നാല്പത് വർഷങ്ങൾ കൊണ്ട് മുന്നൂറ്റിയമ്പതിലധികം കഥാപാത്രങ്ങൾ, വില്ലനായി തുടങ്ങി, സഹനടനും കൊമേഡിയനും നായകനുമായി മാറിയ നടൻ. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗങ്ങളിൽ ഒന്നാണ് മോഹൻലാൽ. എന്നു മുതലാണ് മോഹൻലാൽ മലയാളികളുടെ പ്രിയനടനായി മാറിയത് എന്ന് ആലോചിച്ചിട്ടുണ്ടോ.
വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 1978 സെപ്തംബർ 3. അന്നാണ് തിരനോട്ടം എന്ന ചിത്രം വെള്ളിത്തിരയിൽ എത്തിയത്. സിനിമ സ്വപ്നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ആ സിനിമ പക്ഷെ ഒരു തീയേറ്ററിൽ മാത്രമാണ് റിലീസ് ആയത്. പിന്നീട് രണ്ട് വർഷങ്ങൾ കഴിഞ്ഞാണ് മോഹൻലാൽ എന്ന നടൻ മലയാളികൾക്ക് മുന്നിൽ എത്തിയത്.
ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ. മലയാളി അതുവരെ കണ്ട് ശീലിച്ച വില്ലൻമാരിൽ നിന്ന് വ്യത്യസ്തമായി ഒരൽപ്പം സ്ത്രൈണതയോടെ അതിലേറെ ക്രൂരതയോടെ അയാൾ വെള്ളിത്തിരയിലെ ആദ്യ ഡയലോഗ് പറഞ്ഞു 'ഗുഡ് ഈവനിംങ് മിസിസ് പ്രഭാ നരേന്ദ്രൻ'.... അവിടെ നിന്ന് അങ്ങോട്ട് മോഹൻലാൽ എന്ന നടന്റെ തടസമില്ലാത്ത ഒഴുക്കായിരുന്നു മലയാളി കണ്ടത്.
ആദ്യ ചിത്രത്തിലെ വില്ലൻ റോളുകൾ പിന്നീട് മോഹൻലാലിന് നിരവധി വില്ലൻ വേഷങ്ങളിലേക്കുള്ള ക്ഷണമായിരുന്നു. അതിന് ഒരു അറുതി വരുത്തിയത് ആദ്യ സിനിമയുടെ സംവിധായകൻ ആയ ഫാസിൽ തന്നെയായിരുന്നു. 1983 ഒക്ടോബറിൽ പുറത്തിറങ്ങിയ എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ അലക്സ് ഒരേസമയം വേദനയും ദേഷ്യവും പ്രേക്ഷകനുണ്ടാക്കി. മോഹൻലാൽ എന്ന നടനോട് വില്ലൻ പരിവേഷത്തിന് അപ്പുറത്ത് കുടുംബ പ്രേക്ഷകർക്ക് അടുപ്പം തുടങ്ങിയത് ഈ ചിത്രത്തിലൂടെയായിരുന്നു. അതേവർഷം എം മണി സംവിധാനം ചെയ്ത എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെ മോഹൻലാൽ നായകനായി എത്തി.
1984 നടൻ എന്ന നിലയിൽ ഒരേസമയം തിളങ്ങാനും വെല്ലുവിളികൾ ഉയർത്തുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും മോഹൻലാലിന് സാധിച്ചു. ആ വർഷം എംടി തിരക്കഥ എഴുതിയ മൂന്ന് ചിത്രങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചത്. മൂന്നും നടനെന്ന നിലയിൽ മോഹൻലാലിന്റെ കരിയറിലെ നിർണായകമായ ചിത്രങ്ങളായിരുന്നു. ഉയരങ്ങളിൽ എന്ന ചിത്രത്തിൽ ആന്റി ഹീറോ ആയ ജയകൃഷ്ണനായി തിളങ്ങിയപ്പോൾ ആൾകൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിൽ നായകനായ മമ്മൂട്ടിയുടെ അടുത്ത കൂട്ടുകാരനായ പ്രണയത്തിന് വേണ്ടി നിലകൊണ്ട അനിൽ കുമാറായി. അതേവർഷം മമ്മൂട്ടിക്ക് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടികൊടുത്ത അടിയൊഴുക്കുകൾ എന്ന ചിത്രത്തിലും മോഹൻലാൽ എത്തി. ഇതേവർഷം തന്നെയാണ് ഉറ്റ സുഹൃത്ത് പ്രിയദർശന്റെ ആദ്യ ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചത്.
