കാത്തിരുന്ന നിമിഷത്തിലെ ഗാനരംഗത്തില്‍ നിന്ന്  
ENTERTAINMENT

അനശ്വര പ്രണയഗാനത്തിൽ മദ്യലഹരി കലർന്നതെങ്ങനെ? കമൽ പറയുന്നു

എം ജി സോമൻ സ്മാരക അവാർഡ് സോമന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന കമൽഹാസന് ഇന്ന് തിരുവല്ലയിൽ സമർപ്പിക്കപ്പെടുമ്പോൾ 'കാത്തിരുന്ന നിമിഷ' ത്തിലെ ആ ഗാനത്തിലേക്ക്, ഗാനരംഗത്തിലേക്ക് തിരികെ നടക്കുന്നു മനസ്സ്

രവി മേനോന്‍

''ശാഖാനഗരത്തിൽ ശശികാന്തം ചൊരിയും ശാരദപൗർണ്ണമി എന്റെ താന്തമാം ശയനമന്ദിരം എന്തിന് നീ തുറന്നൂ...'' ശ്രീകുമാരൻ തമ്പി എഴുതി അർജ്ജുനൻ മാഷ് ഈണമിട്ട് യേശുദാസ് പാടിയ പാട്ട്.

സോമനും കമലുമാണ് ഗാനരംഗത്ത്. ഇരുവരും മദ്യപിച്ചുകൊണ്ട് ബൈക്കോടിച്ചു പാടുന്ന പാട്ട്. ''ഞങ്ങളുടെ സൗഹൃദത്തിന്റെ തിളക്കം മുഴുവൻ നിങ്ങൾക്ക് കാണാം ആ പാട്ടിൽ.'' കമലിന്റെ വാക്കുകൾ. അത്ഭുതമില്ല. താൽക്കാലിക നീക്കുപോക്കുകൾക്കപ്പുറത്ത് ഗാഢസൗഹൃദങ്ങൾ മഷിയിട്ട് നോക്കിയാൽ പോലും കണ്ടുകിട്ടാൻ പ്രയാസമായ സിനിമാലോകത്തെ ഏറ്റവും പ്രശസ്തമായ കൂട്ടുകെട്ടായിരുന്നു സോമൻ- കമൽഹാസൻമാരുടേത്. സോമന്റെ വിയോഗം വരെ നീണ്ട സുഹൃദ്ബന്ധം.

എങ്കിലും ഒരു സംശയം ബാക്കി. നിലാവിന്റെ അന്തരീക്ഷത്തിൽ ഇതൾ വിരിയേണ്ട ഒരു പ്രണയഗാനം എങ്ങനെ സിനിമയിൽ  ഒരു ആഘോഷ ഗാനമായി മാറി ? അതും മദ്യലഹരിയുടെ അകമ്പടിയോടെ. മാത്രമല്ല, യുഗ്മഗാനമായാണ് ചിത്രീകരിക്കപ്പെട്ടതെങ്കിലും പാട്ട് സോളോ. സോമനും കമലിനും വേണ്ടി പാടുന്നത് യേശുദാസ്. 

കാത്തിരുന്ന നിമിഷത്തിലെ കഥാ സന്ദർഭങ്ങൾക്ക് വേണ്ടി എഴുതപ്പെട്ട പാട്ടുകൾ ആയിരുന്നില്ല ഇവയൊന്നും

മറുപടി കമൽ തന്നെ തന്നു: ''സത്യത്തിൽ കാത്തിരുന്ന നിമിഷത്തിലെ കഥാ സന്ദർഭങ്ങൾക്ക് വേണ്ടി എഴുതപ്പെട്ട പാട്ടുകൾ ആയിരുന്നില്ല ഇവയൊന്നും. ശ്രീകുമാരൻ തമ്പിയാണ് പടത്തിന്റെ കഥയും സംഭാഷണവും എഴുതുന്നത്‌ എന്നായിരുന്നു ഷൂട്ടിംഗ് തുടങ്ങും മുൻപ് ഞങ്ങളുടെ അറിവ്. പിന്നീട് കേട്ടു അദ്ദേഹം പിന്മാറി എന്ന്. എല്ലാവർക്കും വലിയ സങ്കടമായി. കഥ മാറുന്നതോടെ പടത്തിനു വേണ്ടി നേരത്തെ റെക്കോർഡ്‌ ചെയ്ത മനോഹരമായ പാട്ടുകൾ പാഴായിപ്പോകുമല്ലോ എന്നായിരുന്നു എന്റെ ഭയം. ഭാഗ്യവശാൽ അതുണ്ടായില്ല.

