നടി മല്ലിക സുകുമാരൻ സിനിമയിൽ എത്തിയതിന്റെ അമ്പതാം വർഷം ആഘോഷിക്കാനൊരുങ്ങി സുഹൃത്തുക്കൾ. 1974 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച മല്ലിക സുകുമാരൻ അതേവർഷം തന്നെ സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്ക്കാരം മല്ലിക സുകുമാരൻ നേടിയിരുന്നു.
1974 ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തോടെയാണ് മല്ലിക സുകുമാരൻ സിനിമ അഭിനയം ആരംഭിക്കുന്നത്. നടന് സുകുമാരനുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഒരിടവേള എടുത്ത മല്ലിക സുകുമാരൻ പിന്നീട് രണ്ടായിരത്തിന്റെ തുടക്കത്തോടെ സീരിയലുകളിലും സജീവമായി.
കെ കെ രാജീവിന്റെ പെയ്തൊഴിയാതെ എന്ന ടെലി സീരിയലിലാണ് മല്ലിക ആദ്യമായി ടെലിവിഷൻ സീരിയലിൽ അഭിനയിക്കുന്നത്. ഗായികയായും മല്ലിക തിളങ്ങിയിരുന്നു.
മല്ലിക സുകുമാരന്റെ സിനിമയിലെ അമ്പതാം വർഷം ഫ്രണ്ട്സ് ആൻഡ് ഫോസ്' എന്ന വാട്സാപ് കൂട്ടായ്മ ഫെബ്രുവരി 18 -ാം തിയ്യതി തിരുവനന്തപുരത്ത് വെച്ച് നടത്തും. മല്ലികാ വസന്തം @ 50 എന്ന പേരിൽ നടക്കുന്ന ചടങ്ങ് 18 ന് ഉച്ചയ്ക്ക് 3.30 ന് തമ്പാനൂരിലുള്ള ഡിമോറ ഹോട്ടലിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മല്ലിക സുകുമാരനെ നടൻ സുരേഷ് ഗോപി പൊന്നാട അണിയിച്ച് ആദരിക്കും. സംവിധായകൻ ഷാജി എൻ കരുൺ ഉപഹാരം സമർപ്പിക്കും. പന്ന്യൻ രവീന്ദ്രൻ ആണ് ചടങ്ങിലെ മുഖ്യാതിഥി. ഡോ എം വി പിള്ള, ബിജു പ്രഭാകർ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, എം ജയചന്ദ്രൻ, ജി സുരേഷ് കുമാർ, ജ്യോതികുമാർ ചാമക്കാല, ഷാജി കൈലാസ്, മേനക, ഗായകരായ സുദീപ് കുമാർ, രാജലക്ഷ്മി, മജീഷ്യൻ സാമ്രാജ്, നന്ദു, ആനി, നിരഞ്ജൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും.