ENTERTAINMENT

സിനിമയിൽ പുരുഷാധിപത്യമുണ്ട്, സ്ത്രീ ചൂഷണങ്ങളും, പക്ഷെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും: മഞ്ജുവാണി

എന്റർടെയ്ൻമെന്റ് ഡെസ്ക്

കോംപ്രമൈസുകള്‍ ചെയ്യേണ്ടി വരുമെന്ന ഘട്ടം വന്നപ്പോൾ ഇനി സം​ഗീതം വേണ്ട എന്ന തീരുമാനമായിരുന്നു താൻ എടുത്തിരുന്നത് എന്ന് ഗായികയും അഭിനയത്രിയുമായ മഞ്ജുവാണി. പിന്നണി ഗായികയെന്ന സ്വപ്നം മനസ്സിലിട്ട് നടന്നെങ്കിലും പേരുകേട്ടൊരു സംഗീതസംവിധായകന്‍റെ മോശം സമീപനത്താൽ അവസരം നിഷേധിക്കേണ്ടിവന്നു. മഞ്ജുവാണി ഇതേ അനുഭവം പങ്കുവെക്കുന്ന പഴയൊരു അഭിമുഖം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.

ഈ സാഹചര്യത്തിലാണ് മഞ്ജുവാണി ദ ഫോർത്തിനോട് പ്രതികരിച്ചത്. പുരുഷാധിപത്യമുളള ഇടമാണ് സിനിമ എന്നും ചൂഷണങ്ങൾ സ്വഭാവികമാണെന്നും മഞ്ജു പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടന്നിട്ടുളളവ തന്നെയാവാം. എന്നിരുന്നാലും മൊഴികളുടെ വിശ്വാസ്യത എല്ലാ കാലത്തും ചോദ്യം ചെയ്യപ്പെടുമെന്നും മഞ്ജുവാണി പറയുന്നു.

മഞ്ജുവാണിയുടെ പ്രതികരണം:

'പുരുഷാധിപത്യമുളള ഇടമാണ് സിനിമ എന്നതിൽ തർക്കമില്ല. അവിടെ സ്വാഭാവികമായും സ്ത്രീകൾക്കെതിരെയുളള ചൂഷണങ്ങൾ നടക്കുക തന്നെ ചെയ്യും. പക്ഷെ ഇത്തരം അഡ്ജസ്റ്റ്മെന്റുകളെ പല രീതിയിൽ ഉപയോ​ഗപ്പെടുത്തുന്ന പല സ്വഭാവക്കാരായ സ്ത്രീകളും നമുക്ക് ചുറ്റുമുണ്ട് എന്നതൊരു വസ്തുതയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മൊഴികളിൽ ഏതൊക്കെയാണ് സത്യസന്ധമായവയെന്ന് എങ്ങനെ തിരിച്ചറിയും? ഓരോ മൊഴികളെയും നമുക്ക് എത്രമാത്രം വിശ്വസിക്കാനാവും? ഈ ചോദ്യങ്ങളുടെ അർത്ഥം മലയാള സിനിമയിൽ ഈ കാര്യങ്ങളൊന്നും നടക്കുന്നില്ല എന്നല്ല. തെളിവുകളുടെ അഭാവമുണ്ട്, എനിക്ക് ഒരു സം​ഗീത സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവം ഞാൻ മുമ്പ് വിവരിച്ചിരുന്നതാണ്. ആ സംഭവത്തെക്കുറിച്ച് ആകെ അറിയാവുന്നത് എനിക്കും അയാൾക്കും എന്റെ അച്ഛനും മാത്രമാണ്. അച്ഛനിപ്പോൾ ജീവനോടെ ഇല്ല. അതുകൊണ്ട് നാളെ ഒരിക്കൽ എന്റെ വാദങ്ങളൊക്കെ തെറ്റാണെന്ന് പറഞ്ഞ് അയാൾ രം​ഗത്ത് വന്നാൽ അവിടെ മുന്നോട്ടുവെക്കാൻ എന്റെ പക്കൽ തെളിവുകളൊന്നുമില്ല. ഇതേ പ്രശ്നം കമ്മിറ്റിക്ക് മുന്നിൽ പരാതിപ്പെട്ട എല്ലാ സ്ത്രീകൾക്കുമുണ്ടാവാം. അതുകൊണ്ടുകൂടിയാവാം അവർ പേരുകൾ പുറത്തുപറയാൻ മടിക്കുന്നതും ഉൾവലിഞ്ഞ് നിൽക്കുന്നതും. മൊഴികളുടെ വിശ്വാസ്യത എല്ലാ കാലത്തും ചോദ്യം ചെയ്യപ്പെടും. '

