ധ്രുവ് വിക്രം പ്രധാന വേഷത്തിലെത്തുന്ന മാരി സെല്‍വരാജ് ചിത്രം ബൈസണിന്റെ ചിത്രീകരണം 70 ശതമാനം പൂർത്തിയായി. സംവിധായകൻ മാരി സെല്‍വരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 25 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയും സംവിധായകൻ പങ്കുവെച്ചു.
തമിഴ്‌നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണ് ബൈസന്റെ കഥ. തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽ ജനിച്ച് പ്രതിസന്ധികളോട് സന്ധിയില്ലാതെ പടവെട്ടി രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ അർജുന അവാർഡ് സ്വന്തമാക്കിയ വ്യക്തിയാണ് മാനത്തി ഗണേശൻ.
തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ജാതിരാഷ്ട്രീയമാണ് മാരി സെല്‍വരാജ് ചിത്രങ്ങളുടെ കേന്ദ്രബിന്ദു. അവസാനമായി ഒരുക്കിയ മാമന്നനും അത്തരത്തിലൊന്നായിരുന്നു. വടിവേലു മാമന്നനായി എത്തിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദളിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാവിന്റെ വേഷമായിരുന്നു വടിവേലു അവതരിപ്പിച്ചത്. ഉദയനിധി മകനായും വേഷമിട്ടു. വില്ലൻ കഥാപാത്രത്തിലായിരുന്നു ഫഹദെത്തിയത്.
2022ല്‍ പുറത്തിറങ്ങിയ മഹാനായിരുന്നു ധ്രുവിന്റെ അവസാന ചിത്രം. കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ ധ്രുവിന്റ പിതാവ് വിക്രമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. സിമ്രൻ, ബോബി സിംഹ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.