ENTERTAINMENT

ഇനി അനാവശ്യ ചർച്ചകൾ വേണ്ട, 'കതിരവനി'ൽ അയ്യങ്കാളിയാകുന്നത് മമ്മൂട്ടി തന്നെ

ദ ഫോർത്ത് - കൊച്ചി

ചരിത്രപുരുഷന്‍ മഹാത്മാ അയ്യങ്കാളിയായി മമ്മൂട്ടി എത്തുന്നു. യുവ സംവിധായകന്‍ അരുണ്‍രാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന 'കതിരവന്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. ജാതി പറഞ്ഞുളള ആക്ഷേപങ്ങളോട് പ്രതികരിക്കാൻ സമയമില്ലെന്നും കതിരവന്റെ തിരക്കിലാണ് താനെന്നും സംവിധായകൻ അരുൺരാജ് പറഞ്ഞു.

മുമ്പ് 'ബാക്കി പുറകെ,' എന്ന ക്യാപ്ഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം അരുൺരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് നേരെ വന്ന ജാതി അധിക്ഷേപ കമന്റുകൾക്കെതിരെ അരുൺരാജ് പ്രതികരിക്കുകയും ചെയ്തിരുന്നു. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ് മമ്മൂട്ടി, പുലയനാണെന്ന് താൻ അഭിമാനത്തോടെ തന്നെ പറയും. ആ കാരണത്താൽ തനിക്കും തൻ്റെ സിനിമക്കും ഒരു പ്രശ്‌നവുമില്ലെന്നുമായിരുന്നു അരുൺരാജിന്റെ പ്രതികരണം. പിന്നാലെയാണ് താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകൻ മമ്മൂട്ടി തന്നെ ആണെന്ന സ്ഥിരീകരണവുമായി സംവിധായകൻ രം​ഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. ഡ്രീം ലാന്‍റ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ പ്രവാസി മലയാളികളായ നാല് യുവ സംരംഭകരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത ടെക്നീഷ്യന്‍സുമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അരുണ്‍രാജ് വ്യക്തമാക്കി.

ചിത്രത്തെ സംബന്ധിച്ച് പല ചര്‍ച്ചകളും നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സംവിധായകന്‍ പറഞ്ഞു. കതിരവനായി മമ്മൂട്ടി തന്നെ എത്തുമെന്നതിൽ സംശയമൊന്നും വേണ്ടെന്നും മറ്റ് അനാവശ്യ ചര്‍ച്ചകളോട് തനിക്ക് താല്പര്യമില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ഈ ചിത്രം സംബന്ധിച്ച് എന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്ന ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ കൈയ്യേറ്റങ്ങള്‍ വരെ ഉണ്ടായി. പക്ഷേ ഇതിനോടൊന്നും എനിക്കിപ്പോള്‍ പ്രതികരിക്കാന്‍ താല്പര്യമേ ഇല്ല. 'കതിരവന്‍' ഒരുക്കുന്ന തിരക്കിലാണ്. ഇത് എന്‍റെ മൂന്നാമത്തെ സിനിമയാണ്. കതിരവന്‍റെ വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പലതും മമ്മൂക്കയ്ക്കും പ്രയാസമുണ്ടാക്കിയേക്കാം. വെറുതെ അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഞാന്‍ ചര്‍ച്ചകള്‍ക്കൊന്നും തയ്യാറാവാത്തത്- അരുണ്‍രാജ് പറഞ്ഞു.

മലയാളിയെ മനുഷ്യനാക്കിയവരില്‍ ഏറ്റവും പ്രമുഖനാണ് അയ്യങ്കാളി. ആ പോരാളിയുടെ യഥാര്‍ത്ഥ ജീവിതമാണ് കതിരവന്‍ പറയുന്നത്. അയ്യങ്കാളിയുടെ ജീവിതം സംബന്ധിച്ച് ദീര്‍ഘകാലത്തെ ഗവേഷണവും പഠനങ്ങളും നടത്തിയാണ് ചിത്രത്തിന്‍റെ കഥയൊരുക്കിയിട്ടുള്ളത്. തീര്‍ച്ചയായും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അരുൺരാജ് പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?