ഗാസയിലെ കൂട്ടക്കുരുതിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് പ്രശസ്ത ഹോളിവുഡ് നടൻ മാർക്ക് റുഫലോ. ഗാസയിലെ സാധാരണക്കാരുടെ മരണങ്ങൾ യാദൃശ്ചികമായി സംഭവിച്ച നാശ നഷ്ടങ്ങളാണെന്ന നെതന്യാഹുവിന്റെ പരാമർശത്തെയാണ് മാർക്ക് റുഫലോ രൂക്ഷമായി വിമർശിച്ചത്. ''മനുഷ്യരോട് അൽപ്പം കരുണ കാണിക്കൂ'' എന്നും മാർക്ക് നെതന്യാഹുവിനോടാവശ്യപ്പെട്ടു.
ഞായറാഴ്ച എൻബിസിയുടെ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുന്നതിനിടെയാണ് നെതന്യാഹു ഗാസയിലെ സാധാരണക്കാരുടെ മരണത്തെ ന്യായീകരിച്ചത്. ഇസ്രായേൽ സൈന്യം തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടുന്നത് യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
“ഭീകരരെ ലക്ഷ്യമിടാൻ ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. നിയമാനുസൃതമായ എല്ലാ യുദ്ധങ്ങളിലും സംഭവിക്കുന്നതുപോലെ, സാധാരണക്കാരെ നമുക്ക് യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടങ്ങൾ എന്ന് വിളിക്കാം. അത് ഉദ്ദേശിക്കാത്ത നാശനഷ്ടങ്ങൾ ആണ്,” അദ്ദേഹം പറഞ്ഞു.
പിന്നാലെയാണ് വിമർശനവുമായി മാർക്ക് റുഫലോ രംഗത്തെത്തിയത്. ഇസ്രയേൽ റോക്കറ്റുകളാൽ നിഷ്കരുണം ആളുകൾ കൊല്ലപ്പെടുന്നത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്ന് റുഫലോ ട്വീറ്റ് ചെയ്തു. ജീവൻ നഷ്ടപ്പെട്ടവർ മനുഷ്യരാണെന്നും, കെട്ടിടങ്ങളോ റോഡുകളോ വസ്തുക്കളോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇല്ല. ക്ഷമിക്കണം. അവർ യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടങ്ങൾ അല്ല. അവർ അവിടെ ജനിച്ച്, അവിടെ താമസിക്കുന്ന മനുഷ്യരാണ്. ആ മനുഷ്യരിൽ ഭൂരിഭാഗവും അവിടെ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നു," അദ്ദേഹം ട്വീറ്റ് ചെയ്തു. നെതന്യാഹുവിനോട് അല്പം അനുകമ്പ കാണിക്കാനും അവെഞ്ചേഴ്‌സ്' താരം ആവശ്യപ്പെട്ടു. “അവർ പലസ്തീനികളാണ്, കെട്ടിടങ്ങളോ റോഡുകളോ വസ്തുക്കളോ അല്ല, അവർ മനുഷ്യരാണ്, അതുപോലെ തന്നെ നിങ്ങൾ നശിപ്പിച്ചേക്കാവുന്ന ബന്ദികളുമാണ്. അവ യാദൃശ്ചികമായ നാശ നഷ്ടങ്ങൾ അല്ല,” താരം പറഞ്ഞു. നെതന്യാഹു മാധ്യമങ്ങളോട് സംസാരിച്ചതിന്റെ ലിങ്കും മാർക്ക് റുഫലോ പങ്ക് വെച്ചിട്ടുണ്ട്.
നേരത്തെയും ഇസ്രയേൽ - ഹമാസ് സംഘർഷങ്ങളെക്കുറിച്ച് റുഫലോ സംസാരിച്ചിട്ടുണ്ട്. ഗാസയിലും ഇസ്രയേലിലും വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് അയച്ച കത്തിൽ ഒപ്പിട്ട സെലിബ്രിറ്റികളുടെ പട്ടികയിൽ റുഫലോയും ഉൾപ്പെടുന്നു. റുഫലോയെ കൂടാതെ, സെലേന ഗോമസ്, ജിജി ഹാദിദ്, ബെല്ല ഹാദിദ്, ബ്രാഡ്ലി കൂപ്പർ, ക്രിസ്റ്റിൻ സ്റ്റുവർട്ട്, മൈക്കൽ മൂർ, ഡ്രേക്ക്, ദുആ ലിപ തുടങ്ങിയവരായിരുന്നു കത്തിൽ ഒപ്പിട്ട മറ്റ് സെലിബ്രിറ്റികൾ.