''നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍ തുടുത്തു, കാണുന്ന നേരത്ത് മിണ്ടാത്ത മോഹങ്ങള്‍...,''അര്‍ദ്ധോക്തിയില്‍ പാടി നിര്‍ത്തുന്നു എസ് ജാനകി. നിമിഷനേരത്തെ മൗനമാണ് പിന്നെ. മൗനത്തിനൊടുവില്‍ തെല്ല് ലജ്ജ കലര്‍ന്ന പ്രണയാര്‍ദ്രമായ ഒരു ചിരി. ചിരിക്ക് പിന്നാലെ ആത്മഗതം പോലെ മൂന്ന് വാക്കുകള്‍: ''ചാമരം വീശി നില്‍പ്പൂ...'' ആ ചാമരത്തിന് ഗായിക പകര്‍ന്നുനല്‍കുന്ന വികാരം അനുപമം.
എത്ര തവണ കേട്ടിട്ടുണ്ടാകും ആ വരികള്‍ എന്നറിയില്ല. ഇന്ന് കാലത്തും കേട്ടു, ആസ്വദിച്ചു; 43 കൊല്ലം മുന്‍പ് ആദ്യം കേട്ടപ്പോള്‍ തോന്നിയ അതേ അനുഭൂതിയോടെ തന്നെ.
ആദ്യമൊക്കെ എനിക്കത് എസ് ജാനകിയുടെ മാത്രം പാട്ടായിരുന്നു. പിന്നെ മനസ്സിലായി പൂവച്ചല്‍ ഖാദറിന്റെയും എം ജി രാധാകൃഷ്ണന്റെയും ഭരതേട്ടന്റെയും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റേയും സറീനാ വഹാബിന്റെയുമൊക്കെ പാട്ടാണതെന്ന്. ''താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചുനിന്നൂ'' എന്നെഴുതിയ പൂവച്ചലിനെ മനസ്സുകൊണ്ട് നമിക്കാതിരിക്കുന്നതെങ്ങനെ? സിനിമയ്ക്കുവേണ്ടി താങ്കളെഴുതിയ ഏറ്റവും പ്രണയ മധുരമായ വരികളാണവയെന്ന് പറയുമ്പോള്‍ സൗമ്യ മധുരമായ ചിരിയോടെ വിനീതമായി മൊഴിയും പൂവച്ചല്‍: ''ജാനകിയമ്മ ആലാപനത്തില്‍ വാരിച്ചൊരിഞ്ഞ ഭാവമാധുര്യമാണ് ആ വരികള്‍ക്ക് അവ ഉദ്ദേശിച്ചതിനപ്പുറമുള്ള ഭാവം പകര്‍ന്നു നല്‍കിയത്. മറ്റാര് പാടിയിരുന്നെങ്കിലും ആ ഗാനം ഇത്രയേറെ ജനകീയമാവില്ലായിരുന്നു എന്നാണ് എന്റെ തോന്നല്‍.''
'നാഥാ നീ വരും' എന്ന പാട്ടിലൂടെ പ്രണയബദ്ധരായി വിവാഹജീവിതത്തിലേക്ക് കാലെടുത്തുവച്ച എത്രയോ ദമ്പതിമാരെ കണ്ടുമുട്ടിയിട്ടുണ്ട് പൂവച്ചല്‍. ''പലരും നിറകണ്ണുകളോടെയാണ് നന്ദി പറയാനെത്തുക. അപ്പോഴെല്ലാം ഞാന്‍ ഭരതനെ ഓര്‍ക്കും. അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ വിരിഞ്ഞ പാട്ടും രംഗവുമാണല്ലോ അത്. അതിന് ചിറകുകള്‍ നല്‍കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ എനിക്കും രാധാകൃഷ്ണനും.''
ആകാശവാണി ലളിതഗാനങ്ങളോട് പണ്ടേ ഭ്രമമുണ്ട് ഭരതന്. ഇഷ്ടപ്പെട്ട അത്തരം പാട്ടുകളെ ഓര്‍മിപ്പിക്കുന്ന, എന്നാല്‍ വ്യത്യസ്തമായ ശ്രവ്യാനുഭൂതി പകരുന്ന സൃഷ്ടികള്‍ സ്വന്തം സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചില്ല അദ്ദേഹം. റേഡിയോയില്‍ എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തി സുശീലാദേവി പാടിക്കേട്ട ''നാഥാ നിന്‍ സിംഹാസനത്തില്‍ ഭവാന്‍ ആരാലിറങ്ങിവന്നു'' എന്ന ടാഗോര്‍ കവിത(മൊഴിമാറ്റം: ജി ശങ്കരക്കുറുപ്പ്)യുടെ ഈണം 'ചാമര'ത്തില്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത് ആ ഗാനത്തോടുള്ള സ്നേഹം കൊണ്ടുതന്നെ.
നാഥാ എന്ന ആദ്യ പദം മാത്രം നിലനിര്‍ത്തിക്കൊണ്ട് തീര്‍ത്തും വ്യത്യസ്തമായ മൂഡിലും ഭാവത്തിലുമുള്ള ഒരു ഗാനമാണ് പൂവച്ചല്‍ ഖാദര്‍ ആ ഈണത്തിനൊത്ത് എഴുതിയത്: ''നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു...'' എസ് ജാനകിയുടെ എക്കാലത്തെയും മികച്ച പ്രണയഗീതങ്ങളില്‍ ഒന്ന്.
പാട്ടിനിടക്കൊരു ചിരി കൂടി വേണമെന്നത് ഭരതന്റെ ആഗ്രഹമായിരുന്നു. ഗാനത്തിന്റെ സൗമ്യസുന്ദരമായ ഒഴുക്കുമായി അതെത്രത്തോളം ചേര്‍ന്നുനില്‍ക്കുമെന്ന കാര്യത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എം ജി രാധാകൃഷ്ണന് സംശയം. പക്ഷേ ആത്മാവിന്റെ ആഴങ്ങളില്‍ നിന്നൂറിവന്ന ഒരു ചിരിയിലൂടെ ജാനകിയമ്മ ആ സംശയങ്ങളെല്ലാം മായ്ച്ചുകളഞ്ഞു. ആ ചിരിയില്ലാതെ നാഥാ നീ വരും എന്ന പാട്ടിനെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യം.
ഇന്ന് (ജൂണ്‍ 22) പൂവച്ചലിന്റെ ഓര്‍മദിനം. പൂവച്ചല്‍ മാത്രമല്ല എം ജി രാധാകൃഷ്ണനും ഭരതനും രാമചന്ദ്രബാബുവുമെല്ലാം ഓര്‍മ. പക്ഷേ പാട്ട് നാല് പതിറ്റാണ്ടിനിപ്പുറവും മലയാളിയുടെ പ്രണയസ്മൃതികളില്‍ തൂവല്‍ വിരിച്ചുനില്‍ക്കുന്നു.