ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ തിരിച്ചുവരവ്, അതും ടൈറ്റിൽ കഥാപാത്രമായി. മാരി സെൽവരാജിന്റെ മാമന്നൻ ആദ്യം വാർത്തകളിൽ ഇടം നേടിയതിങ്ങനെയായിരുന്നു. സിനിമയുടെ കാസ്റ്റിങ്ങിനെതിരെ പല വിമർശനങ്ങളും ഉയർന്നപ്പോഴും മാമന്നന്റെ കാര്യത്തിൽ ആർക്കുമുണ്ടായിരുന്നില്ല എതിരഭിപ്രായം. എന്നാൽ മാമന്നനെ കണ്ടെത്തിയ ആ നിമിഷത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ മാരി സെൽവരാജ്
ഉദയനിധി സ്റ്റാലിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ വടിവേലു ഒരു ഗാനം ആലപിക്കുന്ന ഒരു സീനുണ്ട് മാമന്നനിൽ. മാമന്നനെ കണ്ടെത്തിയത് ആ നിമിഷത്തിലാണെന്ന് പറയുന്നു മാരി. വടിവേലു ഒരു ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും മാരി ഫേസ്ബുക്കിൽ പങ്കുവച്ചു
എ സി ത്രിലോകചന്ദ്രറിന്റെ സംവിധാനത്തിൽ 1965ൽ പുറത്തിറങ്ങിയ 'കാക്കും കരങ്ങൾ' എന്ന തമിഴ് ചിത്രത്തിലെ ഞായിരു എൻബത് കണ്ണാകെ,തിങ്കൾ എൻബത് പെണ്ണാകെ എന്ന് തുടങ്ങുന്ന ഗാനമാണ് വടിവേലു പാടുന്നത് വീഡിയോയിൽ കാണാം. പ്രണയവും തത്വചിന്തയും നിറഞ്ഞ ഗാനം ആലപിക്കാൻ കഴിവുള്ള വ്യക്തിയായി മാമന്നനെ കണ്ടെത്തിയ നിമിഷവും യാത്രയും ഇതായിരുന്നു എന്നായിരുന്നു മാരി സെൽവരാജിന്റെ ഫേയ്സ് ബുക്ക് കുറിപ്പ്..
ജൂൺ 29നാണ് മാമന്നൻ തീയേറ്ററുകളിൽ എത്തിയത്. മാരിയുടെ പതിവ് ജാതി രാഷ്ട്രീയം ചർച്ച ചെയ്യുന്ന പ്രമേയവുമായാണ് മാമന്നനും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. പരിയേറും പെരുമാളിനും കർണനും ശേഷം, മാരിയുടെ മൂന്നാമത്തെ ചിത്രമാണ് മാമന്നൻ. എന്നാൽ, ചിത്രം ഒടിടിയിൽ എത്തിയപ്പോൾ മാമന്നനിലെ ജാതി രാഷ്ട്രീയത്തിനെതിരെ കേരളത്തിലും തമിഴിനാട്ടിലും വ്യാപകമായി വിമർശനങ്ങളാണ് ഉയർന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ മഹത്വവത്കരിക്കുന്ന രീതിയിലുളള ചർച്ചകളും ചൂടുപിടിച്ചിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രകഥാപാത്രമായ മാമന്നനെ കണ്ടെത്തിയ നിമിഷത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ മാരി പങ്കുവച്ചിരിക്കുന്നതും.
ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രമായ മാമന്നിനിൽ കീർത്തി സുരേഷും പ്രധാനവേഷത്തിലെത്തിയിരുന്നു. കലൈയരസനും നിഖില വിമലും മുഖ്യവേഷത്തിലെത്തുന്ന വാഴൈ ആണ് മാരി സെൽവരാജിന്റെ അടുത്ത ചിത്രം.