ENTERTAINMENT

സിനിമ സ്വപ്നമായിരുന്നില്ല, വാലിബനിൽ എത്തിയത് അപ്രതീക്ഷിതമായി:സഞ്ജന ചന്ദ്രന്‍ - അഭിമുഖം

ഭരതനാട്യത്തിൽ ദേശീയപുരസ്‌ക്കാരമായ നട്‌വർ ഗുരു ഗോപീകൃഷ്ണൻ പുരസ്‌ക്കാരം ലഭിച്ച സഞ്ജന ചന്ദ്രനാണ് ചിത്രത്തിൽ രംഗപുരം രംഗറാണിയുടെ തോഴിയായ തേനമ്മയായി എത്തിയത്

അശ്വിൻ രാജ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബൻ തീയേറ്ററിൽ എത്തുമ്പോൾ ചിത്രത്തിലെ തേനമ്മ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഭരതനാട്യത്തിൽ ദേശീയപുരസ്‌ക്കാരമായ നട്‌വർ ഗുരു ഗോപീകൃഷ്ണൻ പുരസ്‌ക്കാരം ലഭിച്ച സഞ്ജന ചന്ദ്രനാണ് ചിത്രത്തിൽ രംഗപുരം രംഗറാണിയുടെ തോഴിയായ തേനമ്മ എന്ന റോൾ ചെയ്തത്.

കോഴിക്കോട് ജില്ലയിലെ ആദ്യ ട്രാൻസ്‌ജെൻഡർ ബിരുദ വിദ്യാർത്ഥികളിൽ ഒരാളായ സഞ്ജന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് മീറ്റിൽ വിവിധ വിഭാഗങ്ങളിൽ പുരസ്‌ക്കാരവും എംജി യൂണിവേഴ്‌സിറ്റിയിൽ കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്കുള്ള ക്ഷണം സഞ്ജനയ്ക്ക് ലഭിക്കുന്നത്. മലൈക്കോട്ടൈ വാലിബനെ കുറിച്ചും തന്റെ സിനിമ അനുഭവത്തെ കുറിച്ചും ദ ഫോർത്തുമായി സഞ്ജന വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.

അപ്രതീക്ഷിതമായി എത്തിയ അവസരം

2022 ലെ ട്രാന്‍സ്‌ജെന്‍ഡർ സംസ്ഥാന കലോത്സവത്തിൽ 'ദേവിയുടെ രൂപം' ഇല്ലെന്ന് പറഞ്ഞ് എനിക്ക് പുരസ്‌ക്കാരം നിഷേധിച്ചിരുന്നു. അന്ന് മാധ്യമങ്ങളിൽ ഇതൊരു വാർത്തയായിരുന്നു. ആ സമയത്ത് തന്നെയായിരുന്നു ലിജോ സാർ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ തേനമ്മ എന്ന കഥാപാത്രത്തിന് പറ്റിയ ഒരാളെ തപ്പിക്കൊണ്ടിരുന്നത്. അവിചാരിതമായി ഈ വീഡിയോ കണ്ട ലിജോ സാർ എന്നെ വിളിക്കുകയായിരുന്നു.

സിനിമയോട് പ്രത്യേകിച്ച് ഒരു ഇഷ്ടമുണ്ടായിരുന്ന ഒരാളായിരുന്നില്ല ഞാൻ. പൊതുവെ മലയാള സിനിമയിലും മറ്റ് ഇന്ത്യൻ സിനിമകളിലും ട്രാൻസ്‌ജെൻഡർ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലാണ് കഥാപാത്രങ്ങൾ ഉണ്ടാവുക. ഒന്നെങ്കിൽ ഭിക്ഷക്കാരായിട്ടായിരിക്കും അല്ലെങ്കിൽ സെക്‌സ് വർക്കേഴ്‌സ് ആയിട്ടായിരിക്കും ഈ സിനിമകളെ അവതരിപ്പിക്കുക. കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിൽ ഇത്തരത്തിലുള്ള ഒരു വേഷമാണെങ്കിൽ ചെയ്യേണ്ട എന്നതായിരുന്നു ചിന്തിച്ചിരുന്നത്.

പിന്നീട് ലിജോ സാർ കഥ പറഞ്ഞുതന്നു, സ്‌ക്രിപ്റ്റ് പൂർണമായും വായിക്കാൻ തന്നു. അങ്ങനെയാണ് ഈ ചിത്രത്തിൽ ഞാൻ എത്തുന്നത്. ചിത്രത്തിൽ തേനമ്മ എന്ന കഥാപാത്രത്തിനായി മറ്റ് ചില ട്രാൻസ്ജൻഡർ വ്യക്തികളെയും പ്രത്യേകിച്ച് കേരളത്തിന് പുറത്തുനിന്നുള്ളവരെയും ഒരു സിസ് ജെൻഡർ വ്യക്തിയെയുമെല്ലാം നോക്കിയിരുന്നെങ്കിലും എന്നെ തന്നെ ഫിക്‌സ് ചെയ്യുകയായിരുന്നു.

