ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് ജോൺ എബ്രഹാം പാടുന്നു. തെല്ലു പരുക്കനെങ്കിലും ശ്രുതിശുദ്ധമായ ശബ്ദത്തിൽ: 'ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം...''
ആദ്യം കാണുകയായിരുന്നു ജോണിനെ. പലരും പറഞ്ഞുകേട്ടും വായിച്ചും അറിഞ്ഞ ജോണല്ല. എല്ലാ സങ്കല്പങ്ങൾക്കും അപ്പുറത്തുള്ള ഒരു ജോൺ. 'സ്പിരിച്വൽ ഫ്യൂവലിങ്ങി''ന്റെ (പ്രയോഗം ജോണിന്റേത്) അകമ്പടിയില്ലാതെ തന്നെ ഗാനത്തിന്റെ ആനന്ദ ലഹരിയിൽ മതിമറന്നൊഴുകുകയാണ് അദ്ദേഹം. ''വെറുതെ മോഹിക്കുവാൻ മോഹം'' എന്ന വരി പാടിക്കഴിഞ്ഞ ശേഷം കൈകൾ രണ്ടും മുകളിലേയ്ക്കുയർത്തി കണ്ണടച്ച് നിശ്ചലനായിരിക്കുന്ന ജോണിന്റെ രൂപം ഇന്നുമുണ്ട് മനസ്സിൽ, പതിറ്റാണ്ടുകൾക്ക് ശേഷവും.
ഒരർത്ഥത്തിൽ സംഗീതത്തിലെ ജോൺ എബ്രഹാം ആയിരുന്നു എം ബി ശ്രീനിവാസൻ. ജോണാകട്ടെ സംവിധാനരംഗത്തെ എം ബി എസ്സും
പാട്ടുകാരനാകാൻ ആഗ്രഹിച്ച് ഒടുവിൽ സംവിധായകനായി മാറിയ കഥ വിവരിക്കവെ ജോണിന്റെ വാക്കുകളിൽ എങ്ങുനിന്നോ എം ബി ശ്രീനിവാസൻ വന്നുനിറയുന്നു. എം ബി എസ്സിനൊപ്പം പഴയ മദിരാശിയിലെ ചേരികളിലും മറീന ബീച്ചിലും അലഞ്ഞുനടന്ന കാലം. ടി എം സൗന്ദർരാജന്റെ പഴയ തമിഴ് പാട്ടുകൾ പാടി മറീനയിലെ മണൽപ്പരപ്പിൽ ഏതോ സ്വപ്നലോകത്തെന്ന പോൽ മലർന്നുകിടന്നു നേരം വെളുപ്പിച്ച രാവുകൾ....
'തറച്ചിത്രം' എന്ന് പല അഭിമുഖങ്ങളിലും ജോൺ തന്നെ വിശേഷിപ്പിച്ചുകേട്ടിട്ടുള്ള 'വിദ്യാർഥികളേ ഇതിലേ ഇതിലേ' (ജോണിന്റെ ആദ്യചിത്രം)യിൽ എം ബി എസ്സായിരുന്നു സംഗീത സംവിധായകൻ. ആ ചിത്രവുമായി ബന്ധപ്പെട്ട് താൻ ഓർക്കാനാഗ്രഹിക്കുന്ന ഒരേയൊരു കാര്യം യേശുദാസ് പാടിയ 'നളന്ദ തക്ഷശില'' എന്ന ഗാനമാണെന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹം. ചെന്നൈ ന്യൂ വുഡ്ലാൻഡ്സ് ഹോട്ടലിലെ പാട്ടും കവിതയും കലഹവും ഇടകലർന്ന ഒട്ടേറെ മദോന്മത്തരാവുകൾക്കുശേഷം വയലാർ എഴുതിക്കൊടുത്ത വരികൾ. കല്യാണവസന്തം എന്ന രാഗത്തിൽ ആ ഗാനം ഈണമിട്ടുകേട്ടതിന്റെ ലഹരിയിൽ തന്നെ മുറുക്കെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മവച്ച ജോണിനെ എം ബി എസ് മരണംവരെ മറന്നില്ല.
വയലാറിനും ജോണിനുമൊപ്പം ചെന്നൈയിലെ വീട്ടിലിരുന്ന് എം ബി എസ് ആ ഗാനം ചിട്ടപ്പെടുത്തുന്നതിന് സാക്ഷ്യം വഹിച്ച നിമിഷങ്ങൾ വികാരവായ്പോടെ ഛായാഗ്രാഹകൻ രാമചന്ദ്രബാബു ഓർത്തെടുത്തിട്ടുണ്ട്: 'എം ബി എസ് ഹാർമോണിയം വായിച്ച് യേശുദാസിനെ പാട്ടുപഠിപ്പിക്കുന്നത് കേട്ട് തരിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. അത്ര സ്ഫുടമല്ല എം ബി എസ്സിന്റെ മലയാളം ഉച്ചാരണം. ശബ്ദത്തിന് മൃദുത്വവും കുറവ്. എന്നിട്ടും അദ്ദേഹത്തിന്റെ ആലാപനത്തിൽ വന്നുനിറയുന്ന ഭാവസൗന്ദര്യം അപാരമായിരുന്നു. പാട്ടിലേക്ക് അത് പകർത്തുക എളുപ്പമായിരുന്നില്ല ഗായകന്.'(അതേ സിനിമയിൽ വയലാറിന്റെ രചനയിൽ വേറെയുമുണ്ടായായിരുന്നു മനോഹര ഗാനങ്ങൾ: നളന്ദ തക്ഷശിലയുടെ ജാനകി പാടിയ വേർഷൻ, ജാനകിയുടെ തന്നെ വെളിച്ചമേ നയിച്ചാലും, അടൂർഭാസിയും മനോരമയും പാടിയ ചിഞ്ചില് ചിലുചില്)...
എം ബി എസുമായുള്ള ഈ ആത്മബന്ധം തന്നെയാകാം 'അഗ്രഹാരത്തിൽ കഴുതൈ'യിലെ പ്രൊഫ. നാരായണസ്വാമി എന്ന കഥാപാത്രത്തിന് ജീവൻപകരാൻ ജോൺ അദ്ദേഹത്തെ തിരഞ്ഞെടുത്തതിനുപിന്നിലും. ജോണിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്ന 'കഴുത'യുടെ പശ്ചാത്തല സംഗീതവും എം ബി എസ്സിന്റെതായിരുന്നു. നീലാംബരി ഉൾപ്പെടെയുള്ള രാഗങ്ങൾ ഉപയോഗിച്ച് ജോൺ ഉദ്ദേശിച്ച ആക്ഷേപഹാസ്യത്തിന്റെ എഫക്ട് റീറെക്കോർഡിങ്ങിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഒരർത്ഥത്തിൽ സംഗീതത്തിലെ ജോൺ എബ്രഹാം ആയിരുന്നു എം ബി ശ്രീനിവാസൻ. ജോണാകട്ടെ സംവിധാനരംഗത്തെ എം ബി എസ്സും. ഇരുവരും സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ തന്നിഷ്ടപ്രകാരം തലയുയർത്തി നടന്നുപോയ ഒറ്റയാന്മാർ; ധിക്കാരികൾ. പാരമ്പര്യ ലംഘനത്തിന്റെ നിർവചനാതീതമായ ത്രിൽ ആയിരുന്നു ഇരുവർക്കും പഥ്യം.