അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രം 'ലാല' ആഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്ക്. ഐസ്ട്രീം ഒടിടി ചാനലിലൂടെയാണ് ചിത്രം റിലീസിനെത്തുക. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് 'ലാല'യിലൂടെ സംവിധായകൻ സതീഷ് പി ബാബു പറയാൻ ഉദ്ദേശിക്കുന്നത്. സതീഷ് തന്നെയാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. പതിവുശൈലികളില്‍ നിന്ന് മാറി സംഭാഷണത്തിലൂടെ കാര്യങ്ങള്‍ തുറന്നവതരിപ്പിക്കുന്ന വ്യത്യസ്തമായ രീതിയാണ് ചിത്രത്തിന്റേതെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.
വിവാഹം, ഡേറ്റിങ്, ജാതി-മത അധികാര ശ്രേണിയില്‍ നില നില്‍ക്കുന്ന അതിർവരമ്പുകൾ, മലയാളിയുടെ 'പുരോഗമന ഗര്‍വിന് ' പിന്നിലെ യാഥാസ്ഥികത്വം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുളളതാണ് പ്രമേയം. പ്രണവ് മോഹന്‍, യമുന ചുങ്കപ്പള്ളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാര്‍ഗി ഗംഗന്‍, ശ്രീ ലക്ഷ്മി ഹരിദാസ്, നാസര്‍ ചെമ്മട്ട്, സിന്ധു ഷാജി ,അനു ഫറോക്ക്, അഞ്ജന എ എസ് ,നിധിന്യ പട്ടയില്‍, സതീഷ് അമ്പാടി, രശ്മി പൊതുവാള്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
റീൽ കാർണിവൽ പ്രൊഡക്ഷൻസിന്റെ ബാനറില്‍ കോഴിക്കോടുള്ള ന്യൂ വേവ് ഫിലിം സ്കൂളുമായി സഹകരിച്ച് സിദ്ധാര്‍ഥന്‍ ചെറുവണ്ണൂര്‍, ഷാബു ഫറോക്ക് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രതാപ് ജോസഫാണ് ക്യാമറ. എഡിറ്റിങ് ഷിജു ബാലഗോപാലും സൗണ്ട് ഡിസൈന്‍ ദീപു ടി എസും നിര്‍വഹിക്കുന്നു. മിക്സിങ് ഷൈജു എം. സോണി സായിയുടേതാണ് സംഗീതം. ഷാബി പനങ്ങാട്ട് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് സാജന്‍ കെ റാം ആണ്.