നെറ്റ്ഫ്ലിക്സിൽ ഒന്നാമതെത്തി വിജയ് സേതുപതിയുടെ 'മഹാരാജ'. 2024ൽ ഏറ്റവും കൂടുതൽ പേര്‍ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ 18.6 മില്യൺ കാഴ്ചക്കാരുമായി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം. ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളി ഈ നേട്ടം കൈവരിച്ച മഹാരാജ ആദ്യ പത്ത് സ്ഥാനത്തുള്ള ഏക സൗത്ത് ഇന്ത്യൻ ചിത്രം കൂടിയാണ്. ക്രൂ, ലാപതാ ലേഡീസ്, ശെയ്ത്താന്‍, ഫൈറ്റര്‍, അനിമല്‍, മഹാരാജ്, ഡങ്കി, ഭക്ഷക്, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം 2 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. മഹാരാജയുടെ നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിന്‍റെ നേട്ടം സംബന്ധിച്ച് പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്.
വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന നിലയില്‍ റിലീസിന് മുമ്പ് തന്നെ ഹൈപ്പ് നേടിയ ചിത്രമായിരുന്നു മഹാരാജ. ജൂണ്‍ 14 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായവും തീയറ്ററിൽ നേടാനായിരുന്നു. ആദ്യദിനങ്ങളില്‍ മികച്ച അഭിപ്രായം നേടാനായ ചിത്രം ബോക്സ് ഓഫീസിലും 100 കോടി എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി കൂടിയാണ് ചിത്രം. ഒരു മാസത്തോളമുള്ള തിയറ്റര്‍ റണ്ണിന് ശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗിന് എത്തിയത്. ചിത്രം കേരളത്തിലും 8 കോടിയിലധികം നേടിയിരുന്നു.
നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രം ജൂലായ് 19 നായിരുന്നു ഒടിടി റിലീസായി എത്തിയത്. തമിഴ്‌നാടിന് പുറമെ കേരളത്തിലും തെലങ്കാനയിലും മികച്ച റിപ്പോർട്ടുകളായിരുന്നു ചിത്രം നേടിയത്. വിജയ് സേതുപതിയോടൊപ്പം മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ്, അഭിരാമി, ഭാരതി രാജ, നട്ടി, സിംഗം പുലി, കൽക്കി തുടങ്ങിയവരാണ് മഹാരാജയിലെ പധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബി അജനീഷ് ലോക്‌നാഥാണ് സംഗീതം നൽകിയിരിക്കുന്നത്. എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് കേരളത്തിൽ മഹാരാജ തിയേറ്ററുകളിലെത്തിച്ചത്. 'വിടുതലൈ 2', 'ഗാന്ധി ടോക്ക്സ്', 'ഏസ്', 'ട്രെയിൻ', 'ആർസി 16' തുടങ്ങി നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.