2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ആശംസ അറിയിച്ച് നടൻ മോഹൻലാൽ. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മമ്മൂട്ടിയെ പ്രത്യേകം പരാമർശിച്ചാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. "സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ... എന്റെ ഇച്ചാക്ക (മമ്മൂട്ടി), മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്ക് പ്രത്യേക സ്നേഹവും അഭിനന്ദനവും നേരുന്നു" മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇത് ആറാം തവണയാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂര്‍വവും വിസ്മയകരവുമായ ഭാവാവിഷ്‌ക്കാര മികവെന്ന് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തി. ഇതോടെ പുരസ്‌കാരനേട്ടത്തിൽ മമ്മൂട്ടി മോഹൻലാലിനൊപ്പമെത്തി. ഇരുവർക്കും ആറ് തവണയാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്
'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി പുരസ്‌കാരം നേടിയപ്പോള്‍ 'രേഖ'യിലെ പ്രകടനം വിന്‍സി അലോഷ്യസിനെ മികച്ച നടിയാക്കി. ഏഴ് പുരസ്‌കാരങ്ങളുമായി 'ന്നാ താന്‍ കേസ് കൊട്' ഇത്തവണ മികച്ചു നിന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച നടനുള്ള പ്രത്യേക ജ്യൂറി പുരസ്‌കാരവും ഇതില്‍ ഉള്‍പ്പെടും. ചിത്രത്തിന്‌റെ സംവിധായകന്‍ കൂടിയായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.
അഭിനയത്തിനുള്ള പ്രത്യേക ജ്യൂറി പുരസ്‌കാരം കുഞ്ചാക്കോ ബോബനും (ന്നാ താന്‍ കേസ് കൊട്) അലന്‍സിയറും (അപ്പന്‍ ) പങ്കിട്ടു. ജിജോ ആന്റണി സംവിധാനം ചെയ്ത 'അടിത്തട്ട്' മികച്ച രണ്ടാമത്തെ ചിത്രമായി. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പി പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവനടനും 'സൗദി വെള്ളക്ക'യിലെ അഭിനയത്തിന് ദേവി വര്‍മ്മ മികച്ച സ്വഭാവ നടി പുരസ്‌കാരത്തിനും അര്‍ഹരായി. 'പല്ലൊട്ടി 90'sകിഡ്‌സി'ലെ അഭിനയത്തിന് മാസ്റ്റര്‍ ഡാവിഞ്ചിയും 'വഴക്കി'ലെ അഭിനയത്തിന് തന്മയ സോളുമാണ് ഇത്തവണത്തെ മികച്ച ബാലതാരങ്ങള്‍.