്നില്ല. തന്റെ മുന്നിൽ വരുന്ന ആരെയും വലിപ്പചെറുപ്പം നോക്കാതെ കൂടെയിരുത്തി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു. ജനങ്ങളുടെ വോട്ട് നേടി അധികാരത്തിൽ എത്തിയിട്ട് ജനങ്ങളെ തന്റെ മുന്നിൽ നിർത്തുന്ന രാഷ്ട്രീയക്കാരനല്ല മാമന്നൻ എന്ന് ചുരുക്കം.
മാമന്നനിലേക്ക് വരുമ്പോൾ മാരി രണ്ട് രൂപകങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഒന്ന് നായയും മറ്റൊന്ന് പന്നിയും. സമ്പന്നനായി ജനിച്ചുവളർന്ന രത്നവേൽ നായകളെ വളർത്തുകയും നായകളുടെ റേസ് സംഘടിപ്പിക്കുകയും ചെയ്യുമ്പോൾ, ചെറുപ്പത്തിൽ തന്നെ ജാതീയമായ ഉച്ചനീചത്വങ്ങളെ നേരിട്ട അധിവീരൻ പട്ടണത്തിൽ ആയോധനകല പഠിപ്പിക്കുകയും വീടിനോട് ചേർന്ന് പന്നി ഫാം നടത്തുകയുമാണ്. ചെറുപ്പത്തിൽ ക്ഷേത്രക്കുളത്തിൽ കുളിച്ച അധിവീരനും കൂട്ടുകാർക്കും ഉയർന്ന ജാതിക്കാരിൽ നിന്നും കല്ലേറ് ഏൽക്കുകയും ആ ആക്രമണത്തില്‍ കൂട്ടുകാർ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. പാർട്ടി പ്രവർത്തകനായിട്ടും യാതൊന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി നിൽക്കാനാണ് മാമന്നന്റെ വിധി. എന്നാൽ ജാതി വ്യവസ്ഥയ്ക്കെതിരെയും നീചമായ കാര്യങ്ങൾക്കെതിരെയും ചോദ്യം ചോദിക്കാൻ ഭയക്കാത്ത അധിവീരന്റെ കൈയിലെ പന്നിയുടെ ടാറ്റൂ പ്രതിനിധീകരിക്കുന്നത് വർഗബോധത്തെയാണ്.
കീഴാള ജനത വളർത്തുകയും ഭക്ഷിക്കുകയും ചെയ്യുന്ന മൃഗമായാണ് പന്നിയെ ഏവരും കണക്കാക്കുന്നത്. ചെളിയിൽ കിടക്കുന്ന പന്നികളെ എല്ലാം രത്നവേലിന്റെ നായകൾ കടിച്ചുകൊല്ലുമ്പോഴും, കീഴാള ജനതയുടെ പ്രതിനിധിയായി ഒരു പന്നി അതിൽ അവശേഷിക്കുന്നുണ്ട്. മണ്ണെന്ന് വിളിക്കപ്പെട്ടിരുന്ന മാമന്നനെ മാമന്നനാക്കുന്നത് മകൻ അധിവീരനാണ്. തനിക്ക് ഇനി അടിമയായിരിക്കാൻ ആവില്ലെന്ന് തീരുമാനിക്കുന്നതോടെ മാമന്നൻ രത്നവേലിനെതിരെ മത്സരിക്കുകയും വീണ്ടും വിജയിക്കുകയും ചെയ്യുന്നുണ്ട്. തുടക്കത്തിൽ ചെളിയിൽ കിടന്നിരുന്ന പന്നി സിനിമയുടെ അവസാന ഭാഗത്ത് വീട്ടിലെ കട്ടിലിൽ കിടക്കുന്നതിലൂടെ മാരി തന്റെ പതിവ് രാഷ്ട്രീയം ഭംഗിയായി പറഞ്ഞ് അവസാനിപ്പിക്കുകയാണ്.
മാമന്നന്റെ കൈയില്‍ കക്ഷിത്തലവനും മുഖ്യമന്ത്രിയുമായ സുന്ദരരാജന്റെ (ലാൽ) ടാറ്റൂവാണുളളത്. കീഴാള ജനതയ്ക്ക് അധികാരത്തിൽ വന്നാൽ മാത്രമേ മാറ്റം ഉണ്ടാക്കാൻ സാധിക്കൂ എന്നതിനപ്പുറം, അധികാരത്തിൽ എത്തിയാൽ എങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നതാണ് മാമന്നനിലൂടെ മാരി പറയുന്നത്. എന്നാൽ അധികാരത്തിൽ ഇരിക്കുമ്പോഴും സ്വന്തം കക്ഷിക്കാരിൽ നിന്നു പോലും ജാതീയമായ വിവേചനങ്ങൾ നേരിടേണ്ടി വരുന്നത്, സമത്വവും സാമൂഹിക ബോധത്തെയും കുറിച്ച് പറയുന്ന രാഷ്ട്രീയ പാർട്ടികളിൽപ്പോലും ജാതി എത്രമാത്രം ആഴത്തിലാണ് സ്വാധീനിക്കുന്നതെന്ന് കൂടി വ്യക്തമാക്കാന്‍ മാരി ചിത്രത്തില്‍ ശ്രമിച്ചിട്ടുണ്ട്.
