ENTERTAINMENT

മറക്കാനാകുമോ മിലേ സുർ മേരാ തുംഹാര?

ദേശീയഗീതത്തിന്റെ പദവിയിലേക്കുയർന്ന ടെലിവിഷൻ ഗാനത്തിന് ഇന്ന് 35 വയസ്സ്

രവി മേനോന്‍

ഓട്ടോഗ്രാഫിനായി മുന്നിൽ വന്ന കുട്ടിയെ സ്നേഹപൂർവ്വം ചേർത്തുനിർത്തി പണ്ഡിറ്റ് ഭീംസെൻ ജോഷി ചോദിക്കുന്നു: "അറിയുമോ എന്നെ?"

കുട്ടി ചിരിച്ചു. പിന്നെ സംഗീതചക്രവർത്തിയുടെ മുഖത്ത് നോക്കി നിഷ്കളങ്കമായി പാടി: "മിലേ സുർ മേരാ തുംഹാരാ..."

അമ്പരപ്പായിരുന്നു ചുറ്റുമുള്ളവർക്ക്; ആശങ്കയും. പൊട്ടിത്തെറിക്കുമോ പണ്ഡിറ്റ്ജി? ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാജവീഥികളിലൂടെ പതിറ്റാണ്ടുകളോളം ഏകനായി അശ്വരഥമോടിച്ചുപോയ മഹാകലാകാരനെ കേവലമൊരു ടെലിവിഷൻ ഗാനത്തിന്റെ പേരിൽ അടയാളപ്പെടുത്തുക എന്നു പറഞ്ഞാൽ?

പക്ഷേ പണ്ഡിറ്റ്ജി കോപിച്ചില്ല. പകരം പൊട്ടിച്ചിരിച്ചു. കുട്ടിയാരാധകനെ ഒന്നുകൂടി ചേർത്തു നിർത്തി ചുറ്റുമുള്ളവരോടായി അദ്ദേഹം പറഞ്ഞു: "നോക്കൂ, ഈ കൊച്ചുകുട്ടിക്ക് പോലും എന്നെ പരിചിതനാക്കിയിരിക്കുന്നു ആ പാട്ട്. എല്ലാം ഈശ്വരനിശ്ചയം."

ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല പണ്ഡിറ്റ്ജിക്ക് അത്. "ശാസ്ത്രീയ സംഗീത വേദിയിൽ മാത്രം ഒതുങ്ങിനിന്ന എന്നെ ജനകീയനാക്കി മാറ്റിയത് മിലേ സുർ മേരാ തുംഹാരയിലെ സാന്നിധ്യമാണ്. സംഗീതമറിയാത്ത സാധാരണക്കാർ പോലും തിരിച്ചറിയുന്നു ഇന്നെന്നെ.'' -- ഭീംസെൻ ജോഷി ഒരിക്കൽ പറഞ്ഞു.

കൃത്യം മുപ്പത്തഞ്ചു വർഷം മുൻപൊരു ആഗസ്റ്റ് 15നാണ് മിലേ സുർ മേരാ തുംഹാര ആദ്യമായി ദൂരദർശൻ സംപ്രേഷണം ചെയ്തത്; ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ സ്വാതന്ത്യദിന പ്രസംഗത്തിന് തൊട്ടുപിന്നാലെ. പണ്ഡിറ്റ് ഭീംസെൻ ജോഷിയും മറാഠി സംഗീത സംവിധായകൻ അശോക് പട്കിയും മലയാളിയായ ജിംഗിൾമേക്കർ വൈദ്യനാഥനും വാദ്യവിന്യാസ വിദഗ്ധൻ ലൂയി ബാങ്ക്‌സും ചേർന്ന് സൃഷ്ടിച്ച ആവേശമുണർത്തുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും ഒരു ദേശീയ വികാരമായി വളർന്നത് പെട്ടെന്നാണ്. ദൂരദർശന്റെ പ്രഭവകാലമായിരുന്നു അതെന്നുകൂടി ഓർക്കണം.

ദേശാഭിമാനം ഉണർത്തുന്ന ഒരു ഗാനചിത്രീകരണം എന്ന ആശയം കേന്ദ്ര സർക്കാരിന്റെ ലോക് സഞ്ചാർ പരിഷത്ത് മുന്നോട്ടുവെച്ചത് 1988 ലാണ്. ആ ദൗത്യം വെല്ലുവിളിയായി ഏറ്റെടുത്ത ദൂരദർശൻ ഡയറക്ടർ ജനറൽ ഭാസ്കർ ഘോഷ് ഗാനസൃഷ്ടിയുടെ ചുമതല സുഹൃത്തായ സുരേഷ് മല്ലിക്കിനെ ഏൽപ്പിക്കുന്നു. ഒഗിൽവി ആൻഡ് മേത്തറിന്റെ ക്രീയേറ്റീവ് ഹെഡ് ആണ് അക്കാലത്ത് മല്ലിക്ക്.

ഹിന്ദുസ്ഥാനി -- കർണ്ണാട്ടിക് -- ഫോക് സംഗീത ശാഖകൾ സമന്വയിപ്പിച്ചു വേണം പാട്ടുണ്ടാക്കാൻ. വിവിധ ജനവിഭാഗങ്ങളുടെ പ്രാദേശികവും ഭാഷാപരവുമായ പ്രാതിനിധ്യവും നിർബന്ധം. "ഹിന്ദുസ്ഥാനിയിലും കർണാട്ടിക്കിലും പൊതുവായി ഉള്ള രാഗമാണ് ഭൈരവി. ആ രാഗമായിരിക്കണം ഗാനത്തിന്റെ അന്തർധാര.''-- ഭാസ്കർ ഘോഷ് പറഞ്ഞു.