അതുവരെ കോമഡി ചെയ്യാൻ പ്രത്യേകം നടന്മാരെ ഉപയോഗപ്പെടുത്തിയിരുന്ന മലയാള സിനിമയിൽ അനായാസമായി നായകന്മാരെ കൊണ്ട് കൂടി കോമഡി ചെയ്യുപ്പിക്കുന്ന പതിവിലേക്ക് പ്രിയദർശൻ മലയാള സിനിമയെ കൊണ്ടുപോയി. ഈ പ്രിയദർശൻ ചിത്രങ്ങളിലൂടെ മോഹൻലാലും പ്രേക്ഷകരെ ചിരിപ്പിച്ചു.
1986 ആണ് മോഹൻലാൽ എന്ന നടന്റെ കരിയർ തന്നെ മാറ്റി മറിച്ച വർഷം. ആ വർഷം 35 സിനിമകളാണ് മോഹൻലാലിന്റെതായി തിയേറ്ററുകളിൽ എത്തിയത്. അതിലുടെ കുടുംബ പ്രേക്ഷകരിലും യുവാക്കൾക്കിടയിലും മോഹൻലാൽ തന്റെ ഇടം ഉണ്ടാക്കിയെടുത്തു. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ സൂപ്പർ താരപദവിയിലേക്ക് കുതിച്ചു. അതേവർഷം തന്നെ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെ കേരളത്തിലെ അക്കാലത്തെ ചെറുപ്പക്കാരുടെ പ്രതിനിധിയായി മോഹൻലാൽ മാറി. ആ ചിത്രം മോഹൻലാലിന് മികച്ച നടനുള്ള പുരസ്‌കാരവും നേടികൊടുത്തു.
പിന്നീട് അങ്ങോട്ട് ഉള്ള വർഷങ്ങളിൽ സാധാരണക്കാരനായും അധോലോക നായകനായും കൃഷിക്കാരനായും പോലീസുകാരനായും കോളെജ് വിദ്യാർത്ഥിയായും 80 വയസുകാരനായുമെല്ലാം മോഹൻലാൽ എത്തി. സ്വാഭാവികതയോടെ അതേസമയം അസാധാരണമായുള്ള അഭിനയപാടവത്തോടെ വെള്ളിത്തിരയിൽ മോഹൻലാൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വെള്ളിത്തിരയിൽ ചിരി പടർത്തിയും പ്രേക്ഷകരിൽ ആവേശം പടർത്തിയും അയാൾ അഭിനയിച്ചു. അഹത്തിലെ മാനസികരോഗിയായും മണിച്ചിത്രത്താഴിലെ മനശാസ്ത്രഞ്ജനായും അയാൾ അഭിനയിച്ചു. കീരിടത്തിൽ ജീവിതം തകർന്ന് ഗുണ്ടയായി മാറിയ സേതുമാധവനായും സദയത്തിലെ സത്യനാഥനായും കരയിപ്പിച്ച ലാൽ കിലുക്കത്തിലെ ജോജിയായും ചിത്രത്തിലെ വിഷ്ണുവായും ചിരിപ്പിച്ചു. അതേലാൽ തന്നെ നാടുവാഴികളിലെ അർജുനായും മുന്നാമുറയിലെ അലി ഇമ്രാനായും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു.
മിന്നാരത്തിലെ ബോബിയിൽ നിന്ന് സ്ഫടികത്തിലെ തോമയും അവിടെ നിന്ന് നിർണയത്തിലെ ഡോക്ടർ റോയി മാത്യുവാകാനും മോഹന്ലാൽ രൂപത്തിൽ വലിയമാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാൽ മൂന്നും മൂന്ന് ധ്രുവത്തിൽ നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു.
തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ അയാൾ വാനപ്രസ്തത്തിലെ കുഞ്ഞികുട്ടൻ തമ്പുരാനായും ആറാം തമ്പുരാനിലെ ജഗനാഥനായും എത്തി. നരസിംഹവും താണ്ഡവുമെല്ലാമായി ആണത്ത സിനിമകൾ ചെയ്തിരുന്നപ്പോൾ തന്നെ ഇരുവറും ഗുരുവും ചെയ്തു.
കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി എന്ത് തയ്യാറെടുപ്പുകളാണ് ചെയ്യാറുള്ളതെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ലെന്നാണ് മോഹൻലാൽ പറയാറുള്ളത്. തന്മാത്രയിലെ അൾഷിമേഴ്സ് രോഗിയും പ്രണയത്തിലെ സ്ട്രാക് വന്ന മാത്യൂസുമെല്ലാം ആ നടനിൽ നിന്ന് വന്ന അത്ഭുതങ്ങളാണ്. മോഹൻലാൽ സിനിമകൾ കാണുമ്പോൾ ഇതിത്ര സിമ്പിൾ അല്ലെ ഇതിൽ എന്താണ് വലിയ അഭിനയമെന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. പക്ഷെ അതേകഥാപാത്രവും അതേസിറ്റുവേഷനും മറ്റൊരാൾ അഭിനയിക്കുമ്പോളാണ് മോഹൻലാൽ എന്ന നടന മാന്ത്രികന്റെ കഴിവ് നമുക്ക് മനസിലാവുക.
