ഇന്ത്യൻ സിനിമ സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത അതികായനാണ് ഇളയരാജ. ആയിരത്തിലധികം സിനിമകളും 8,500 ലധികം പാട്ടുകളും അദ്ദേഹത്തിന്റെ സംഗീത വിസ്മയം കൊണ്ട് അനശ്വരമായി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അദ്ദേഹം ഇന്ത്യൻ സംഗീത ലോകത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇളയരാജയുടെ സംഗീതത്തിൽ അലിഞ്ഞ് ചേരാത്തവരായി ആരും ഉണ്ടാകില്ല. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിൽ അദ്ദേഹത്തിന്റെ മനോഹര ഗാനങ്ങൾ പിറന്നിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ചക്രവർത്തിക്ക് ഇന്ന് 81-ാം പിറന്നാൾ.
അന്നക്കിളി എന്ന ചിത്രത്തിലൂടെ 33-ാം വയസ്സിലാണ് അദ്ദേഹം സിനിമാലോകത്ത് ചുവടുവെക്കുന്നത്. ഇളയരാജ ഒരു ബ്രാൻഡ് ആയി വളർന്നത് വളരെ പെട്ടെന്നാണ്. ഒരു പിടി നല്ല ഗാനങ്ങൾ അദ്ദേഹം മലയാളത്തിനും സമ്മാനിച്ചിട്ടുണ്ട്. മലയാളികൾ എല്ലാ കാലവും ഹൃദയത്തോട് ചേർക്കുന്ന മനോഹര ഗാനങ്ങൾ. ഇളയരാജ മലയാളത്തിന് സമർപ്പിച്ച ചില ഗാനങ്ങൾ ഇതാ
തുമ്പീ വാ തുമ്പക്കുടത്തിൽ : 1982 ൽ പുറത്തിറങ്ങിയ ഈ ഗാനം ഇന്നും മലയാളികളുടെ മനസിൽ അതേ മാധുര്യത്തോടെ തങ്ങി നിൽക്കുന്നു. ഓളങ്ങൾ എന്ന ചിത്രത്തിലെ ഗാനമാണിത്. ഒഎൻവി കുറുപ്പ് രചിച്ച ഗാനം എസ് ജാനകിയാണ് ആലപിച്ചത്.
കിളിയെ കിളിയെ : 1983 ൽ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രത്തിലേതാണ് കിളിയെ കിളിയെ എന്ന ഗാനം. എസ് ജാനകി അനശ്വരമാക്കിയ മറ്റൊരു ഇളയരാജ ഗാനം. പൂവച്ചൽ ഖാദർ ആണ് വരികൾ തയ്യാറാക്കിയത്. ഒരു കോടി കളക്ഷൻ ലാൻഡ്‌മാർക്ക് കടക്കുന്ന ആദ്യ മലയാള ചിത്രമായിരുന്നു ആ രാത്രി.
ഉണരുമീ ഗാനം : മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള സ്നേഹം അടയാളപ്പെടുത്തി കൊണ്ടാണ് ഉണരുമീ ഗാനം എന്ന പാട്ട് മലയാളത്തിൽ പിറക്കുന്നത്. 1988 ൽ പുറത്തിറങ്ങിയ മൂന്നാം പക്കം എന്ന ചിത്രത്തിലേതായിരുന്നു ഗാനം. ജി വേണുഗോപാൽ ആയിരുന്നു ആലാപനം. ശ്രീകുമാരൻ തമ്പിയുടേതായിരുന്നു വരികൾ.
പുഴയോരത്തിൽ: 1989 ൽ പുറത്തിറങ്ങിയ അഥർവ്വം എന്ന ചിത്രത്തിലെ ഗാനമാണ് പുഴയോരത്തിൽ. കെ എസ് ചിത്രയാണ് ഈ ഗാനം ആലപിച്ചത്. ഒഎൻ വി കുറുപ്പാണ് വരികൾ തയ്യാറാക്കിയത്. കേരളത്തിൽ വലിയ ഹിറ്റായ ഗാനമായിരുന്നു പുഴയോരത്തിൽ.
ചെമ്പൂവേ പൂവേ : 1996 ൽ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിലെ ഗാനമാണ് ചെമ്പൂവേ പൂവേ. കാലാപാനി എക്കാലത്തെയും മികച്ച ഇളയരാജ സൗണ്ട് ട്രാക്കുകളിലൊന്നാണ്. ചിത്രത്തിലെ 'ആറ്റിറമ്പിലെ കൊമ്പിലെ', 'മാറിക്കൂടിനുള്ളിൽ' എന്നീ ഗാനങ്ങളും ഇളയരാജയുടെ മന്ത്രികതയിൽ പിറന്നതാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ആലപിച്ചത് എം ജി ശ്രീകുമാർ, കെ എസ് ചിത്ര എന്നിവരാണ്.
ദേവസംഗീതം നീയല്ലേ : മലയാളികൾ ഒരുകാലത്തും മറക്കാത്ത മറ്റൊരു ഇളയരാജ ഗാനമാണ് ദേവസംഗീതം നീയല്ലേ. 1997 ൽ പുറത്തിറങ്ങിയ ഗുരു എന്ന ചിത്രത്തിലെ ഗാനമാണിത്. ഇളയരാജ, കെ ജെ യേശുദാസ്, രാധിക തിലക് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. എസ് രമേശ് നായരുടേതാണ് വരികൾ.
പൂങ്കാറ്റിനോടും കിളികളോടും : മലയാളത്തിന്റെ നിത്യഹരിത ഗാനങ്ങളിൽ ഒന്നാണ് പൂങ്കാറ്റിനോടും കിളികളോടും. 1986 ൽ പുറത്തിറങ്ങിയ പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കെ ജെ യേശുദാസ്, എസ് ജാനകി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.