മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് ഷീലയും നസീറും. എന്നാല്‍ കൂടെ അഭിനയിച്ചവരില്‍ ഏറ്റവും പ്രിയപ്പെട്ട നായകന്‍ ആരായിരുന്നു എന്ന ചോദ്യത്തിന് മധു എന്നായിരുന്നു ഷീലയുടെ ഉത്തരം. മധുവിനും തനിക്കുമിടയില്‍ നല്ല കെമിസ്ട്രിയുണ്ടെന്നും അദ്ദേഹം വളരെ തുറന്ന പ്രകൃതക്കാരനാണെന്നും ഷീല പറയുന്നു. തനിക്ക് മധുവിന്റെ അടുത്ത് എന്ത് തമാശയും പറയാന്‍ സാധിക്കുമെന്നും താന്‍ അദ്ദേഹത്തോടൊപ്പം വളരെ കംഫര്‍ട്ടബിളായിരുന്നതായും അവര്‍ കൂട്ടിചേര്‍ത്തു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിച്ചത്.
സത്യനും നസീറിനും ഒപ്പമുള്ള അഭിനയത്തെകുറിച്ചും ഷീല പങ്കുവെയ്ക്കുകയുണ്ടായി. തന്നെ അച്ചടക്കവും കൃത്യനിഷ്ഠയും പഠിപ്പിച്ചത് സത്യനായിരുന്നു. അദ്ദേഹം ഒരു സ്‌കൂള്‍ മാസ്റ്ററിനെ പോലയാണ്. താന്‍ സെറ്റില്‍ വൈകി എത്തിയാല്‍ സത്യൻ തന്നെ വഴക്ക് പറയുക പോലും ചെയ്യുമെന്നും അവർ പറഞ്ഞു. അതേസമയം നസീര്‍ ആകട്ടെ വളരെ ശാന്തനാണ്. അദ്ദേഹത്തിനരികില്‍ ആര്‍ക്കും തമാശ കളിക്കാന്‍ സാധിക്കില്ലെന്നും ഷീല പറയുന്നു.
മലയാളസിനിമയില്‍ മൂന്നൂറിലധികം സിനിമകള്‍ ചെയ്തിട്ടുള്ള നടിയാണ് ഷീല. ഈ സിനിമാ ജീവിതത്തില്‍ ഏതെങ്കിലും സിനിമ ചെയ്യാന്‍ സാധിക്കാതെ പോയതില്‍ തനിക്ക് വിഷമമുണ്ടോ എന്ന ചോദ്യത്തിന് ഭാര്‍ഗവീനിലയം എന്നായിരുന്നു മറുപടി. എ വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം മലയാള സിനിമ ചരിത്രത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളില്‍ ഒന്നാണ്. അന്ന് സിനിമകളുടെ ഡേറ്റിലുണ്ടായ ബുദ്ധിമുട്ടാണ് ഭാര്‍ഗവീനിലയത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്നാണ് ഷീല പറഞ്ഞത്.
വിട്ടുകളഞ്ഞതില്‍ ഖേദം തോന്നിയ മറ്റൊരു ചിത്രം മാധവികുട്ടിയുടെ (കമല സുരയ്യ) ജീവ ചരിത്രമായിരുന്നെന്ന് ഷീല പറയുന്നു. 'ഭാര്‍ഗവി നിലയും മാധവികുട്ടിയും ചെയ്യാത്തതില്‍ ഖേദിക്കുന്നു. കമല സുരയ്യയെ ഞാന്‍ അവതരിപ്പിക്കുന്നു എന്നതില്‍ അവര്‍ക്ക് വളരെ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ ആ സിനിമ എന്തോ നടന്നില്ല. ഭാര്‍ഗവി നിലയമാകട്ടെ ഡേറ്റില്ലാത്തതിനാല്‍ തനിക്ക് ഒഴിവാക്കേണ്ടി വന്നെന്നും അവര്‍ കൂട്ടിചേര്‍ത്തു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഷീല അഭിനയിച്ചുണ്ട്. തുടക്കകാലങ്ങളില്‍ അഭിനയത്തോട് ഒരു താത്പര്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം താന്‍ സിനിമ ചെയ്യുകയായിരുന്നു. പിന്നീട് ക്രമേണ അത് ഇഷ്ടപ്പെടുകയായിരുന്നെന്നും ഷീല അഭിമുഖത്തില്‍ പറയുന്നുണ്ട്.
സിനിമയെ പോലെ തന്നെ രാഷ്ട്രീയവും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഷീല. ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയക്കാര്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഷീല പറയുന്നു. വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന താരം ഇപ്പോഴുള്ള മലയാള ചിത്രങ്ങള്‍ എല്ലാം കാണാറുണ്ടെന്നും കൂട്ടിചേര്‍ത്തു. വാഴ്‌വേ മായം തനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണെന്നും മമ്മൂട്ടി നായകനായി അത് പുനഃരാവിഷ്‌കരിച്ച് കാണാന്‍ വളരെ ഇഷ്ടമാണെന്നും ഷീല പറയുന്നു.