'സിനിമയിൽ പാട്ടു പാടാൻ അവസരം ലഭിച്ചേക്കുമെന്ന തോന്നലിൽ ഒരിക്കൽ ഒരു പ്രമുഖ സംവിധായകനെ നേരിൽ കണ്ട് സംസാരിക്കാനിടയായി. എന്റെ ശബ്ദത്തിന് അനുയോജ്യമായ പാട്ടു വരുമ്പോൾ വിളിക്കാമെന്ന വാക്കിലാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്. അതിനുശേഷമൊരിക്കൽ അദ്ദേഹത്തിന് ഒരു പേഴ്സണൽ സെക്രട്ടറിയെ ആവശ്യമുണ്ടെന്ന് പറഞ്ഞ് എനിക്കൊരു വാട്സാപ് സന്ദേശമയച്ചു. ജോലിയുടെ സ്വഭാവവും സാലറിയും ഞാൻ തിരക്കി. എന്റെ യാത്രകളിൽ ഒപ്പമുണ്ടാകണം, എന്റെ ജോലി കാര്യങ്ങൾ കൈകാര്യം ചെയ്യണം. പിന്നെ മറ്റെല്ലാ കാര്യങ്ങളോടും താത്പര്യമുളള ആളാവണം. ജോലിയുടെ സ്വഭാവം പറഞ്ഞപ്പോഴേ അദ്ദേഹം ഉദ്ദശിക്കുന്നത് എത്തരം ആളെ ആണെന്ന് എനിക്ക് മനസിലായി. ഒരു ചെറുചിരി ചിരിച്ച് അത്തരം ആളുകൾ എന്റെ പക്കലില്ലെന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു. ഇത്തരം അനുഭവങ്ങൾ സ്വാഭാവികമാണ്. വിദ്യാഭ്യാസവും തൊഴിലും ഭേതപ്പെട്ട സാമ്പത്തിക സ്ഥിതിയും ഉളളവർക്ക് ചിലപ്പോൾ ഇത്തരക്കാരെ എളുപ്പം ഒഴിവാക്കി വിടാനാവും. മറ്റൊരു സാധു ചുറ്റുപാടിൽ നിന്നുളള സ്ത്രീയുടെ അവസ്ഥ എന്റേതിന് സമാനമായിരിക്കില്ല. പല വഴങ്ങിക്കൊടുക്കലുകളും നടക്കുന്നത് അവിടെയാണ്. പലപ്പോഴും അതെല്ലാം ചൂഷണങ്ങളുമാണ്. '

കോംപ്രമൈസുകള്‍ ചെയ്യേണ്ടി വരുമെന്ന ഘട്ടം വന്നപ്പോഴാണ് സംഗീതം ഉപക്ഷേിക്കേണ്ടി വന്നതെന്ന് മുമ്പ് മഞ്ജുവാണി വെളിപ്പെടുത്തിയിരുന്നു. പിന്നണി ഗായികയെന്ന സ്വപ്നം മനസ്സിലിട്ട് നടന്നെങ്കിലും അപ്രതീക്ഷിതമായുണ്ടായ പേരുകേട്ടൊരു സംഗീതസംവിധായകന്‍റെ മോശം സമീപനത്താൽ തനിക്ക് അവസരം നിഷേധിക്കേണ്ടിവന്നു. പി കെ ഗോപിയുടെ ചിത്രത്തിലായിരുന്നു പിന്നണി ഗായികയാകാനുള്ള ആ അവസരം ആദ്യമായി തന്നെത്തേടിയെത്തിയതെന്നും മഞ്ജുവാണി പറഞ്ഞിരുന്നു.

അച്ഛനാണ് ആ നിമിഷങ്ങളില്‍ തന്നെ കൈപിടിച്ചു കയറ്റിയത്. ഇങ്ങനെ ചില കടമ്പകള്‍ കൂടി കടന്നാലേ ഗായികയാകൂ എന്നുണ്ടെങ്കിൽ ആ അവസരം വേണ്ട എന്നായിരുന്നു അന്ന് താനെടുത്ത തീരുമാനം. അന്ന് സം​ഗീതം ഉപോക്ഷിച്ച് മറ്റൊരു കരിയർ തിരഞ്ഞെടുത്തെങ്കിലും വർഷങ്ങൾക്ക് ശേഷം അഭിനയത്രി ആയി സിനിമയിൽ തിരികെ വന്നു. ആക്ഷൻ ഹീറോ ബിജുവിൽ അം​ഗീകരിക്കപ്പെട്ട കഥാപാത്രമായെന്നും റീ ഷെയർ ചെയ്യപ്പെടുന്ന പഴയ വീഡിയോയിൽ മഞ്ജുവാണി പറയുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും