സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് ഫ്‌ളാറ്റ് വില്‍ക്കാനൊരുങ്ങിയ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ പങ്കാളിക്ക് കൈത്താങ്ങുമായി സിനിമാ ലോകം. 12 ലക്ഷം രൂപയുടെ കട ബാധ്യതകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്തതായും ഫ്‌ളാറ്റിന്റെ രേഖകള്‍ വാങ്ങിക്കൊടുത്തതായും ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഗായകരുടെ കൂട്ടായ്മയായ സമം, കെ ജെ യേശുദാസ്, കെ എസ് ചിത്ര, ജോണി സാഗരിക എന്നിവരുടെ സംഭാവനകളില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു. കൂടാതെ ഈ സന്തോഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച റോണി റഫേല്‍, ദീപക് ദേവ്, സുദീപ് എന്നിവരെയും ഫെഫ്ക മ്യൂസിക് ഡയറക്‌റ്റേഴ്‌സ് യൂണിയന്‍, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍, ലൈറ്റ്‌മെന്‍ യൂണിയന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍, ഡയറക്‌റ്റേഴ്‌സ് യൂണിയന്‍, റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവരെയും ഉണ്ണികൃഷ്ണന്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
കൂടെ നിന്ന എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. രവീന്ദ്രനോടുള്ള ആദരസൂചകമായി ലഭിച്ച ഫ്‌ളാറ്റായിരുന്നു സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വില്‍ക്കാനൊരുങ്ങിയത്. 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് രവീന്ദ്ര സംഗീത സന്ധ്യ എന്ന പേരില്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനി പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് ശോഭയ്ക്ക് 25 ലക്ഷം രൂപയും ഫ്‌ളാറ്റും വാഗ്ദാനം ചെയ്തത്. ഈ വേദിയില്‍ വെച്ച് തന്നെ ഫ്‌ളാറ്റിന്റെ താക്കോലും കൈമാറുകയായിരുന്നു.
നിര്‍മാതാക്കളായ ക്രിസ്റ്റല്‍ ഗ്രൂപ്പാണ് സ്‌പോണ്‍സര്‍മാരെന്ന നിലയില്‍ ഫ്‌ളാറ്റ് നല്‍കിയത്. പരിപാടിയുടെ സംപ്രേഷണാവകാശം സ്വകാര്യ ചാനല്‍ വാങ്ങിയത് 56 ലക്ഷം രൂപയ്ക്കായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പുള്‍പ്പെടെ ആകെ ഒന്നരക്കോടിയിലധികം രൂപ സംഘാടകര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ശോഭയക്ക് മൂന്നു ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിന്നീട് ഫ്‌ളാറ്റിലേക്ക് താമസം മാറിയപ്പോഴാണ് അവിടെ വൈദ്യുതികണക്ഷന്‍ പോലുമില്ലെന്ന് ശോഭ മനസിലാക്കുന്നത്. ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്ത് തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ക്രിസ്റ്റല്‍ ഗ്രൂപ്പ് തയ്യാറായുമില്ല. വാഗ്ദാനം ചെയ്ത പണത്തിനായി ഇവന്റ് മാനേജ്‌മെന്‌റ് ഗ്രൂപ്പിനെ പലവട്ടം സമീപിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു.
പിന്നീടാണ് ആ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ഓരോ ഫ്‌ളാറ്റും ആറരലക്ഷം രൂപയ്ക്ക് ഈടുവെച്ച് കൊണ്ട് ക്രിസ്റ്റല്‍ ഗ്രൂപ്പ് വായപയെടുത്ത വിവരം അറിയുന്നത്. ഒടുവില്‍ താമസക്കാരുടെ അസോസിയേഷന് ഫ്‌ളാറ്റുകളെല്ലാം കൈമാറി ക്രിസ്റ്റല്‍ ഗ്രൂപ്പും പിന്‍മാറി. ഫ്‌ളാറ്റ് കൈമാറുന്ന വിവരമറിഞ്ഞ് മൂന്നുലക്ഷം രൂപ കടം വാങ്ങി ശോഭ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന ഫ്‌ളാറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മറ്റിടത്തേക്ക് മാറുകയും ചെയ്തതോടെ ശോഭയും അടുത്തു തന്നെയുള്ള ഒരു വീടിന്റെ മുകളില്‍നിലയിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീട് മറ്റ് താമസക്കാരെല്ലാം വായ്പക്കുടിശ്ശിക അടച്ചപ്പോൾ രവീന്ദ്രനോടുള്ള ആദരവായി ശോഭയുടെ പണം താല്‍ക്കാലികമായി അസോസിയേഷന്‍ നല്‍കുകയും ചെയ്തു. ഈ തിരിച്ചു നല്‍കാനുള്ള തുക പലിശ സഹിതം 12ലക്ഷമെത്തിയപ്പോഴാണ് ഫ്‌ളാറ്റ് വില്‍ക്കാനുള്ള തീരുമാനത്തിലേക്ക് ശോഭയെത്തുന്നത്.