രാജസ്ഥാനിലേക്ക് പോകുന്നതുവരെ എനിക്ക് സിനിമയെ കുറിച്ചോ സിനിമ ചിത്രീകരണത്തെ കുറിച്ചോ വലിയ അറിവുണ്ടായിരുന്നില്ല. അവിടെ പോയപ്പോഴാണ് ശരിക്കും ഞെട്ടിയത്. അവിടെ ഒരുക്കിയിരിക്കുന്ന സന്നാഹങ്ങളും സെറ്റുകളും ആർട് വർക്കുകളും അങ്ങനെ എല്ലാം.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന അത്ഭുതം

മുമ്പ് പറഞ്ഞപോലെ എനിക്ക് സിനിമകളെ കുറിച്ച് അധികമൊന്നും അറിയുമായിരുന്നില്ല. മലൈക്കോട്ടൈ വാലിബനിലേക്ക് വിളിച്ചതിന് ശേഷമാണ് ഞാൻ ലിജോ സാറിന്റെ ചിത്രങ്ങൾ ഓരോന്നായി കാണുന്നത്. ആമേൻ, ചുരുളി, അങ്കമാലി ഡയറീസ്, നൻപകൽ നേരത്ത് മയക്കം, ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങൾ ഒക്കെ മാറി മാറി കണ്ടു. ലിജോ സാറിന്റെ ഒരു സിനിമ ശൈലികൾ മനസിലാക്കാൻ അതുകൊണ്ട് സാധിച്ചു.

സെറ്റിൽ എത്തിയപ്പോഴും ലിജോ സാർ വ്യക്തമായി എന്താണ് സാർ ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി പറഞ്ഞു തരുമായിരുന്നു. പക്ഷെ അതിൽ തന്നെ നമ്മുടെതായ കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. എന്റെ ആദ്യ സിനിമയായിരുന്നിട്ട് കൂടി ഒരു സീനിയർ ആക്ടറിനോട് പെരുമാറുന്ന രീതിയിലായിരുന്നു എല്ലാവരും എന്നോട് പെരുമാറിയത്. കാരവാൻ പോലും ഞാനടക്കമുള്ള താരങ്ങൾക്ക് ഉണ്ടായിരുന്നു. അതൊക്കെ ഒരു വലിയ അത്ഭുതമായിരുന്നു.

പൊതുവെ സിനിമ ലോകത്തിനെ കുറിച്ച് മോശമായിട്ടാണ് കേൾക്കാറുള്ളത്. പക്ഷെ അവിടെ പോയി ഈ കാര്യങ്ങളൊക്കെ തീർത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് എനിക്ക് തന്നത്. ടിവിയിൽ മാത്രം കണ്ടിരുന്ന ആളുകളെ ഒക്കെ നേരിട്ട് കാണാനും സംസാരിക്കാനുമൊക്കെ കഴിഞ്ഞതൊക്കെ ശരിക്കും സ്വപ്‌നതുല്ല്യമായിരുന്നു.

ഫാൻ ആക്കി മാറ്റിയ മോഹൻലാൽ മാജിക്

ഞാൻ അങ്ങനെ ഒരു കടുത്ത ലാലേട്ടൻ ഫാൻ ഒന്നുമായിരുന്നില്ല. പക്ഷെ ഈ സിനിമയിൽ അദ്ദേഹവുമായി പ്രവർത്തിച്ചതോടെ ഞാനുമൊരു കട്ട ലാലേട്ടൻ ഫാനായി മാറി. ലൊക്കേഷനിൽ എത്തി ആദ്യമായി ലാലേട്ടൻ വന്ന ദിവസം എനിക്ക് ഇത്തിരി ആശങ്കയുണ്ടായിരുന്നു, എന്താണ് സംസാരിക്കുക, എങ്ങനെയായിരിക്കും നമ്മളോട് പെരുമാറുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ. പക്ഷേ സെറ്റിൽ വന്ന ലാലേട്ടൻ ആദ്യം തന്നെ ഇങ്ങോട്ട് വന്ന് സംസാരിച്ചു. നമ്മളെ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. അദ്ദേഹം നൃത്തത്തിനോടും കലകളോടും വലിയ ഇഷ്ടമുള്ളയാളാണ്. ഞാൻ ചെയ്ത നൃത്തങ്ങൾ എന്റെ ഫോണിൽ അദ്ദേഹം കണ്ടു. വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു.