കമലിന്റെ കാമുക കഥാപാത്രം വീടിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട് കാമുകിയെ ഓർത്ത്‌ പാടേണ്ട പാട്ടായിരുന്നു ശാഖാനഗരത്തിൽ

''പല പാട്ടുകൾക്കും വേണ്ടി പുതിയ സിറ്റുവേഷനുകൾ ഉണ്ടാക്കുകയായിരുന്നു. ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ഉദാഹരണം. ഒരു പാട്ട് മാത്രം ഒട്ടും യോജിക്കാത്ത സന്ദർഭത്തിൽ ഉപയോഗിക്കേണ്ടിവന്നു - ശാഖാനഗരത്തിൽ ശശികാന്തം ചൊരിയും ശാരദപൗർണമി. പൂർണ്ണമായ അർത്ഥത്തിൽ പ്രണയഗാനമായി എഴുതപ്പെട്ടതാണ് അത്. നിലാവുള്ള രാത്രിയിൽ കാമുകൻ പാടേണ്ട പാട്ട്. പക്ഷെ കഥ മാറിയപ്പോൾ സിനിമയിൽ അതിന് പ്രസക്തിയില്ല. ഒടുവിൽ ഒരു ആഘോഷഗാനമായി അതുപയോഗിക്കാം എന്ന നിർദേശം മുന്നോട്ടു വെച്ചത് ഞാനാണ്. സോമനും ഞാനും മദ്യപിച്ച് ബൈക്കിൽ നഗരം ചുറ്റുന്നത് ആർദ്രമായ ആ ഭാവഗീതം പാടിയാണ്. ഒട്ടും ഔചിത്യമില്ലാത്ത ചിത്രീകരണം. ഇന്നത് കാണുമ്പോൾ അരോചകമായി തോന്നാം. എങ്കിലും ആ നല്ല ഗാനം സിനിമയിൽ നിലനിർത്താൻ അതേ മാർഗം ഉണ്ടായിരുന്നുള്ളൂ.'' -- കമൽ ചിരിക്കുന്നു.

ശ്രീകുമാരൻ തമ്പിയുടെ കഥയിൽ, കമലിന്റെ കാമുക കഥാപാത്രം വീടിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട് കാമുകിയെ ഓർത്ത്‌ പാടേണ്ട പാട്ടായിരുന്നു ശാഖാനഗരത്തിൽ. `അവളുടെ ഓർമ്മകൾ നാളമായ് പൂക്കും മൺവിളക്കെന്റെ ഹൃദയം ആ മുഗ്ദ്ധഹാസം പൂക്കളായ് വിടരും ആരാമമെൻ മുറ്റം' എന്നെഴുതുമ്പോൾ ആ കാമുകന്റെ ഹൃദയവികാരം തന്നെയായിരുന്നു തമ്പിയുടെ മനസ്സിൽ. ''എനിക്കേറെ ഇഷ്ടപ്പെട്ട ആ പാട്ട് ഒരു കോമഡി രംഗത്തിൽ തിരുകിക്കയറ്റിയത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു.''-- തമ്പി പറയുന്നു.

എങ്കിലെന്ത്? സിനിമ കാണാതെ പാട്ട് റേഡിയോയിൽ കേട്ട് ആസ്വദിച്ച് തുടങ്ങിയ എന്നെപ്പോലുള്ളവർക്ക് ഇന്നും അതൊരു പ്രണയഗാനം തന്നെ. അഭിനന്ദനങ്ങൾ കമൽ, നിയോഗം പോലെ തേടിയെത്തിയ ഈ ബഹുമതിക്ക്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