ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഗ്രേറ്റ് ഗാമയാകുമെന്ന അഭ്യൂഹം തള്ളി ചിത്രത്തിന്റെ നിർമാതാവ് . ഇപ്പോൾ പ്രചരിക്കുന്നത് വെറും ഭാവനകളാണെന്നും യഥാസമയം വാർത്ത സമ്മേളനം വിളിച്ച് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും നിർമാതാവ് ഷിബു ബേബി ജോൺ ദ ഫോർത്തിനോട് പ്രതികരിച്ചു
ബ്രീട്ടിഷ് ഇന്ത്യയിലെ ഗുസ്തി താരമായിരുന്ന ഗ്രേറ്റ് ഗാമയായി മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ എത്തുമെന്നായിരുന്നു അഭ്യൂഹം. ഇതോടെ ഗ്രേറ്റ് ഗാമ ആരെന്ന അന്വേഷണത്തിലായിരുന്നു ആരാധകർ.
മലൈക്കോട്ടൈ വാലിബൻ ബയോപിക് ആയിരിക്കില്ലെന്ന സൂചനയും അണിയറ പ്രവർത്തകർ നൽകുന്നുണ്ട്
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഈ വര്‍ഷം ജനുവരി 18ന് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ഷൂട്ടിംങ് ആരംഭിച്ചത്. ആമേന്‍, നായകന്‍ എന്നീ ചിത്രങ്ങളിൽ എല്‍ജെപിക്കൊപ്പം പ്രവര്‍ത്തിച്ച എഴുത്തുകാരന്‍ പി എസ് റഫീഖാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, സുചിത്ര നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശേരി മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വിസ്മയം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