പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂളിൽ അഭിനയിക്കാൻ മോഹൻലാൽ എത്തി. യുകെയിലും ചെന്നൈയിലുമുള്ള ഷെഡ്യൂളുകൾ അവസാനിച്ചതിനു ശേഷമാണ് ഇപ്പോൾ ഗുജറാത്തിൽ അടുത്ത ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നത്.
തൊട്ടുമുമ്പത്തെ ഷെഡ്യൂൾ അവസാനിച്ച് ഒരു ഇടവേളയ്ക്കു ശേഷമാണ് ഇപ്പോൾ മോഹലാൽ അടുത്ത ഷെഡ്യൂളിൽ ചേരുന്നത്. തന്റെ കരിയറിലെ 360-ാമത്തെ ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 എന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് ഇപ്പോൾ മോഹൻലാൽ ഈ ചിത്രത്തിൽ ചേരുന്നത്.
2019ൽ പുറത്തിറങ്ങിയ ലൂസിഫർ മലയാളത്തിലെ അതുവരെയുള്ള റെക്കോർഡുകൾ തകർത്തുകൊണ്ട് വിജയിക്കുകയായിരുന്നു. സിനിമയിറങ്ങുമ്പോൾ തന്നെ രണ്ടാംഭാഗവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അന്ന് മുതൽ പ്രേക്ഷകർ എമ്പുരാനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ലൂസിഫറിന്റെ തിരക്കഥാകൃത് മുരളി ഗോപി പാടിയ "എമ്പുരാനേ.." എന്ന് തുടങ്ങുന്ന പാട്ടും പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചു.
ജൂലൈ അവസാനത്തോടെ ഈ ഷെഡ്യൂൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഗുജറാത്തിൽ ഷൂട്ട് ചെയ്യുന്ന ഭാഗത്തിലാണ് മോഹൻലാലും ടോവിനോയും ഒരുമിച്ചുവരുന്ന കോമ്പിനേഷൻ സീനുകൾ. ലൂസിഫറിലും ടോവിനോ ഉണ്ടായിരുന്നെങ്കിലും രണ്ടുപേർക്കും ഒരുമിച്ച് സീനുകൾ ഇല്ലായിരുന്നു. എന്നാൽ എമ്പുരാനിൽ ടോവിനോ ചെയ്യുന്ന ജതിൻ രാംദാസും മോഹൻലാൽ ചെയ്യുന്ന സ്റ്റീഫൻ നെടുമ്പള്ളിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ പ്രേക്ഷകരെ ആവേശം കൊള്ളിക്കുമെന്ന് ഉറപ്പാണ്.
ആഴ്ചകൾ മുമ്പുതന്നെ ഗുജറാത്തിൽ ഷൂട്ടിങ് ആരംഭിച്ചിരുന്നു സിനിമയുടെ ഏറ്റവും നിർണായക ഭാഗങ്ങൾ ഗുജറാത്തിലായിരിക്കുമെന്നാണ് കരുതുന്നത്. പുറത്തു വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൃഥ്വിരാജിന്റെ കഥാപത്രമായ സയ്ദ് മസൂദിന്റെ ചെറുപ്പകാലം ഷൂട്ട് ചെയ്തു കഴിഞ്ഞു. സലാറിൽ അഭിനയിച്ച കാർത്തികേയ ദേവാണ് പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്. സയ്ദ് മസൂദും ടൊവിനോ തോമസ് ചെയ്യുന്ന ജതിൻ രാംദാസും ഇത്തവണ കൂടുതൽ സമയം സ്‌ക്രീനിൽ ഒരുമിച്ചുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിച്ചതുപോലെ തന്നെയാണ് പോകുന്നതെങ്കിൽ എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂർത്തിയാക്കാനാകും എന്നാണ് കരുതുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അപ്പോൾതന്നെ ആരംഭിക്കുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം. എല്ലാം കണക്കുകൂട്ടിയതുപോലെ നടക്കുകയാണെങ്കിൽ 2025ന്റെ ആദ്യപകുതിയിൽ സിനിമ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ് എന്നിവരെ കൂടാതെ മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങി വൻ താരനിരയാണ് എമ്പുരാനിൽ അണിനിരക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2023 ഒക്ടോബർ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിർവാദ് സിനിമാസും തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.