നടി തൃഷയ്ക്ക് എതിരായ ലൈംഗിക പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍. സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. സഹനടി തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ' എന്ന് മന്‍സൂര്‍ അലി ഖാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിമര്‍ശിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദിയെന്നും മന്‍സൂര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.
തൃഷയ്ക്ക് എതിരായ ലൈംഗിക പരാമര്‍ശത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മന്‍സൂര്‍ അലി ഖാന്റെ ക്ഷമാപണം. പരാമര്‍ശത്തിന് എതിരെ ചലച്ചിത്ര മേഖലയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ആദ്യം മാപ്പു പറയാന്‍ മന്‍സൂര്‍ അലി ഖാന്‍ തയ്യാറായിരുന്നില്ല.
ലിയോയില്‍ തൃഷയുണ്ടെന്നറിഞ്ഞപ്പോള്‍ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയതായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃഷ രംഗത്തെത്തി. മന്‍സൂര്‍ അലി ഖാന്‍ തന്നെക്കുറിച്ച് വളരെ മോശം പരാമര്‍ശം നടത്തുന്ന ഒരു വീഡിയോ ശ്രദ്ധയില്‍ പെട്ടെന്നും ലൈംഗിക ചുവയോടെ ആണ്‍ബോധത്തില്‍ നിന്നുകൊണ്ടാണ് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും തൃഷ എക്സില്‍ കുറിച്ചു. മന്‍സൂര്‍ അലി ഖാനെപോലെ ഒരാളുടെ കൂടെ അഭിനയിക്കേണ്ടി വരാതിരുന്നതില്‍ സന്തോഷമുണ്ട്. ഇനിയുള്ള സിനിമാ ജീവിതത്തില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും തൃഷ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജും മന്‍സൂര്‍ അലി ഖാനെ തള്ളിപ്പറഞ്ഞുകൊണ്ട് തൃഷയുടെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സ്ത്രീകളെ ബഹുമാനിക്കണമെന്നും ഈ പരാമര്‍ശം അപലപനീയമാണെന്നും ലോകേഷ് എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
വിവാദത്തിന് പിന്നാലെ, താന്‍ തമാശ പറഞ്ഞതാണെന്നും തന്റെ രാഷ്ട്രീയ, സിനിമാ ഭാവി തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും പറഞ്ഞ് മന്‍സൂര്‍ അലിഖാന്‍ രംഗത്തുവന്നിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും താന്‍ തൃഷയെ കുറിച്ച് പുകഴ്ത്തി സംസാരിച്ച കാര്യങ്ങള്‍ വെട്ടി ചെറുതാക്കി മോശമായ രീതിയില്‍ താരത്തിനെ ആരോ കാണിച്ചതാണെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിച്ചു.
മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പ്രസ്താവന പ്രമുഖ എന്റര്‍ടെയിന്‍മെന്റ് ട്രാക്കറായ രമേശ് ബാലയാണ് പുറത്തുവിട്ടത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന തന്റെ രാഷ്ട്രീയ - സിനിമാ ഭാവി തകര്‍ക്കാനാണ് ഈ വിവാദങ്ങളെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിച്ചു. 2000 മുതലുള്ള പല നായികമാരോടൊപ്പവും പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്നും തന്റെ ഈ ആശങ്ക ഹാസ്യരൂപത്തില്‍ പ്രകടിപ്പിക്കുകയായിരുന്നെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.