മലയാളത്തിന് പിന്നാലെ തമിഴ് ചിത്രത്തിലും ഗായികയായി മലയാളികളുടെ പ്രിയ താരം മഞ്ജു വാരിയര്‍. അജിത്ത് ചിത്രമായ തുനിവിലാണ് മഞ്ജു പാടിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ ജിബ്രാനാണ് സംഗീതം . സിനിമയില്‍ പാടുന്ന വിവരം നടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.
'ജിബ്രാന് വേണ്ടി പാടിയതിലും തുനിവിലെ വളരെ രസകരമായ ഒരു ഗാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിങ്ങള്‍ എല്ലാവരും പാട്ട് കേള്‍ക്കുന്നതിനായി കാത്തിരിക്കുകയാണെന്നും നടി ട്വിറ്ററില്‍ കുറിച്ചു. കുറിപ്പിനൊപ്പം റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടുന്ന ചിത്രവും സംഗീത സംവിധായകന് ജിബ്രാനൊപ്പമുള്ള മറ്റൊരു ചിത്രവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
തുനിവിലെ ആദ്യ ഗാനമായ 'ചില്ല ചില്ല'യ്ക്ക് വേണ്ടി അജിത്ത് ആരാധകര്‍ കാത്തിരിക്കെയാണ് അടുത്ത ഗാനത്തെ കുറിച്ചുള്ള വിവരം പുറത്ത് വന്നിരിക്കുന്നത്. അസുരൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു വാരിയർ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.