കാതലും മാത്യു ദേവസിയും സമൂഹത്തോട് സംവദിക്കാൻ തുടങ്ങിയതോടെ മുൻപ് പലരും ചെയ്ത ക്വിയർ കഥാപാത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ച. ഇതിനിടെ മോഹൻലാൽ ഈ സീനൊക്കെ പണ്ടേ വിട്ടതാണ് എന്ന തരത്തിൽ അള്ളാപ്പിച്ചാ മൊല്ലാക്കയും ചർച്ചകളിൽ ഇടം നേടുന്നുണ്ട്
ആരാണ് മോഹൻലാൽ അവതരിപ്പിച്ച അള്ളാപ്പിച്ച മൊല്ലാക്ക
ഒ വി വിജയന്റെ ഇതിഹാസ നോവൽ ഖസാക്കിന്റെ ഇതിഹാസത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അള്ളാപ്പിച്ച മൊല്ലാക്ക. ചിറ്റമ്മയുമായുള്ള അവിഹിതബന്ധത്തിന്റെ പാപഭാരവുമായി ഖസാക്കിലെത്തുന്ന ഏകാധ്യാപക വിദ്യാലത്തിലെ രവിയാണ് നോവലിലെ കേന്ദ്ര കഥാപാത്രമെങ്കിലും, ഇതിഹാസ പാഠം രൂപപ്പെടുന്നത് അള്ളാപ്പിച്ച മൊല്ലാക്ക എന്ന പുരോഹിതനിലൂടെയാണ്. മകൾ മൈമുനയ്ക്ക് പതിനാറ് തികയുമ്പോഴാണ് മൊല്ലാക്ക ചെതലിയുടെ അടിവാരത്തിൽ നൈജാമലിയെ കണ്ടുമുട്ടുന്നത്. നൈജാമലിക്ക് മൊല്ലാക്കയോടും മൊല്ലക്കയ്ക്ക് നൈജാമലിയോടും ഒരു ആകർഷണം തോന്നുന്നുണ്ട് അവിടെ. തുടർന്ന് നൈജാമലിയെ മൊല്ലാക്ക വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നു. അവിടെ മകൾ മൈമുനയുമായി നൈജാമലി പ്രണയത്തിലായി. നൈജാമലിയോട് മൊല്ലാക്കയ്ക്ക് തോന്നിയ ഇഷ്ടം മൈമുനയുടെ പ്രണയത്തിൽ വില്ലനായി. പ്രായമേറിയ രണ്ടാംകെട്ടുകാരന് മകളെ വിവാഹം ചെയ്തു നൽകുന്നു മൊല്ലാക്ക. തുടർന്ന് നാടുവിടുന്ന നൈജാമലി വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി മൊല്ലാക്കയെ നേരിടുന്നു.
ഈ കഥാ സന്ദർഭത്തിലെ മൊല്ലാക്കയാണ് മോഹൻലാൽ. അതുപക്ഷേ സിനിമയല്ല. മലയാള നോവൽ സാഹിത്യത്തിലെ 10 അനശ്വര കഥാപാത്രങ്ങളെ മോഹൻലാൽ അവതരിപ്പിച്ച കഥയാട്ടമെന്ന കലാസംരംഭത്തിലെ ഒരു കഥാപാത്രമാണ്. 2003 ൽ മലയാള സാഹിത്യത്തിന്റെ നൂറാം വർഷത്തിൽ മലയാള ഭാഷയുടെ വീണ്ടെടുപ്പിനായി മലയാള മനോരമ നടത്തിയ എന്റെ മലയാളം എന്ന പദ്ധതിയുടെ ഭാഗമായിരുന്നു കഥയാട്ടം.
ഏതാണ്ട് 5 മിനിറ്റിൽ താഴെ മാത്രമായിരുന്നു ഇതിന്റെ ദൈർഘ്യം. മൊല്ലക്കയെ നേരിടാനൊരുങ്ങി മടങ്ങിയെത്തുന്ന നൈജാമലിയിൽ തുടങ്ങി പതിയെ ഫ്ളാഷ് ബാക്കിലേക്ക് പോകുന്നതാണ് കഥാസന്ദർഭം. സ്റ്റേജും മുമ്പ് ചിത്രീകരിച്ചുവെച്ച ദൃശ്യങ്ങളും ഒരുപോലെ ഉപയോഗപ്പെടുത്തിയായിരുന്നു കഥയാട്ടം അവതരിപ്പിച്ചിരുന്നത്.
മൂന്നോ നാലോ രംഗങ്ങളിൽ കൂടി മാത്രമാണ് നൈജാമലി മൊല്ലാക്ക ബന്ധം പറയുന്നത്. ടി കെ രാജീവ് കുമാറായിരുന്നു കഥയാട്ടത്തിന്റെ സംവിധാനം. കഥയാട്ടത്തിലെ എട്ടാമത്തെ കഥാപാത്രമായിരുന്നു അള്ളാപിച്ച മൊല്ലാക്ക കഥയാട്ടം 8 ന്റെ തുടക്കത്തിൽ ഈ കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇപ്രകാരമാണ്. 'മോഹൻലാൽ എന്ന ഞാൻ പോലും എനിക്ക് വിസ്മയമാണ്. അഭിനയത്തിന്റെ കാൽനൂറ്റാണ്ടിൽ 100 വർഷത്തെ മലയാള സാഹിത്യത്തിന് എന്റെ ഭാഷയുടെ ജീവനുള്ള, ഞാൻ അണിയാത്ത ചമയങ്ങൾ എന്നെ കാത്തിരിക്കുന്നു....'
ഈ മൊല്ലക്കയ്ക്ക് പക്ഷേ കാതലുമായി താരതമ്യം ഉണ്ടോ ? സാമൂഹികവ്യവസ്ഥിതിയിൽ ഇരു ചിത്രങ്ങളുടേയും ഇടപെടൽ ഒരുപോലെയാണോ? അതിനുത്തരം നൽകേണ്ടത് പ്രേക്ഷകരാണ്