തീയേറ്ററുകളിൽ കയ്യടി നേടി ജൂഡ് ആന്റണി ചിത്രം 2018. മികച്ച പ്രേക്ഷകാഭിപ്രായം നേടിക്കഴിഞ്ഞ ചിത്രത്തെ പുകഴ്ത്തി പ്രമുഖ ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. ചരിത്രത്തില്‍ അന്നുവരെ നേരിടാത്ത പ്രളയത്തെ അതിജീവിച്ച മലയാളികളുടെ കഥ വൈകാരികമായ പശ്ചാത്തലത്തിലൂടെയാണ് '2018' എന്ന ചിത്രം പറയുന്നത്.
എതിർപ്പിന്റെയും വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും നുണകളുടെയും കഥകളിറങ്ങുമ്പോൾ തന്നെ സ്നേഹത്തിന്റെ യും കരുതലിന്റെയും ഐക്യത്തിന്റെയും ഒരു സിനിമ പ്രദർശനത്തിനെത്തിയത് കേരളമെന്ന ഈ ദേശത്തിന്റെ സംസ്കാരമാണെന്നാണ് ചിത്രത്തെക്കുറിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ മധുപാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ആവേശകരമായ അനുഭവമെന്നായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സ് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ പ്രതികരണം.
സംവിധായകൻ ജൂഡ് ആന്തണിക്ക് ആശംസയും നന്ദിയും അറിയിച്ച് ചിത്രത്തിലെ അഭിനേതാക്കളായ ആസിഫ് അലിയും വിനീത് ശ്രീനിവാസനും ഫേസ്ബുക്കിൽ കുറിച്ചു.
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നിവയ്ക്ക് ശേഷം ജൂഡ് ആന്റണിയുടെ സംവിധാനത്തിലിറങ്ങുന്ന നാലാമത്തെ ചിത്രമാണ് 2018. 'എവരി വണ്‍ ഈസ് എ ഹീറോ 'എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീത കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയാണ്.
തീയേറ്ററിൽ ചിത്രം നിറഞ്ഞോടിക്കൊണ്ടിരിക്കെ സിനിമയുടെ വ്യാജ പതിപ്പുകൾ ഇറങ്ങിയെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. 1tamilblasters.net എന്ന വെബ്സൈറ്റിലൂടെ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പുറത്തിറങ്ങിയെന്നാണ് റിപ്പോർട്ട്.