തൊണ്ണൂറുകളിൽ ജനിച്ചവർക്ക് തീയേറ്ററിൽ കാണാൻ സാധിക്കാതെ പോയ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി കണക്കാക്കുന്ന ഫാസിൽ ചിത്രം, മണിച്ചിത്രത്താഴിന്റെ റീറിലീസിന് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ചിത്രം തീയേറ്ററുകളിലെത്തിക്കുന്ന മാറ്റിനി നൗ റീ മാസ്റ്റർ ചെയ്ത ട്രെയ്‍ലര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
1993ൽ പുറത്തിറങ്ങിയ മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കോമ്പിനേഷനിൽ ഒരു തലമുറയെ തന്നെ ആവേശം കൊള്ളിച്ച സിനിമ തീയേറ്ററിൽ കാണണമെന്നാശിച്ചവർക്ക് ഇത് സുവർണാവസരമാണ്. ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴിന്റെ 4കെ വേർഷൻ റിലീസ് ചെയ്യുന്നത്.
അതുല്യ പ്രതിഭകളായ മോഹൻലാൽ ശോഭന സുരേഷ് ഗോപി എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ കാലഘട്ടമായി കണക്കാക്കുന്ന 90കളിലെയും രണ്ടായിരത്തിന്റെ തുടക്കത്തിലെയും ഫാസിൽ എന്ന സംവിധായകന്റെ മാസ്റ്റർ ക്രാഫ്റ്റ് പ്രകടമാകുന്ന ചിത്രം, താരങ്ങളുടെ സിനിമ ജീവിതത്തിലെ അതുല്യ സൃഷ്ടിയുമാണ്.
നിരവധി കാലമായി രണ്ടാം ഭാഗം വേണമെന്ന് ആരാധകരാവശ്യപ്പെടുന്ന ചിത്രം ഇനി അതുപോലെ സാധ്യമാകില്ലെന്ന് സംവിധായകൻ ഫാസിൽ തന്നെ നിരവധി വേദികളിൽ പറഞ്ഞിട്ടുള്ളതാണ്. മണ്മറഞ്ഞ മലയാളത്തിന്റെ അതുല്യപ്രതിഭകളായ കുതിരവട്ടം പപ്പു, തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെന്റ് എന്നിവർ അസാധ്യ പ്രകടനം കാഴ്ച്ചവെച്ച ചിത്രം കൂടിയാണ് മികച്ച ദൃശ്യനിലവാരത്തിൽ തീയേറ്ററുകളിലേക്കെത്തുന്നത്.
മണിച്ചിത്രത്താഴിലെ കാലങ്ങളെ അതിജീവിച്ച പാട്ടുകൾക്ക് ഈണം നൽകിയത് എം ജി രാധാകൃഷ്ണനും, കാതിലിപ്പോഴും മുഴങ്ങുന്ന പശ്ചാത്തല സംഗീതമൊരുക്കിയത് ജോൺസൺ മാഷുമാണ്. വരികളെഴുതിയത് ബിച്ചു തിരുമല.
മധു മുട്ടം തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് സ്വർഗ്ഗചിത്ര അപ്പച്ചനാണ്. വേണു, ആനന്ദകുട്ടപ്പൻ, സണ്ണി ജോസഫ് എന്നിവർ ക്യാമറ ചലിപ്പിച്ച ചിത്രം ടി ആർ ശേഖറാണ് എഡിറ്റ് ചെയ്തത്.