ENTERTAINMENT

തമിഴ്‌നാട്ടിൽ കളക്ഷൻ റെക്കോർഡുമായി മഞ്ഞുമ്മൽ ബോയ്‌സ്; പണികിട്ടിയത് രണ്ട് മലയാളി സംവിധായകർക്ക് !

പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്‌നാടിൻറെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മൽ ബോയ്‌സ് മാറി

എന്റർടെയ്ൻമെന്റ് ഡെസ്ക്

സമാനതകൾ ഇല്ലാത്ത വിധം തമിഴ്‌നാട്ടിൽ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം കളക്ഷൻ സ്വന്തമാക്കുമ്പോൾ 'പണി' കിട്ടുന്നത് മറ്റ് രണ്ട് മലയാളി സംവിധായകര്‍ക്കാണ്. ഒരാൾ സംവിധായകൻ ഗൗതം മേനോനും മറ്റൊരാൾ സംവിധായകൻ ബിജോയ് നമ്പ്യാരുമാണ്.

ഇരുവരും സംവിധാനം ചെയ്ത ചിത്രങ്ങൾ തീയേറ്ററിൽ റിലീസ് ചെയ്ത അതേസമയത്തുതന്നെയാണ് മഞ്ഞുമ്മൽ ബോയ്‌സും തമിഴ്‌നാട് തീയേറ്ററുകളിൽ കേരളത്തിനെക്കാൾ കളക്ഷൻ സ്വന്തമാക്കുന്നത്. പലയിടങ്ങളിലും ഗൗതം മേനോൻ സംവിധാനം ചെയ്ത 'ജോഷ്വ: ഇമൈ പോൽ കാക്ക' എന്ന ചിത്രത്തിനും ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത പോറും ഒന്നോ രണ്ടോ ഷോകൾ മാത്രമായി ഒതുങ്ങുമ്പോൾ എക്‌സ്ട്രാ ഷോകളുമായിട്ടാണ് മഞ്ഞുമ്മൽ ബോയ്‌സ് കുതിക്കുന്നത്.

ഒരു തീയേറ്ററിൽ മാത്രം ഒറ്റ ദിവസം വിവിധ സ്‌ക്രീനുകളിലായി 49 ഷോകളും ഉണ്ടായി. മഞ്ഞുമ്മൽ ബോയ്‌സ് ഞായറാഴ്ച മാത്രം തമിഴ്‌നാട്ടിൽ നിന്ന് 4.82 കോടി കളക്ഷൻ സ്വന്തമാക്കിയപ്പോൾ 'ജോഷ്വ: ഇമൈ പോൽ കാക്ക' ആദ്യ ദിവസം 30 ലക്ഷവും രണ്ടാം ദിനത്തിൽ 60 ലക്ഷവുമാണ് കളക്ഷൻ നേടിയത്. പോർ ആവട്ടെ മൂന്ന് ദിവസം കൊണ്ട് 70 ലക്ഷം രൂപയാണ് കളക്ഷൻ നേടിയത്.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത പോർ എന്ന ചിത്രത്തിൽ കാളിദാസ് ജയറാമും അർജുൻ ദാസുമായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. ഒരു ക്യാമ്പസ് ആക്ഷൻ ഡ്രാമയാണ് പോർ. ബിജോയ് നമ്പ്യാർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. 'ഡാങ്കേ' എന്ന ഹിന്ദി പതിപ്പിൽ ഇഹാൻ ഭട്ട് , ഹർഷവർധൻ റാണെ, നികിത ദത്ത, ടിജെ ഭാനു എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

ഗൗതം മേനോൻ സംവിധാനം ചെയ്ത 'ജോഷ്വാ ഇമൈ പോൽ കാക്ക' യിൽ വരുൺ കൃഷ്ണയാണ് നായകനാവുന്നത്. റാഹെയാണ് നായിക. കൃഷ്ണ, യോഗി ബാബു, മൻസൂർ അലിഖാൻ, വിചിത്ര, ദിവ്യദർശിനി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അതേസമയം പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, 2018 എന്നിവയെയൊക്കെ മറികടന്ന് തമിഴ്‌നാടിൻറെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന മലയാള സിനിമയായി മഞ്ഞുമ്മൽ ബോയ്‌സ് മാറിയിട്ടുണ്ട്. പ്രേമം സിനിമ തമിഴ്‌നാട്ടിൽ ഉണ്ടാക്കിയ ഓളത്തിന് സമാനമാണ് 'മഞ്ഞുമ്മൽ ബോയ്സ്' തീയേറ്റർ കളക്ഷനിൽ ഉണ്ടാക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

'ജാനേമൻ' എന്ന സിനിമയ്ക്കുശേഷം ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' കമൽഹാസൻ ചിത്രം 'ഗുണ' സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കഥയുടെ മർമപ്രധാന ഭാഗങ്ങളിലെ ഈ റഫറൻസ് ആണ് തമിഴ് പ്രേക്ഷകർക്ക് ചിത്രത്തോട് അടുപ്പം ഉണ്ടാക്കിയ ഘടകങ്ങൾ.

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ പറയുന്നത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