പോപ്പ് രാജാവ് മൈക്കിൾ ജാക്‌സന്റെ ജീവിതം പറയുന്ന ചിത്രം 'മൈക്കിൾ' 2025 ഏപ്രിൽ 18-ന് തീയറ്ററുകളിൽ എത്തും. അൻ്റോയിൻ ഫുക്വാ സംവിധാനം ചെയ്ത ചിത്രത്തിൽ ജാക്‌സൻ്റെ അനന്തരവൻ ജാഫർ ജാക്‌സണാണ് മൈക്കൽ ജാക്സണെ അവതരിപ്പിക്കുന്നത്. 'ഗ്ലാഡിയേറ്റർ', 'ദി ഏവിയേറ്റർ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജോൺ ലോഗനാണ് മൈക്കിളിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജാക്‌സൻ്റെ ജീവിതത്തിൻ്റെ എല്ലാ സംഭവ വികാസങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുളളതാവും സിനിമ എന്ന് ലയൺസ്ഗേറ്റ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എങ്കിലും മൈക്കിൾ ജാക്സന്റെ ജീവിതത്തിലുടനീളം പിന്തുടർന്ന പല വിവാദങ്ങളെയും ചിത്രം എങ്ങനെ അവതരിപ്പിക്കും എന്നതിൽ വ്യക്തതയില്ല. ചിത്രത്തിന്റേതായി മുമ്പ് പുറത്തുവിട്ടിരുന്ന ഫസ്റ്റ് ലുക് പോസ്റ്ററിന് ഗംഭീര പ്രതികരണമായിരുന്നു. മൈക്കിൾ ജാക്സന്റേതിന് സമാനമായ ജാഫറിന്റെ രൂപമാറ്റം ജാക്സൺ ആരാധകരെ അമ്പരപ്പിച്ചിരുന്നു.
മൈക്കിൾ ജാക്സന്റെ സംഗീത കുടുംബ പാരമ്പര്യം ഉണ്ടായിരുന്നിട്ടും 12 വയസ്സ് വരെ സംഗീതത്തിലേക്ക് കടക്കാൻ ജാഫർ തീരുമാനിച്ചിരുന്നില്ല. ശേഷമാണ് പിയാനോ വായിക്കാനും പാട്ടുകൾ പാടാനും തുടങ്ങുന്നത്. 2019-ൽ അദ്ദേഹം തൻ്റെ ആദ്യ സിംഗിൾ 'ഗോട്ട് മി സിംഗിംഗ്' പുറത്തിറക്കി. ഇപ്പോൾ 28 വയസ്സുള്ള ജാഫർ മൈക്കിളിലൂടെ തന്റെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ജാഫർ ചിത്രത്തിൽ നായകനാകുമ്പോൾ, 9 വയസ്സുള്ള ജൂലിയാനോ ക്രൂ വാൽഡി ജാക്‌സന്റെ ചെറുപ്പകാലത്തെ അവതരിപ്പിക്കും. ഓസ്‌കാർ നോമിനി കോൾമാൻ ഡൊമിംഗോയും നിയ ലോംഗും മാതാപിതാക്കളായ ജോയെയും കാതറിൻ ജാക്‌സണെയും അവതരിപ്പിക്കുന്നു. മൈക്കിളിൻ്റെ അഭിഭാഷകനും ഉപദേശകനുമായിരുന്ന ബ്രാങ്കയെയാണ് മൈൽസ് ടെല്ലർ അവതരിപ്പിക്കുന്നത്. മോട്ടൗൺ റെക്കോർഡ്‌സ് സ്ഥാപകൻ ബെറി ഗോർഡിയായി ലാറൻസ് ടേറ്റ് എത്തും. രണ്ട് കാലഘട്ടങ്ങളിലായി എട്ട് അഭിനേതാക്കൾ മൈക്കിളിൻ്റെ സഹോദരങ്ങളെ അവതരിപ്പിക്കും.
മൈക്കൽ ജാക്‌സൺ എസ്റ്റേറ്റിൻ്റെ സഹ-നിർവാഹകരായ ജോൺ ബ്രാൻക, ജോൺ മക്‌ലെയ്ൻ എന്നിവർക്കൊപ്പം ഗ്രഹാം കിംഗും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലയൺസ്ഗേറ്റാണ് യുഎസിലും ജപ്പാനിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. മറ്റെല്ലാ ഓഫ്‌ഷോർ പ്രദേശങ്ങളുടെയും വിതരണാവകാശം യൂണിവേഴ്സൽ പിക്ചേഴ്സിനാണ്.