കോപ്പി അടി വിവാദത്തെ തുടർന്ന് ലോഗോ പിൻവലിച്ച് മമ്മൂട്ടിയുടെ നിർമ്മാണ കമ്പനി . മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയുടെ ലോഗോ ഡിസൈനിന്റെ മൗലികതയിൽ സംശയം പങ്കുവച്ചുകൊണ്ട് ജോസ്‌മോൻ വാഴയിൽ എന്നയാൾ പങ്കുവച്ച പോസ്റ്റ് വിവാദമായതിനെ തുടർന്നാണ് കമ്പനി ലോഗോ പിൻവലിച്ചത്. മനപൂർവമല്ലാത്ത വീഴ്ച ചൂണ്ടിക്കാട്ടിയതിന് നന്ദി പറഞ്ഞ കമ്പനി, ഉടൻ പുതിയ ലോഗോ പുറത്തിറക്കുമെന്നും അറിയിച്ചു.
ജോസ്‌മോൻ വാഴയിൽ കഴിഞ്ഞ ദിവസമാണ് മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇതുസംബന്ധിച്ച പോസ്റ്റ് ഇട്ടത് . ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ മമ്മൂട്ടി കമ്പനി എന്ന പേര് ആഡ് ചെയ്യുക മാത്രമാണ് പ്രസ്തുത ലോഗോയില്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു ജോസ്‍മോന്‍റെ നിരീക്ഷണം. സമാനമായ മറ്റു ചില ഡിസൈനുകള്‍ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ഇതോടെ ചർച്ചയും സംവാദവും തുടങ്ങി . ഇതിന് പിന്നാലെയാണ് മമ്മൂട്ടി കമ്പനി ലോഗോ പിൻവലിച്ചത് . സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നടക്കം കമ്പനി ലോഗോ മാറ്റിയിട്ടുണ്ട്.
ലോഗോയിലെ അശ്രദ്ധ ചൂണ്ടിക്കാട്ടിയതിനും കമ്പനി നന്ദി പറഞ്ഞു. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് നിലകൊള്ളുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിങ് ചെയ്യും. ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ച മനപൂര്‍വ്വമല്ലാത്ത ഒരു അശ്രദ്ധയെ ശ്രദ്ധയില്‍ പെടുത്തിയവര്‍ക്ക് വലിയ നന്ദി"- ലോഗോ പിന്‍വലിച്ചുകൊണ്ടുള്ള കുറിപ്പില്‍ മമ്മൂട്ടി കമ്പനി അറിയിച്ചു. പിന്നാലെ, ലോഗോ പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ സന്തോഷമറിയിച്ച് ജോസ്‌മോൻ വാഴയിലും രംഗത്തെത്തി.
നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച പുറത്തിറങ്ങിയ ചിത്രങ്ങള്‍. കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്നത്.
ജോസ്മോന്‍ വാഴയിലിന്‍റെ പോസ്റ്റിന്റെ പൂർണരൂപം
ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ് തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളിൽ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും. നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങൾ, ഇല്ലുസ്ട്രേഷനുകള്‍, ലോഗോകൾ, ഐക്കണുകൾ ഇവയൊക്കെ പ്രസ്തുത സൈറ്റുകളിൽ നിന്നും നമുക്ക് വാങ്ങാനാവും. ചുരുക്കം ചിലതിൽ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളിൽ പറഞ്ഞതിൽ ‘ഫ്രീപിക്‘ എന്ന സൈറ്റിൽ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്സിന് സഹായം തന്നെയാണ്. എന്നാൽ ലോഗോ / എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരൻ്റെ പേരിട്ട് അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്ന പരിപാടി അത്ര സുഖമുള്ള കാര്യമല്ല. അതിൽ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൻ്റേതായ രീതിയിൽ ക്രിയേറ്റിവിറ്റി ഇട്ടോ ആണ് കസ്റ്റമർക്ക് കൊടുക്കുക. അല്ലാത്ത പക്ഷം നമ്മൾ അതേപടീ എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.
അതിൻ്റെ ഉത്തമ ഉദാഹരണമാണ് ‘മമ്മൂട്ടി കമ്പനി‘യുടെ ഈ ലോഗോ. ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി.... ലോഗോ റെഡി. പക്ഷെ മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് യൂസ് ചെയ്തതായി കാണാം. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും - ചില സിനിമ കാഴ്ച്ചകൾ‘ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ.)
ഇത് മാത്രമല്ലാ, ഗൂഗിളിൽ ജസ്റ്റ് ഒന്ന് റിവേഴ്സ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ അനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതൊന്നും ഒരു തെറ്റല്ലാ...!! പക്ഷെ...,
നമ്മടെ സ്വന്തം മമ്മൂക്കയുടെ ‘മമ്മൂട്ടി കമ്പനി‘ എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഐഡൻ്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡൻ്റിറ്റിയില്ലാതെപോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും. ഡിസൈൻ ചെയ്ത് കൊടുത്തവർ കോപ്പിയടിച്ചു എന്ന് പറയേണ്ടിവരില്ലേ...??!!