ഏറെ വൈകാരികമായ നിമിഷങ്ങൾ മാമന്നനിൽ ഉണ്ട്. അച്ഛനും മകനും തമ്മിലുളള ബന്ധത്തിന്റെ ആഴവും പരപ്പും അവർ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും മാമന്നന്റെ ഭാര്യ വീരായിയും (ഗീത കൈലാസം) അനുഭവിക്കുന്നുണ്ട്. കീഴാളരെന്ന് അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും മാമന്നനെയും അധിവീരനെയും ഏറ്റവും ഉയരമുളള സ്ഥലങ്ങളിൽ നിർത്തി ഒരൊറ്റ ഫ്രെയിമിൽ കൊണ്ടു വരികയും, എക്സ്ട്രീം വൈഡ് ഷോട്ടുകളും ഹെലികാം ഷോട്ടുകളും ഉപയോഗിച്ച് അവർ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ആഴത്തെ അതിലൂടെ പ്രേക്ഷകന് മാരി കാണിച്ചുതരുന്നുമുണ്ട്. എ ആർ റഹ്മാന്റെ സംഗീതവും വടിവേലുവിന്റെ പാട്ടും അതിന്റെ മാറ്റ് കൂട്ടുന്നു.
അതേസമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി വരുന്ന ലീല (കീർത്തി സുരേഷ്) യിലൂടെ അംബേദ്കറിന്റെ രാഷ്ട്രീയവും മാരി ഭംഗിയായി പറഞ്ഞുവയ്ക്കുന്നു. നന്നായി പഠിച്ച് ഒരു അധികാരത്തിൽ പോയി ഉക്കാര്. ആനാൽ അധികാരത്തിൽ വന്തതുക്കപ്പുറം അവനങ്കെ നമുക്ക് പൺട്രത്, നീ എവനക്കും പണ്ണാമിതിരി എന്ന് അസുരനിൽ വെട്രിമാരൻ പറയുന്ന രാഷ്ട്രീയത്തിന്റെ പിന്തുടർച്ചയാണ് മാമന്നനിലൂടെ മാരി പറയുന്നത്. മാമന്നൻ പിന്തുടരുന്ന തന്തൈ പെരിയാറിന്റെ രാഷ്ട്രീയം ദ്രാവിഡ മക്കളുടെ രാഷ്ട്രീയമാണ്.
സൗമ്യനായ ലളിത ജീവിതം നയിക്കുന്ന മാമന്നൻ തന്റെ മുന്നിൽ വരുന്ന മനുഷ്യരെ ഒന്നായി കാണാൻ ശ്രമിക്കുന്നതിലൂടെ ജാതി വിവേചനത്തെ പൊളിച്ചെഴുതുന്നുണ്ട്. ബുദ്ധനും മാമന്നനും ഇൻ ആൻഡ് ഔട്ട് ഓഫ് ഫോക്കസിൽ വരുന്ന ഒരു ഫ്രെയിം തേനി ഈശ്വർ ഭംഗിയായി ചെയ്തിട്ടുണ്ട്. എന്നാൽ, ലീലയും അധിവീരനും പിന്തുടരുന്ന മാർക്സിന്റെയും അംബേദ്കറിന്റെയും രാഷ്ട്രീയത്തിന്റെ സങ്കലനം മാമന്നൻ ഒടുവിൽ കൈവരിക്കുന്നുണ്ട്. കാറിലിരുന്നു രത്നവേലിന്റെ നേർക്ക് തോക്ക് ചൂണ്ടുന്ന മാമന്നൻ ഉയർത്തുന്നത് അത്തരത്തിലുളള ഒരു പ്രതിരോധത്തിന്റെ രാഷ്ട്രീയം കൂടിയാണ്. മാരിയുടെ സിനിമകളിലെ പതിവ് ക്രിട്ടിക്കൽ റിയലിസ്റ്റിക് തലത്തിൽ നിന്നു കൊണ്ടുളള കഥ പറച്ചിലിന് അപ്പുറം മാമന്നൻ സോഷ്യലിസ്റ്റിക് റിയലിസത്തിന്റെ തലത്തിലേക്ക് കടന്നുകൊണ്ട് ജാതി ഉന്മൂലനത്തിന് ശ്രമിക്കുന്നുവെന്നതാണ് മാമന്നന്റെ വിജയം.