ENTERTAINMENT

അൻജന ഫിലിപ്പും വി എ ശ്രീകുമാറും നിര്‍മാണ രം​ഗത്തേക്ക്: അൻജന ടാക്കീസ് - വാർസ് ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മിന്നൽ മുരളി, ആർഡിഎക്സ് എന്നീ വിജയ ചിത്രങ്ങളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സംവിധായകൻ വി എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമ്മാണത്തിലേയ്ക്ക് കടക്കുന്നു. സംയുക്ത സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ.

'സാഹിത്യം, നടന്ന സംഭവങ്ങൾ- എന്നീ സ്രോതസ്സുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. നല്ല കഥകൾ കണ്ടെത്തുവാനായി എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബസമേതം ഞങ്ങൾക്കുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക'- അൻജന ഫിലിപ്പ് പറഞ്ഞു.

'ഭാഷയുടെ അതിരുകൾ ഇന്ന് സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിച്ച കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്'- വി.എ ശ്രീകുമാർ പറഞ്ഞു.

നോവലിസ്റ്റും കഥാകൃത്തും ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ്.ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിൾവി,ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐടിസി, ടിവിസി, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം രണ്ടു പേർ 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്നു. മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം