ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളാണ് മോഹൻലാലിന്റെ ആറാട്ടും മമ്മൂട്ടിയുടെ ക്രിസ്റ്റഫറും . പ്രമേയപരമായി ക്രിസ്റ്റഫർ ആറാട്ടിനെക്കാൾ മികച്ചതായിരുന്നെങ്കിലും വാണിജ്യപരമായി മോഹൻലാൽ ചിത്രമായിരുന്നു ഹിറ്റെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്
ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ ക്രിസ്റ്റഫർ ബോക്സ് ഓഫീസ് കളക്ട് ചെയ്തത് പതിനൊന്ന് കോടി രൂപയാണ്. . ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ ഒഴികെയുള്ള കളക്ഷനാണ് 11 കോടി രൂപ .അടുത്തിടെയിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ ബോക്സ് ഓഫീസ് കളക്ഷൻ ലഭിച്ചതും ക്രിസ്റ്റഫറിനാണ് . ( നൻപകൽ നേരത്ത് മയക്കം , റോഷാക്ക് , ഭീഷ്മപർവം എന്നിവ 20 കോടിക്ക് മുകളിൽ വരുമാനം നേടിയിരുന്നു )
അതേസമയം ആറാട്ടും മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപനും ട്രോളുകളിൽ നിറഞ്ഞുനിന്നെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ബോക്സ് ഓഫീസിൽ 22 കോടിയും സാറ്റലൈറ്റ് , ഒടിടി അവകാശങ്ങളിൽ നിന്നായി 10 കോടിയുമാണ് ചിത്രം നേടിയത്.
കോവിഡിന് ശേഷമെത്തിയ മോഹൻലാലിന്റെ രണ്ടാമത്തെ തീയേറ്റർ റിലീസ് എന്ന നിലയിൽ, ആറാട്ടിന് പ്രേക്ഷകരെ ആകർഷിക്കാനായതാണ്, ബോക്സ് ഓഫീസ് കളക്ഷൻ കൂടാൻ കാരണമായതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ . തീയേറ്റർ വരുമാനം ആറാട്ടിനെക്കാൾ വളരെ കുറവായതിനാൽ തന്നെ ഒടിടി, സാറ്റലൈറ്റ് അവകാശത്തുക കൂട്ടിയാലും ക്രിസ്റ്റഫർ പിന്നിൽ തന്നെയായിരിക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു