ENTERTAINMENT

വിവാദത്തിലായി തിരുപ്പതി ലഡുവും പഴനി പഞ്ചാമൃതവും; ഓൺലൈൻ വാക്പോരിൽ പ്രകാശ് രാജും പവൻ കല്യാണും, അറസ്റ്റിലായി സംവിധായകൻ മോഹൻ ജി

പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്നുകൾ അടങ്ങിയിട്ടുണ്ടെന്ന വിവാദ പരാമർശത്തിന് പിന്നാലെയാണ് സംവിധായകൻ മോഹൻ ജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തിരുപ്പതി, പഴനി ക്ഷേത്ര പ്രസാദങ്ങളെ ചൊല്ലിയുളള വിവാദ ചർച്ചകളിൽ വാർത്തയിലിടം പിടിച്ചിരിക്കുകയാണ് പ്രകാശ് രാജും പവൻ കല്യാണും സംവിധായകൻ മോഹൻ ജിയും. ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തിൽ പവൻ കല്യാണിന് മറപടിയുമായി എത്തിയിരിക്കുകയാണ് പ്രകാശ് രാജ്. തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നാണ് വിഷയത്തിൽ പ്രകാശ് രാജിന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം. എക്സിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു താരത്തിന്റെ മറുപടി. അതേസമയം, തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തിൽ വിളമ്പിയ പഞ്ചാമൃതത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയെന്ന് ആരോപിച്ച് തമിഴ് സംവിധായകൻ മോഹൻ ജിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 24 ന് ട്രിച്ചി ജില്ലാ സൈബർ ക്രൈം പോലീസാണ് സംവിധായകനെ പിടികൂടിയത്.

പഴനി ക്ഷേത്രത്തിൽ വിളമ്പിയ പഞ്ചാമൃതത്തെ കുറിച്ച് മോഹൻ ജി അടുത്തിടെ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്നുകൾ അടങ്ങിയിട്ടുണ്ടെന്ന് സംവിധായകൻ അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്താവന സോഷ്യൽ മീഡിയയിലും വിശ്വാസികൾക്കിടയിലും വിവാദപരമായ ചർച്ചക്ക് വഴിവെച്ചിരുന്നു. സംഭവത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിൽ വെച്ച് സംവിധായകനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ ഉടൻ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി തുറന്ന ഓൺലൈൻ വാക്പോരിലാണ് നടൻ പ്രകാശ് രാജും ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും. സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയത്തിൽ നടത്തുന്ന പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായാണ് പവൻ കല്യാൺ എത്തുന്നത്. ലഡു വിവാദത്തിന് പിന്നാലെ, ഇന്ത്യയില്‍ സനാതനധര്‍മത്തെ രക്ഷിക്കാന്‍ പ്രത്യേകം രക്ഷാബോര്‍‍ഡുകള്‍ രൂപീകരിക്കേണ്ട സമയമായെന്നുള്ള പവൻ കല്യാണിൻ്റെ പോസ്റ്റിന്, പ്രകാശ് രാജ് നൽകിയ മറുപടിയാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് വഴിവെച്ചത്. വിഷയത്തിൽ അന്വേഷണമാണ് വേണ്ടതെന്നും ദേശീയതലത്തിൽ വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും ചോദിച്ചുകൊണ്ടുളള പ്രകാശ് രാജിന്റെ മറുപടി പവൻ കല്യാണിനെ ചൊടിപ്പിച്ചു.

മാധ്യമങ്ങളെ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിലായിരുന്നു പ്രകാശ് രാജിനുള്ള മറുപടി പവൻ കല്യാൺ നൽകിയത്. 'ഹിന്ദുമതത്തിൻ്റെ പവിത്രതയെയും ഭക്ഷണത്തിൽ മായം ചേർക്കുന്നത് പോലുള്ള പ്രശ്‌നങ്ങളെയുമാണ് ഞാൻ അഭിസംബോധന ചെയ്യുന്നത്. സനാതന ധർമത്തിനെതിരായ ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രകാശ് രാജിനോട് ബ​ഹുമാനമുണ്ട്. പക്ഷേ, എന്തിനാണ് അദ്ദേഹം എന്നെ വിമർശിക്കുന്നത്? തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമാതാരങ്ങൾ, ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം പൊതുവേദികളിൽ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കുകയെങ്കിലും വേണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.' വാർത്താ സമ്മേളനത്തിൽ പവൻ കല്യാൺ നടത്തിയ ഈ പ്രസ്ഥാവനക്ക് മറുപടിയുമായാണ് പ്രകാശ് രാജ് എക്സിൽ വീഡിയോ പങ്കുവെച്ചത്. താൻ പറഞ്ഞതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നും വിഷയത്തിൽ തൻ്റെ മുൻ ട്വീറ്റുകൾ പരിശോധിച്ച് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണമെന്നും പ്രകാശ് രാജ് വീഡിയോയിൽ പറയുന്നു. താൻ വിദേശത്ത് ഷൂട്ടിങ്ങിലാണെന്നും പവൻ കല്യാണിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഉടൻ എത്തുമെന്നും പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് വീഡിയോ അവസാനിപ്പിക്കുന്നത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