ലോകം ഉറ്റുനോക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കംകുറിക്കാനിരിക്കെ വേദിയിൽ വലിയ പൊട്ടിത്തെറികളുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമകള്‍ക്കും അവാര്‍ഡുകള്‍ക്കുമുപരി മീ ടൂ തുറന്നുപറച്ചിലുകൾ ഫെസ്റ്റിവല്‍ വേദിയെ ഇളക്കിമറിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 10 നടന്മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ വെളിപ്പെടുത്തലുകളുണ്ടായേക്കും.
യൂറോപ്യന്‍ സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മീ ടൂവായി പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകൾ. അതിക്രമം നടത്തിയ 10 പ്രമുഖരുടെ പേരുകള്‍ ഫ്രാന്‍സിലെ പ്രമുഖ ഫിനാന്‍സ് കമ്പനികൾക്കും പാരീസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സിനിമയിലേക്കും രഹസ്യമായി അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനെതിരെ മുന്‍കരുതലെടുക്കാന്‍ ഒരു ഏജന്‍സിയെ കാന്‍ പ്രസിഡന്റ് ഐറിസ് ക്‌നോബ്ലോച്ച് സജ്ജമാക്കിയതായി ഫ്രഞ്ച് മാധ്യമമായ ലെ ഫിഗാറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതായും ക്‌നോബ്ലോച്ച് ഫിഗാറോയോട് പ്രതികരിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ തീവ്രതയനുസരിച്ച് ആരോപണവിധേയരെ ഫെസ്റ്റിവലില്‍ ക്ഷണിക്കാതിരിക്കുകയോ അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മീ ടൂ നേരിടുന്നവരുടെ പേരുകള്‍ പുറത്തുവിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ പലരെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. ഓസ്‌കാര്‍ ജേതാക്കളുടെ അടക്കമുള്ള പേരുകളാണ് ഇത്തരത്തിൽ ചര്‍ച്ചയായിരിക്കുന്നത്.
അതേസമയം, സംവിധായകരായ ജാക്വസ് ഡോയ്‌ലണും ബെനോയ്റ്റ് ജാക്വറ്റും ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയും സംവിധായികയുമായ ജുഡിത്ത് ഗോഡ്രെച്ചിന്റെ മീ ടൂ ആരോപണമാണ് ഫ്രഞ്ച് സിനിമാ ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. കൗമാരക്കാരിയായിരിക്കെ 1980കളില്‍ ഇരുവരും തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ജുഡിത്തിന്റെ ആരോപണം. ജാക്വറ്റിന് ആ സമയത്ത് തന്നോട് പ്രണയമായിരുന്നുവെന്നും അവര്‍ പറയുന്നു.
1989ല്‍ പുറത്തിറങ്ങിയ ലാ ഫില്ലെ 15എഎന്‍എസ് (The 15 year old girl) എന്ന സിനിമയില്‍ അനാവശ്യമായ ലൈംഗികരംഗത്തില്‍ അഭിനയിക്കാന്‍ ജാക്വറ്റ് പ്രേരിപ്പിച്ചെന്നും അവര്‍ പറയുന്നു. ജാക്വറ്റ് ഉൾപ്പെട്ട രംഗത്തില്‍ താന്‍ അഭിനയിച്ചെങ്കിലും ബലാത്സംഗ സീനില്‍ അഭിനയിക്കുന്നതില്‍നിന്നും ഒഴിവായതായും നടി വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ജുഡിത്തിന്റെ ഹ്രസ്വചിത്രമായ മോയി ഔസി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കാൻ ഫെസ്റ്റിവലിന്റെ 77-ാം എഡിഷനാണ് ഇത്തവണത്തേത്. മേയ് 14 മുതല്‍ 25 വരെ നടക്കുന്ന ഫെസ്റ്റിവൽ ക്വെന്റിന്‍ ഡൂപിയക്‌സിന്റെ ഫ്രഞ്ച് ചിത്രം ലി ഡ്യുക്‌സീം ആക്ടാണ് ഉദ്ഘാടന ചിത്രം.
ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മെറില്‍ സ്ട്രിപ്പിന് പാം ഡി ഓര്‍ നല്‍കി ആദരിക്കുമ്പോഴും ഫ്രഞ്ച് ഡയറക്ടേര്‍സ് ഗില്‍ഡിന്റെ കറോസ് ഡി ഓര്‍ പുരസ്കാരം ആന്‍ഡ്രിയ അര്‍ണോള്‍ഡ് കരസ്ഥമാക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് സിനിമാ മേഖലയില്‍ അന്ത്യമാകുന്നില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മീ ടൂ ആരോപണങ്ങളോടുള്ള ഫ്രാന്‍സ് സമീപനം അമേരിക്കയിലേതിനേക്കാൾ അലസതയുള്ളതാണ്. അതേസമയം, രാജ്യത്തെ സിനിമാ-ഫാഷന്‍ മേഖലകളിലുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഫ്രഞ്ച് പാർലമെന്റ് കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. ഹോളിവുഡിലെ മീ ടു ക്യാംപെയ്നിന് തുടക്കം കുറിച്ച ബലാത്സംഗകേസിലെ പ്രതിയും നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ശിക്ഷാവിധി റദ്ദാക്കി ന്യൂയോര്‍ക്ക് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് വീണ്ടും മീ ടു ആരോപണം ചൂടുപിടിക്കുന്നത്.