എന്നെ പോലെ ഒരു തുടക്കക്കാരിയായ ഒരാൾക്ക് ലാൽ സാറിനെ പോലെ ഒരാളുടെ അഭിനന്ദനം തരുന്ന ഊർജം ചെറുതല്ല. വലിയ സന്തോഷത്തിനൊപ്പം മുന്നോട്ടേയ്ക്ക് പോകാനുള്ള വലിയ പ്രചോദനമാണ് ഇത് തന്നത്. എന്റെ കരിയറിലെ തന്നെ ഒരു മൈൽ സ്റ്റോൺ ആണത്.

ഷൂട്ടിങിന്റെ ഇടവേളകളിൽ ഞങ്ങൾ എല്ലാവർക്കുമൊപ്പം ലാലേട്ടനും കൂടെ കൂടി ഇരുന്ന് സംസാരിക്കും കാരംസ് കളിക്കും തമാശകൾ പറയും അതൊക്കെ എനിക്ക് ഒരു അത്ഭുതമായിരുന്നു. അദ്ദേഹം മറ്റുള്ള ആളുകളോട് പെരുമാറുന്ന രീതിയും ഷുട്ടിങിൽ കാണിക്കുന്ന ഡെഡിക്കേഷനും സത്യംപറഞ്ഞാൽ ഏന്നെ ഒരു കട്ട ലാലേട്ടൻ ഫാൻ ആക്കി. പലപ്പോഴും ഷൂട്ടിങിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. പെട്ടന്ന് പെട്ടന്ന് ആയിരിക്കും ക്ലൈമറ്റ് മാറുക, ചിലപ്പോ കടുത്ത ചൂട് ചിലപ്പോൾ കടുത്ത തണുപ്പ് അങ്ങനെ അപ്പോഴെക്കൊ അദ്ദേഹം ഫുൾ എനർജിയിൽ എല്ലാവരെയും ഹാപ്പിയാക്കി കൊണ്ടുപോകും.

അന്ന് സോണാലിയുടെ ഗാനത്തിന് ഡാൻസ്, ഇന്ന് കോ-സ്റ്റാർ

വർഷങ്ങൾക്ക് മുമ്പ് സോണാലി അഭിനയിച്ച അപ്‌സാരാലി എന്ന ഗാനത്തിന് ആണ് ആദ്യമായി ഞാൻ ഒരു ഫീമെയിൽ വേഷം ധരിച്ച് നൃത്തം ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം അതേ സോണാലിയുടെ കൂടെ അഭിനയിക്കുക അതും തോഴിയായി അഭിനയിക്കുക എന്നത് വലിയ സന്തോഷം ഉണ്ടാക്കിയ കാര്യമാണ്. സോണാലിയോട് ഞാനിക്കാര്യം പറഞ്ഞപ്പോൾ വലിയ അത്ഭുതമായിരുന്നു അവർക്കുണ്ടായത്.

സെറ്റിൽ ഞങ്ങൾ വലിയ കൂട്ടായിരുന്നു. എന്നോട് നല്ല സ്‌നേഹവും പരിഗണനയും അവർ തന്നിരുന്നു. എന്നിരുന്നാലും ഒരു സീനിയർ താരത്തിനോട് ഉള്ള ഒരു ബഹുമാനം എനിക്കുണ്ടായിരുന്നു. സെറ്റിനകത്തും പുറത്തും അടുത്ത സുഹൃത്തുക്കൾ എന്ന നിലയിൽ ഞാനും കഥാനന്ദിയുമായിരുന്നു ഏറ്റവും കൂട്ട്. ഷൂട്ടിംഗ് ഒഴിവുകളിൽ പുറത്ത് കറങ്ങാൻ ഒക്കെ പോയിരുന്നത് ഞങ്ങൾ ഒരുമിച്ചായിരുന്നു.

നിറയുന്ന അഭിനന്ദനങ്ങൾ

മലൈക്കോട്ടൈ വാലിബന് പിന്നാലെ ഇൻസ്റ്റഗ്രാമിലും മറ്റും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും വിളിച്ചും അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്.മറ്റൊരു സന്തോഷം മലൈക്കോട്ടെ വാലിബൻ ഷെഡ്യൂൾ കഴിഞ്ഞ് എത്തിയപ്പോൾ അടുത്ത ചിത്രത്തിലേക്കുള്ള അവസരം ലഭിച്ചു. അപ്പൻ സിനിമയുടെ സംവിധായകൻ മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് അവസരം ലഭിച്ചത്. അതും നല്ലൊരു വേഷം തന്നെയാണ് ലഭിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