മലയാള സിനിമയെ പുതിയമേച്ചിൽ പുറങ്ങളിലേക്ക് നയിച്ചതിൽ മോഹൻലാൽ സിനിമകളുടെ പങ്ക് വലുതാണ്. ദൃശ്യത്തിലൂടെ 50 കോടിയും പുലിമുരുകനിലൂടെ 100 കോടിയും മലയാളത്തിനും നേടാൻ കഴിയുമെന്ന് മോഹൻലാൽ കാണിച്ചുതന്നു. മോഹൻലാലിനോളം ബോഡി ഷേമിങ് നേരിട്ട മറ്റൊരു താരം മലയാളത്തിൽ ഇല്ല. എന്നിട്ടും ഈ അറുപത്തി നാലാം വയസിലും അയാളോളം ഫ്ളക്സിബിളായി ആക്ഷൻ സീനുകൾ ചെയ്യുന്ന താരങ്ങൾ മലയാളത്തിൽ അപൂർവമാണ്.
കഴിഞ്ഞ ഏതാനും സിനിമകൾ മോഹൻലാലിന് നേടികൊടുത്ത വിമർശനങ്ങൾ ചെറുതല്ല. സിനിമകളുടെ തിരഞ്ഞെടുപ്പുകളിൽ പറ്റിയ പാളിച്ചകൾ വലുതായിരുന്നു. അപ്പോഴും സംവിധായകരിൽ വിശ്വാസമർപ്പിച്ച് സിനിമക്കായി അയാൾ കാണിച്ച ആത്മാർത്ഥത ആർക്കും തള്ളികളയാൻ സാധിക്കില്ല. ഒടിയനിലെ ശാരീരിക മാറ്റങ്ങളും വാലിബനിലെ ഫയൽവാനുമെല്ലാം ഇതിന് ഉദാഹരണമാണ്. കോവിഡ് കാലത്ത് തന്റെ സഹപ്രവർത്തകർക്ക് വേണ്ടി ഇൻട്രസ്ട്രിയെ പിടിച്ചുനിർത്താൻ സിനിമകൾ ചെയ്യാൻ തയ്യാറായ മോഹൻലാലിനെ തള്ളികളയാനും സാധിക്കില്ല.
മോഹൻലാൽ തിരിച്ചുവരുമോ എന്ന ചോദ്യം നേരിടാത്ത ഒരു ആരാധകനും സോഷ്യൽ മീഡിയയിൽ ഉണ്ടാവില്ല. പക്ഷെ വിമർശനങ്ങൾക്കിടയിലും നല്ല കഥയും സംവിധായകരുമുണ്ടെങ്കിൽ അയാൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അനായാസമായി സാധിക്കുമെന്ന് ഉറപ്പാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ നേര് ഇതിന് ഉദാഹരമായിരുന്നു.
സ്‌ക്രീനിൽ ആൾകൂട്ടത്തിനിടയിലൂടെ ദൂരേക്ക് നടന്നുപോകുന്ന അഡ്വക്കേറ്റ് വിജയകൃഷ്ണൻ. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം തീയേറ്ററിൽ നിന്ന് ഉയർന്ന കൈയ്യടികൾ. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് സിനിമയുടെ അവസാനം ഇങ്ങനെയായിരുന്നു. അതേ അത് മതി മോഹൻലാലിന്. കരിയറിന്റെ നാൽപത് വർഷം പിന്നിടുമ്പോൾ സംവിധായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് മോഹൻലാൽ. സംവിധാനം മോഹൻലാൽ എന്ന ഈ വർഷം വെള്ളിത്തിരയിൽ തെളിയും.
64 വയസ് തികയുമ്പോളും സിനിമയും ടെലിവിഷൻ ഷോയും സ്റ്റേജ് ഷോകളും പാട്ടും നൃത്തവും അഭിനയവുമെല്ലാമായി അയാൾ ഓടി നടക്കുകയാണ്. വിമർശനങ്ങളെയും കളിയാക്കലുകളെയും നേട്ടങ്ങളെയും കോട്ടങ്ങളെയും ഒന്നുവകവെയ്ക്കാതെ അയാൾ അയാൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടെ ഇരിക്കുന്നു. ഇനിയും അയാൾക്ക് വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കട്ടെ അതുകണ്ട് മലയാളികൾക്ക് അഭിമാനിക്കാൻ സാധിക്കട്ടെ. ഇന്ത്യൻ സിനിമയുടെ മോഹൻലാലിന് മലയാളികളുടെ പ്രിയ ലാലേട്ടന് ജന്മദിനാശംസകൾ.