വേലയില്ലാ പട്ടധാരി സിനിമയ്‌ക്കെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ചിത്രത്തിലെ പുകവലി രംഗങ്ങളില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിനിമക്കെതിരെ കേസെടുത്തത്. കേസിനെതിരെ നടന്‍ ധനുഷ് സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ പുകവലിക്കെതിരായ മുന്നറിയിപ്പുകളില്ലെന്ന വാദം കോടതി തള്ളി
സിനിമാ പോസ്റ്ററിൽ ധനുഷ് സിഗരറ്റ് വലിക്കുന്ന ദൃശ്യമാണ് വിവാദത്തിലായത്. ഈ രംഗത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പുകവലി നിരോധന നിയമം ലംഘിച്ചുവെന്നായിരുന്നു ആരോപണം. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സൈദാപ്പെട്ട് കോടതിയില്‍ നടപടികള്‍ പുരോഗമിക്കവേയാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമര്‍പ്പിച്ചത്.
പുകവലി നിരോധന നിയമപ്രകാരം പുകയില വസ്തുക്കളുടെ പരസ്യത്തിലാണ് മുന്നറിയപ്പ് നല്‍കേണ്ടതെന്നും ഇത് പരസ്യമല്ല സിനിമയാണെന്നും അതുകൊണ്ട് ഇങ്ങനെ എഴുതി കാണിക്കേണ്ട ആവശ്യമില്ലെന്നും ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി കേസ് റദ്ദാക്കിയത്. ഐശ്വര്യ രജനീകാന്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്
2014 ലാണ് തമിഴ്‌നാട്ടിലെ ബിരുദധാരികള്‍ നേരിടുന്ന തൊഴിലില്ലായ്മ പ്രമേയമാക്കി ആർ വെല്‍രാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരി തീയേറ്ററിലെത്തിയത്. ധനുഷ് നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അമല പോളായിരുന്നു നായിക. വലിയ ജന ശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഹിറ്റായിരുന്നു