ENTERTAINMENT

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

എന്റർടെയ്ൻമെന്റ് ഡെസ്ക്

അന്തരിച്ച മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികളുമായി സിനിമ ലോകം. ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍ എന്നു തുടങ്ങുന്നതാണ് മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പ്. കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ജീവിക്കുക തന്നെയായിരുന്നു.

ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും എന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മോഹന്‍ലാലിന്റെ പോസ്റ്റ് പൂര്‍ണ രൂപം

അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍.

പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്‌നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്‍, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍. മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന 'ഹിസ് ഹൈനസ് അബ്ദുള്ള' യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും..

അന്‍പതോളം സിനിമകളിലാണ് കവിയൂര്‍ പൊന്നമ്മ മോഹന്‍ലാലിന്റെ അമ്മയായി വേഷമിട്ടത്. ഇതിന് പുറമെ നിരവധി വേദികളിലും ഇരുവരും തമ്മിലുള്ള അടുപ്പം പ്രകടമാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നു. കവിയൂര്‍ പൊന്നമ്മയില്‍ നിന്നും ചുംബനം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവച്ചാണ് നടന്‍ മമ്മുട്ടി താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.

മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രേക്ഷകമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ കവിയൂര്‍ പൊന്നമ്മ അവിസ്മരണീയയായിരിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീരും അനുസ്മരിച്ചു.

സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖം. അതായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു. വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകര്‍ ആ കലാകാരിക്ക് നല്‍കിയതെന്നും അനുസ്മരണ കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം

മകന് വിഷം വാരിക്കൊടുത്ത ദേവൂട്ടി, മരിച്ച മകനെയോര്‍ത്ത് ചങ്ങലയില്‍ക്കിടന്ന ഭാഗീരഥി; പൊന്നമ്മയെ അനശ്വരയാക്കുന്ന കവിയൂര്‍ അമ്മഭാവങ്ങള്‍