സ്വന്തം പരസ്യസ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജർ ആയിരുന്ന പിയൂഷ് പാണ്ഡെയെ വരികൾ എഴുതാൻ ചുമതലപ്പെടുത്തുന്നു മല്ലിക്ക്. രണ്ടേ രണ്ട് ഉപാധികളെ ഉണ്ടായിരുന്നുള്ളു അദ്ദേഹത്തിന്: "ലളിതവും സുതാര്യവുമായിരിക്കണം രചന. എളുപ്പം സാധാരണക്കാരന്റെ ചുണ്ടിലും മനസ്സിലും അത് ഇടം നേടുകയും വേണം.'' പാണ്ഡെ എഴുതിക്കൊണ്ടുവന്ന 17 രചനകളും വഴിക്കുവഴിയായി തിരസ്കരിച്ച ശേഷം പതിനെട്ടാമത്തെ രചന മല്ലിക്ക് സന്തോഷപൂർവം സ്വീകരിക്കുന്നു -- "മിലേ സുർ മേരാ തുംഹാര തോ സുർ ബനേ ഹമാരാ...അതായിരുന്നു തുടക്കം. കൈലാഷ് സുരേന്ദ്രനാഥ് ഉം കൂട്ടരും ചേർന്ന് ആ ആശയത്തിന് ദൃശ്യാവിഷ്കാരം നൽകുകയായിരുന്നു.ബാക്കി ചരിത്രം.

വലിയൊരു കൂട്ടായ്മയിലൂടെയാണ് ഗാനത്തിന്റെ ഈണം രൂപപ്പെട്ടതെങ്കിലും ബേസിക് ട്യൂൺ ഭീംസെൻ ജോഷിയുടേതായിരുന്നു എന്ന് സാക്ഷ്യപ്പെത്തുന്നു അദ്ദേഹത്തിന്റെ മകൻ ജയന്ത്. പണ്ഡിറ്റ്ജി പാടി പ്രശസ്തമാക്കിയ "ജോ ഭജേ ഹരി കോ സദാ''' എന്ന ഭജന്റെ ഈണമാണ് "മിലേ സുർ മേരാ തുംഹാര''ക്ക് പ്രചോദനമായത്.

മുഖ്യഗായകരായി ഭീംസെൻ ജോഷി, ബാലമുരളീകൃഷ്ണ, ലത മങ്കേഷ്ക്കർ, കവിത കൃഷ്ണമൂർത്തി, ശുഭാംഗി ബോസ്, സുചിത്ര മിത്ര എന്നിവർ. സ്ക്രീനിലെ പശ്ചാത്തല താരസാന്നിധ്യങ്ങളായി അമിതാഭ് ബച്ചൻ, ജിതേന്ദ്ര, മിഥുൻ ചക്രവർത്തി, ശർമിള ടാഗോർ, വഹീദ റഹ്‌മാൻ, കമൽ ഹാസൻ, പ്രകാശ് പദുകോൺ, പി കെ ബാനർജി തുടങ്ങിയവർ.

"മിലേ സുർ മേരാ തുംഹാര'' 35 വർഷം പിന്നിടുമ്പോൾ ഓർമ്മയിലെത്തുന്ന മറ്റൊരു പേര് കൂടിയുണ്ട് -- എറണാകുളം ജില്ലയിലെ ചുള്ളിക്കൽ സ്വദേശി കെ ജെ കുരുവിളയുടെ. മുംബൈ പരസ്യലോകത്ത് ഏറെക്കാലം ജിംഗിൾ ഗായകനായി നിറഞ്ഞുനിന്ന കുരുവിളയാണ് ഗാനത്തിലെ മലയാളം വരികൾക്ക് ശബ്ദം നൽകിയത് -- "എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായ്.'' മുംബൈയിലെ അറിയപ്പെടുന്ന സ്റ്റേജ് ഗായകൻ കൂടിയായിരുന്ന കുരുവിളയുടെ ശബ്ദത്തിലാണ് ലൈഫ്ബോയ് സോപ്പിന്റെയും വിക്കോ വജ്രദന്തി ടൂത്ത് പേസ്റ്റിന്റെയുമൊക്കെ റേഡിയോ പരസ്യങ്ങൾ വർഷങ്ങളോളം മലയാളികളെ തേടിയെത്തിയത്.

കുരുവിള ഉൾപ്പെടെ "മിലേ സുർ മേരാ തുംഹാര"യുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട പലരും ഇന്നില്ല. നിനച്ചിരിക്കാതെ വല്ലപ്പോഴുമൊക്കെ ദൂരദർശനിൽ ആ ഗാന ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഇന്ത്യൻ ടെലിവിഷന്റെ വസന്ത കാലം വീണ്ടും ഓർമയിലെത്തും. ടാം റേറ്റിങ്ങിനെ കുറിച്ചു വേവലാതിയില്ലാതെ ഉന്നത നിലവാരമുള്ള പരിപാടികൾ മാത്രം പ്രേക്ഷകരിലെത്തിക്കാൻ ദൂരദർശൻ ഉത്സാഹം കാണിച്ചിരുന്ന കാലം. "ഫിർ മിലേ സുർ മേരാ തുംഹാര'' എന്ന പേരിൽ രണ്ടു പതിറ്റാണ്ടിനു ശേഷം ഈ ഗാനം ടെലിവിഷനിൽ പുനരാവിഷ്കരിക്കപ്പെട്ടെങ്കിലും ഒറിജിനലിനോട് താരതമ്യം പോലും ഉണ്ടായിരുന്നില്ല പുതിയ പതിപ്പിന്. സിനിമാക്കാർക്ക് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള ഒരു കെട്ടുകാഴ്ച്ച മാത്രമായി ചുരുങ്ങി അത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം