ബോളിവുഡ് താരം കരീന കപൂറിന്റെ ഓര്‍മക്കുറിപ്പിനെതിരെ നോട്ടീസ് അയച്ച് മധ്യപ്രദേശ് ഹൈക്കോടതി. 'കരീന കപൂര്‍ ഖാന്‍സ് പ്രെഗ്നന്‍സി ബൈബിള്‍' (കരീന കപൂറിന്റ ഗര്‍ഭകാല ബൈബിള്‍) എന്ന ഓര്‍മക്കുറിപ്പിനെതിരെയുള്ള ഹര്‍ജിയിലാണ് നേട്ടീസ് അയച്ചിരിക്കുന്നത്. പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന് ഉപയോഗിച്ചതിനെതിരെ അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആന്റണി കോടതിയെ സമീപിച്ചിരുന്നു.
കരീന കപൂറിനും പുസ്തക വിതരണക്കാര്‍ക്കെതിരെയും കേസെടുക്കണമെന്ന ക്രിസ്റ്റഫറിന്റെ പരാതിയില്‍ ജസ്റ്റിസ് ഗുര്‍പല്‍ സിങ് അഹ്‌ലുവാലിയയുടെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തലക്കെട്ടില്‍ ബൈബിള്‍ എന്ന് ഉപയോഗിച്ചത് എന്തിനാണെന്ന് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പുസ്തക വില്‍പ്പന നിര്‍ത്തണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുസ്തക വിതരണക്കാര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ക്രിസ്ത്യന്‍ സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ജബല്‍പ്പൂരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയ ക്രിസ്റ്റഫര്‍ കരീനയുടെ പുസ്തകത്തിനെതിരെ പരാതി നല്‍കിയത്. ''ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമുദായത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിള്‍. കരീന കപൂര്‍ ഖാന്റെ ഗര്‍ഭ കാലവുമായി ബന്ധപ്പെട്ട് ബൈബിളിനെ താരതമ്യം ചെയ്യുന്നത് തെറ്റാണ്. പുസ്തകത്തിന്റെ വിലകുറഞ്ഞ പ്രചരണ തന്ത്രമെന്ന രീതിയിലാണ് കരീന ഈ വാക്ക് പ്രയോഗിച്ചിരിക്കുന്നത്'', അഭിഭാഷകന്‍ പറയുന്നു.
2021ലാണ് കരീന കപൂറിന്റെ ഓര്‍മക്കുറിപ്പ് പുറത്തിറങ്ങുന്നത്. 43 വയസിലുള്ള കരീനയുടെ ഗര്‍ഭകാലവും ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദേശങ്ങളും നല്‍കുന്നതാണ് പുസ്തകം. ആദ്യം പരാതിയുമായി അഭിഭാഷകന്‍ പോലീസിനെ സമീപിക്കുകയും അവര്‍ കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തലക്കെട്ടില്‍ ബൈബിള്‍ എന്ന് ഉപയോഗിക്കുന്നത് എങ്ങനെ തെറ്റാകുമെന്ന് ചോദിച്ച കീഴ്‌ക്കോടതി അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയും ഹര്‍ജി തള്ളുകയായിരുന്നു. തുടർന്നാണ് ഹർജിക്കാരന്‍ ഹൈക്കോടതി സമീപിച്ചത്.